‘മോന്ത ചുഴലിക്കാറ്റ്’ കേരളത്തെ ബാധിക്കുമോ? ഭീഷണി ആര്‍ക്ക്?

0
29

അതിതീവ്ര ന്യൂനമർദം ശക്തി പ്രാപിച്ചതോടെയാണ് ചുഴലിക്കാറ്റായി മാറിയത്. മോന്ത ചുഴലിക്കാറ്റ് രൂപപ്പെടുകയും ഇന്നലെ (ഒക്‌ടോബർ 26) രാത്രി 11.30 ഓടെ അതി തീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയും ചെയ്‌തു.

ബംഗാൾ ഉൾക്കടലിൽ മോന്ത (mon- tha) ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ ഏതെല്ലാം സംസ്ഥാനങ്ങളെ ഇത് സാരമായി ബാധിക്കുമെന്നതില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ ചുഴലിക്കാറ്റ് നാളെ (ഒക്‌ടോബര്‍ 28) തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്.

എന്നാല്‍ കേരളത്തെ ഇത് നേരിട്ട് ബാധിക്കില്ലെന്നും വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അതിതീവ്ര ന്യൂനമർദം ശക്തി പ്രാപിച്ചതോടെയാണ് ചുഴലിക്കാറ്റായി മാറിയത്. മോന്ത ചുഴലിക്കാറ്റ് രൂപപ്പെടുകയും ഇന്നലെ (ഒക്‌ടോബർ 26) രാത്രി 11.30 ഓടെ അതി തീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയും ചെയ്‌തു.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ് പ്രകാരം, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും രൂപംകൊണ്ട അതി തീവ്രന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി.

രൂപപ്പെട്ടത് ഇവിടെ

തെക്ക് പടിഞ്ഞാറും അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും, അക്ഷാംശം 11.6°N & രേഖാംശം 85.9°E നോട് അടുത്തും, ചെന്നൈയിൽ (തമിഴ്‌നാട്) നിന്ന് ഏകദേശം 640 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്ക്, കാക്കിനാഡ (ആന്ധ്രാപ്രദേശ്) യിൽ നിന്ന് 710 കിലോമീറ്റർ തെക്കുകിഴക്ക്, പോർട്ട് ബ്ലെയറിന് (ആന്ധമാൻ & നിക്കോബാർ ദ്വീപുകൾ) 740 കിലോമീറ്റർ പടിഞ്ഞാറ്, വിശാഖപട്ടണത്തിന് (ആന്ധ്രാപ്രദേശ്) 740 കിലോമീറ്റർ തെക്ക്-തെക്കുകിഴക്ക്, ഗോപാൽപൂരിന് (ഒഡീഷ) തെക്ക് 860 കിലോമീറ്റർ ദൂരത്തിലുമാണ് ഇത് രൂപപ്പെട്ടത്.

മോന്ത കര തൊടും, ഭീഷണി ആർക്ക്?

നാളെ(ഒക്ടോബർ 28) മോന്ത ചുഴലിക്കാറ്റ് അതിശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ തീരം തൊടുമെന്നാണ് പ്രതീക്ഷ. ശക്തമായ കാറ്റോടുകൂടി മഴയ്‌ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒഡിഷ, ആന്ധ്ര തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുപ്പിച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ചുഴലിക്കാറ്റ് കൊടുങ്കാറ്റായി മാറുമെന്നും അധികൃതർ അറിയിച്ചു. ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും സുരക്ഷ നിർദേശങ്ങൾ പാലിക്കാനും ആന്ധ്രപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എപിഎസ്ഡിഎംഎ) മാനേജിങ് ഡയറക്‌ടർ പ്രഖർ ജെയിൻ പറഞ്ഞു.

സംസ്ഥാനത്തെ കാക്കിനാഡ, കോണസീമ, പശ്ചിമ ഗോദാവരി, കൃഷ്‌ണ, ബപട്‌ല, പ്രകാശം, നെല്ലൂ തുടങ്ങിയ നിരവധി ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീകാകുളം, വിജയനഗരം, പാർവതിപുരം മന്യം, അല്ലൂരി സീതാരാമരാജു, വിശാഖപട്ടണം, അനകപ്പള്ളി ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒഡിഷ, ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടും തീര പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.

ഒഡീഷ തീരത്തു നിന്ന് നിലവിൽ 900 കിലോമീറ്റർ അകലെയാണ് ന്യൂനമർദമുള്ളത്. നാളെ മുതൽ ആന്ധ്രയിലെ റായലസീമ പ്രദേശത്തും തീരദേശത്തും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒക്ടോബർ 28ന് വൈകുന്നേരമോ രാത്രിയോ ആന്ധ്രയുടെ തീരപ്രദേശമായ കാക്കിനടയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കരുതുന്നത്. ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിൽ പൊതുവെ മഴ കുറഞ്ഞെങ്കിലും ഇന്ന് (ഒക്‌ടോബർ 27) മുതൽ വീണ്ടും മഴ സജീവമായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here