തിരുവനന്തപുരം: കേരളത്തിൽ അടുത്ത രണ്ട് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധയിടങ്ങളില്‍ മഴയ്‌ക്കും അതോടൊപ്പം ശക്തമായ കാറ്റിനും സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ഒഡിഷ, പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്.
അടുത്ത ദിവസത്തിനുള്ളിൽ വടക്കൻ ഒഡിഷയ്ക്കും പശ്ചിമബംഗാളിലെ ഗംഗാ സമതലങ്ങൾക്കും കുറുകെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് ന്യൂനമർദം സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇതിനാലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ജൂലൈ 20 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ ഉള്ളവരും തീരദേശ നിവാസികളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാകുന്ന ജാഗ്രതാ നിർദേശം കൃത്യമായി പാലിച്ച് മാത്രമെ കടലിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളൂ.
കേരളത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിൽ പ്രാദേശിക വെള്ളപ്പൊക്കത്തിന് കാരണമാകുന്ന അല്ലെങ്കിൽ താഴ്ന്ന പ്രദേശങ്ങളിൽ പെട്ടെന്ന് വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. വൈദ്യുതി തടസപ്പെടുത്തുന്ന കാറ്റിനും മഴയ്‌ക്കും ഉയർന്ന സാധ്യതയുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കാനും സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കുന്നതിനും ഈ അലർട്ട് സൂചിപ്പിക്കുന്നു.
കേരളത്തിൽ ജൂലൈ 15 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവാസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.








