മാലിന്യത്തിൽ നിന്നും നഗരത്തെ ശുചിത്വപൂർണമായി കാത്തുവെക്കുന്ന മനുഷ്യർ അങ്ങനെ ചരിത്രത്തിലാദ്യമായി റാമ്പ് വാക്കുമായെത്തി. കേരളത്തനിമയാർന്ന വേഷത്തിലും ഇന്ത്യൻ സംസ്കാരം പ്രകടമാക്കുന്ന വസ്ത്രങ്ങളണിഞ്ഞും റാമ്പിൽ ആവേശം തീർക്കുകയായിരുന്നു അവർ.
നഗരം കാക്കുന്നവർ റാമ്പിൽ താരങ്ങളായി മാറുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം കോഴിക്കോട് സാക്ഷ്യം വഹിച്ചത്. ഹരിതകർമ സേനാ അംഗങ്ങളുടെ സംഗമത്തിന്‍റെ ഭാഗമായി നടന്ന റാമ്പ് വാക്ക് അക്ഷരാര്‍ഥത്തില്‍ കാണികള്‍ക്ക് വർണക്കാഴ്ചയായി മാറി. ഖരമാലിന്യത്തൊഴിലാളികൾക്കുവേണ്ടി ജൂബിലി ഹാളിൽ നടന്ന പരിപാടി കോഴിക്കോട് കോർപ്പറേഷനാണ് സംഘടിപ്പിച്ചത്. കോർപ്പറേഷൻ പരിധിയിലെ ഹരിത കർമസേനാ സംഗമത്തിന്‍റെ ഭാഗമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. അതിൽ ഏറെ ആകർഷണീയമായത് 36 ഹരിതകർമ്മസേനാ അംഗങ്ങളുടെ റാമ്പ് വാക്ക് ആയിരുന്നു.
മാലിന്യത്തിൽ നിന്നും നഗരത്തെ ശുചിത്വപൂർണമായി കാത്തുവെക്കുന്ന മനുഷ്യർ അങ്ങനെ ചരിത്രത്തിലാദ്യമായി റാമ്പ് വാക്കുമായെത്തി. കേരളത്തനിമയാർന്ന വേഷത്തിലും ഇന്ത്യൻ സംസ്കാരം പ്രകടമാക്കുന്ന വസ്ത്രങ്ങളണിഞ്ഞും റാമ്പിൽ ആവേശം തീർക്കുകയായിരുന്നു അവർ. ആദ്യമായി വേദിയിലെത്തുന്ന ആശങ്ക ആർക്കുമുണ്ടായിരുന്നില്ല. പ്രായ വ്യത്യാസമില്ലാതെ ആത്മവിശ്വാസത്തിന്‍റെ ചിറകിലേറിയായിരുന്നു ഓരോ ചുവടും.
ഹോളിക്രോസ് കോളജിലെ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് വിഭാഗത്തിലെ അധ്യാപകരും അമ്പതോളം വിദ്യാർത്ഥികളുമാണ് ഹരിത കർമസേന അംഗങ്ങളെ മത്സരത്തിനായി ഒരുക്കിയത്. കോർപ്പറേഷനിലെ എഴുനൂറോളം ഹരിത കർമസേനാംഗങ്ങൾ വിവിധ പരിപാടികളിൽ പങ്കെടുത്തു.







