എന്‍റെ മണ്ഡലത്തിലെ ഫലം എപ്പോള്‍ അറിയാനാകും? ആദ്യം അറിയുക ഏത് മണ്ഡലങ്ങളിലെ ഫലം,

0
32

തിരുവനന്തപുരം: പോളിങ് കഴിഞ്ഞ് ജനവിധി ഇവിഎമ്മില്‍ പതിഞ്ഞു കഴിഞ്ഞു. സ്ട്രോങ് റൂമുകളില്‍ തിരിമറി നടക്കുമെന്ന ആശങ്കയില്‍ ജാഗ്രതക്കണ്ണുകളുമായി പാര്‍ട്ടികളും നേതാക്കളും സദാ ഉണര്‍ന്നിരിക്കുകയാണ് സംസ്ഥാനത്തെമ്പാടും. 27 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായാണ് കേരളത്തിലെ 140 നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കുക.

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ രാവിലെ എട്ടു മണിക്ക് ആരംഭിക്കും. സാധാരണ നിലയില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുമ്പോഴുള്ള ലീഡ് 10 മിനിറ്റിനകം തന്നെ ലഭിച്ചു തുടങ്ങും. എട്ടരയോടെ ഇവിഎമ്മില്‍ നിന്നുള്ള ലീഡ് നിലകളും വന്നുതുടങ്ങും. വലിയ തര്‍ക്കങ്ങളോ ആശയക്കുഴപ്പങ്ങളോ ഇല്ലെങ്കില്‍ പന്ത്രണ്ടു മണിയോടെ സംസ്ഥാനത്തെ ഭൂരിഭാഗം സീറ്റുകളിലേയും ജനവിധി വ്യക്തമാകും.

ഫലം എപ്പോള്‍ അറിയാം

ഓരോ വോട്ടറും ആകാംക്ഷയോടെ കാത്തിരിക്കുന്നത് തന്‍റെ മണ്ഡലത്തിലെ ഫലം എപ്പോള്‍ അറിയാനാകുമെന്നാണ്. സാധാരണ ഗതിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കില്‍ കേരളത്തില്‍ ആദ്യം അറിയാന്‍ പോകുന്ന ഫലം കോഴിക്കോട് സൗത്ത് മണ്ഡലത്തിലേതാകും. 14 ടേബിളുകളിലായി 12 റൗണ്ട് വോട്ടെണ്ണിയാല്‍ കോഴിക്കോട് സൗത്തിന്‍റെ ഫലം അറിയാം.

മുന്‍ മന്ത്രി ഐ എന്‍ എല്ലിലെ അഹമ്മദ് ദേവര്‍കോവിലും മുസ്ലീം ലീഗിലെ ഫൈസല്‍ ബാബുവും ബിജെപിയിലെ സിറ്റിങ്ങ് കൗണ്‍സിലര്‍ ടി റനീഷും ശക്തമായ പോരാട്ടം കാഴ്‌ചവച്ച മണ്ഡലമാണ് കോഴിക്കോട് സൗത്ത്. 168 പോളിങ് ബൂത്തുകളില്‍ നിന്നുള്ള ഇവിഎം കണ്‍ട്രോള്‍ യൂണിറ്റുകളില്‍ നിന്നുള്ള വോട്ട് എണ്ണുക മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലാകും.

പതിമൂന്നാം റൗണ്ട് പൂര്‍ത്തിയാകുന്നതിനകം ഫലമറിയാവുന്ന മറ്റൊരു മണ്ഡലം കണ്ണൂരാണ്.മന്ത്രി കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിയും കോണ്‍ഗ്രസിലെ മുന്‍ മേയര്‍ ടി ഒ മോഹനനും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ് കണ്ണൂരിലേത്. ആകെയുള്ള 179 ബൂത്തുകളില്‍ നിന്നുള്ള ഇവിഎമ്മുകള്‍ എണ്ണിപ്പൂര്‍ത്തിയാക്കാന്‍ 12 റൗണ്ടിനു ശേഷം ഒരല്‍പ്പം കൂടി സമയമെടുക്കും. പതിമൂന്നാമത്തെ റൗണ്ട് ഭാഗികമായി എണ്ണുമ്പോഴേക്കും കണ്ണൂരിലെ ഫലമറിയാം.

അതിനും അല്‍പ്പം മുമ്പ് പാലക്കാട് ജില്ലയിലെ ആലത്തൂരിലും തരൂരിലും വോട്ടെണ്ണല്‍ പൂര്‍ത്തിയാവും. ആലത്തൂരില്‍ 174 ബൂത്തുകളിലേയും തരൂരില്‍ 177 ബൂത്തുകളിലേയും വോട്ടുകളാണ് എണ്ണാനുള്ളത്. കോട്ടയം ജില്ലയില്‍ മന്ത്രി വി എന്‍ വാസവന്‍ മല്‍സരിക്കുന്ന ഏറ്റുമാനൂരിലെ വോട്ടെണ്ണലും 13 റൗണ്ട് പൂര്‍ത്തിയാകുന്നതിനു മുമ്പ് അവസാനിക്കും. ഇവിടെ 177 ബൂത്തുകളില്‍ നിന്നുള്ള ഇവിഎമ്മുകളിലെ വോട്ടുകളാണ് എണ്ണാനുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധര്‍മ്മടം മണ്ഡലത്തിലെ ഫലം പതിനഞ്ചാം റൗണ്ട് തുടങ്ങുമ്പോള്‍ത്തന്നെ അറിയാനാകും. ഇവിടെ 198 ബൂത്തുകളില്‍ നിന്നുള്ള വോട്ടുകളാണ് എണ്ണാനുള്ളത്. കേരളത്തില്‍ വോട്ടെണ്ണലിന് ഏറ്റവുമധികം സമയമെടുക്കാന്‍ സാധ്യതയുള്ളത് തൃപ്പൂണിത്തുറ മണ്ഡലത്തിലാണ്. ഇവിടെ 294 ബൂത്തുകളില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണണം.

ഇരുപത്തിയൊന്നാം റൗണ്ടില്‍ മാത്രമേ തൃപ്പൂണിത്തുറയില്‍ വോട്ടെണ്ണല്‍ അവസാനിക്കൂ. സമാനമായ രീതിയില്‍ വോട്ടെണ്ണല്‍ നീണ്ടു പോകാന്‍ സാധ്യതയുള്ള മണ്ഡലങ്ങളാണ് ആറന്മുളയും കോവളവും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജും യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍വര്‍ക്കിയും മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും മല്‍സരിക്കുന്ന ആറന്മുളയില്‍ ഇരുപതാം റൗണ്ടിന്‍റെ പാതിയോടെ ഫലം അറിയാനാകും. 272 ബൂത്തുകളില്‍ നിന്നുള്ള വോട്ടിങ് യന്ത്രങ്ങളാണ് ഇവിടെ എണ്ണുന്നത്. കോവളത്ത് 269 പോളിങ്ങ് സ്റ്റോഷനുകളില്‍ നിന്നുള്ള ഇവിഎമ്മുകള്‍ എണ്ണണം.

ജി സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന അമ്പലപ്പുഴയില്‍ പതിനാലാം റൗണ്ട് പൂര്‍ത്തിയാകുന്നതിന് മുമ്പ് ഫലമറിയാം. ഇവിടെ 195 പോളിങ് സ്റ്റേഷനുകളില്‍ നിന്നുള്ള വോട്ടുകളാണ് എണ്ണാനുള്ളത്. ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന നേമം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ പതിനഞ്ചും പതിനാറും റൗണ്ടുകളിലാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാവുക. കോട്ടയത്ത് പാലയിലും പൂഞ്ഞാറിലും പതിനാറാം റൗണ്ട് തീരുന്നതിനുമുമ്പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.

സിപിഎം വിട്ട വി കുഞ്ഞികൃഷ്ണന്‍ യുഡി എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന പയ്യന്നൂരില്‍ പതിനാലാം റൗണ്ട് ഭാഗികമായി എണ്ണിത്തീരുമ്പോള്‍ ഫലമറിയാം. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫും മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ കെകെ ശൈലജയും മല്‍സരിക്കുന്ന പേരാവൂരില്‍ 183 പോളിങ്ങ് സ്റ്റേഷനുകളിലെ വോട്ടെണ്ണാനുണ്ട്. ഇവിടെ പതിമൂന്ന റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ത്തന്നെ വിജയിയെ അറിയാനാകും.

കെകെ രമ മല്‍സരിക്കുന്ന വടകരയിലും പതിമൂന്നാം റൗണ്ട് കഴിഞ്ഞ് അടുത്ത റൗണ്ടിന്‍റെ തുടക്കത്തില്‍ത്തന്നെ ഫലം അറിയാനാവും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ പികെ ശ്യാമള ടീച്ചറും സിപിഎം വിട്ട ടി കെ ഗോവിന്ദനും മല്‍സരിക്കുന്ന തളിപ്പറമ്പില്‍ പതിനേഴാം റൗണ്ടു വരെ വോട്ടെണ്ണല്‍ നീളും. ഇവിടെ 233 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണാനുണ്ട്.

പ്രായോഗിക പ്രശ്നങ്ങള്‍:

പോളിങ് ബൂത്തുകളുടേയും വോട്ടെണ്ണല്‍ ക്രമത്തിന്‍റേയും രീതി ഇങ്ങിനെയൊക്കെ ആണെങ്കിലും വോട്ടെണ്ണല്‍ വൈകാന്‍ പലപ്പോഴും കാരണമാകുന്നത് മറ്റു ചില പ്രായോഗിക പ്രശ്നങ്ങളാണെന്ന് പല തെരഞ്ഞെടുപ്പുകളിലും വോട്ടെണ്ണലിന് മേല്‍ നോട്ടം വഹിച്ച മുന്‍ വരണാധികാരി കൂടി ആയിരുന്ന സിഎം ഗോപിനാഥന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ചട്ടമനുസരിച്ച് പോസ്റ്റല്‍ ബാലറ്റുകളാണ് രാവിലെ എട്ടു മണിക്ക് എണ്ണിത്തുടങ്ങേണ്ടത്. സാധാരണ ഗതിയില്‍ 15 മിനുട്ട് വരെ ഇതിന് സമയം എടുക്കും. വോട്ടെണ്ണല്‍ വൈകാതിരിക്കാന്‍ വരണാധികാരിയും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിരീക്ഷകനും സമയോചിതമായി ഇടപെട്ടാല്‍ ഒരു ടേബിളില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് സമാന്തരമായി മറ്റു വോട്ടെണ്ണല്‍ മേശകളില്‍ ഇവിഎമ്മുകള്‍ എത്തിച്ച് വോട്ടെണ്ണലിന് സജ്ജമാകാനാവും.

സ്ട്രോങ്ങ് റൂമുകള്‍ തുറന്ന് വോട്ടെണ്ണലിനുള്ള ഇവിഎമ്മുകള്‍ ടേബിളുകളിലെത്തിക്കുന്നതിനാണ് പലപ്പോഴും സമയമെടുക്കുക.ഇ വിഎമ്മുകള്‍ മേശകളിലെത്തിക്കാന്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ വേഗതയാണ് പലപ്പോഴും വോട്ടെണ്ണലിന്‍റെ ഗതി നിര്‍ണ്ണയിക്കുന്നത്. ഓരോ റൗണ്ടും കഴിഞ്ഞാല്‍ അടുത്ത ഇവിഎമ്മുകള്‍ എത്തിക്കുന്നതിനായി 5 മിനുട്ട് സമയം എടുക്കാറുണ്ട്. ഇത് നീണ്ടു പോയാല്‍ വോട്ടെണ്ണലും വൈകും. പലപ്പോഴും വളരെ മുതിര്‍ന്ന ലാസ്റ്റ് ഗ്രേഡ് ഉദ്യോഗസ്ഥരാകും ഇതിന് നിയോഗിക്കപ്പെടുക. ഇവരെ മാറ്റി ചുറുചുറുക്കുള്ള യുവാക്കളെ ഈ ജോലി ഏല്‍പ്പിക്കുന്ന കേന്ദ്രങ്ങളില്‍ വോഗത്തില്‍ വോട്ടെണ്ണല്‍ നടക്കാറുണ്ട്. സ്ട്രോങ്ങ് റൂമില്‍ നിന്ന് ഇവിഎമ്മുകള്‍ എടുക്കുന്നതിന് അങ്ങേയറ്റം സൂക്ഷ്മത ആവശ്യമുള്ളതിനാല്‍ അവിടെ അനുഭവ പരിചയമേറിയ തഹസില്‍ദാര്‍മാരോ മറ്റോ നിരീക്ഷണത്തിന് വേണം.

ഏതെങ്കിലും 5 ബൂത്തുകളില്‍ നിന്നുള്ള വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നത് സാധാരണമാണെങ്കിലും പൊതുവേ ഇവിഎമ്മിലെ വോട്ട് കണക്കും വിവിപാറ്റ് സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ടും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടാവാറില്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ചീഫ് കൗണ്ടിങ്ങ് ഏജന്‍റുമാരും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിരീക്ഷകനും വരണാധികാരിയും ഒക്കെ അഭിപ്രായ ധാരണയിലും സഹകരണത്തിലുമാണെങ്കില്‍ 17- 18 റൗണ്ടുകളുള്ള വോട്ടെണ്ണല്‍ രണ്ടര മണിക്കൂറിനുള്ളില്‍ തീര്‍ക്കാനാകുമെന്നാണ് ഡെപ്യൂട്ടി കളക്ടറായി വിരമിച്ച സിഎം ഗോപിനാഥന്‍റെ അഭിപ്രായം. ഓരോ റൗണ്ട് കഴിയുമ്പോഴും ഇവിഎമ്മുകള്‍ കൗണ്ടിങ്ങ് ടേബിളുകളില്‍ എത്തിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കിയാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പതിനൊന്നു മണിക്കകം തന്നെ പൂര്‍ത്തിയാക്കാനാകുമെന്നും ഇദ്ദേഹം പറയുന്നു.

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

കാസര്‍കോട്, വയനാട് ജില്ലകളില്‍ മാത്രമാണ് ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുള്ളത്. തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളിലായാണ് നടക്കുന്നത്.

മാര്‍ ഇവാനിയോസ് കോളേജ്, ഗവണ്‍മെന്‍റ് വിമന്‍സ് കോളജ്, സെന്‍റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളിലാണ് തിരുവനന്തപുരത്തെ വോട്ടുകള്‍ എണ്ണുക. കൊല്ലത്ത് സെന്‍റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്കൂളിലും ടികെഎം എഞ്ചിനീയറിങ്ങ് കോളജിലുമായി 11 മണ്ഡലങ്ങളുടെ വോട്ടെണ്ണും.

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലും കോഴഞ്ചേരി സെന്‍റ് തോമസ് കോളജിലുമായി പത്തനംതിട്ടയിലെ 5 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കും. ആലപ്പുഴയില്‍ 9 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ആലപ്പുഴ എസ് ഡി കോളജിലും സെന്‍റ് ജോസഫ്സ് കോളജിലുമായി വോട്ടെണ്ണല്‍ നടക്കും.

കോട്ടയത്തെ 9 മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ രണ്ടിടങ്ങളിലായി നടക്കും. മൗണ്ട് കാര്‍മ്മല്‍ എച്ച് എസ് എസും കോട്ടയം ഗവണ്‍മെന്‍റ് കോളജുമാണ് കോട്ടയത്തെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. ഇടുക്കിയില്‍ തൊടുപുഴ ന്യൂമാന്‍ കോളജിലും പൈനാവ് ഗവണ്‍മെന്‍റ് കോളജിലുമായി 5 മണ്ഡലങ്ങളിലെ വോട്ടെണ്ണും.

എറണാകുളത്ത് 14 മണ്ഡലങ്ങളുണ്ടെങ്കിലും വോട്ടണ്ണല്‍ രണ്ട് കേന്ദ്രങ്ങളിലാണ് നടക്കുക. എറണാകുളം മഹാരാജാസ് കോളജും കുസാറ്റുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. തൃശ്ശൂരില്‍ 13 മണ്ഡലങ്ങളാണുള്ളത്. തൃശ്ശൂര്‍ ടൗണ്‍ഹാളിലും രാമവര്‍മ്മപുരത്തെ ഗവണ്‍മെന്‍റ് എഞ്ചിനീയറിങ്ങ് കോളജിലുമായി വോട്ടെണ്ണും.

പാലക്കാട് ജില്ലയില്‍ 12 നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണലിന് 2 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഗവണ്‍മെന്‍റ് വിക്ടോറിയാ കോളജും ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളജും. മലപ്പുറത്ത് സീറ്റുകള്‍ 16 എണ്ണമുണ്ടെങ്കിലും രണ്ടിടത്തായാണ് വോട്ടെണ്ണല്‍. മലപ്പുറം ഗവണ്‍മെന്‍റ് കോളജിലും എം എസ് പി ഹയര്‍ സെക്കണ്ടറി സ്കൂളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമാണ്.

കോഴിക്കോട് ജില്ലയില്‍ 13 മണ്ഡലങ്ങളാണുള്ളത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കോംപ്ലെക്സിലുമായി വോട്ടെണ്ണും. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കല്‍പ്പറ്റ എസ് കെ എം ജെ ഹൈ സ്കൂളിലാണ്.

കണ്ണൂരിലെ 11 നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കണ്ണൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനീയറിങ്ങ് കോളജിലും ധര്‍മ്മടം ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളജിലുമായി നടക്കും. കാസര്‍കോട് ജില്ലയിലെ 5 സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ കാസര്‍കോട് ഗവണ്‍മെന്‍റ് കോളജിലാണ് നടക്കുക.

വോട്ടെണ്ണല്‍ ഇങ്ങിനെ

ഒരു നിയമസഭാ മണ്ഡലത്തിന് ഒരു ഹാള്‍ എന്ന നിലയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. ഓരോ വോട്ടെണ്ണല്‍ ഹാളിലും ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണാന്‍ 14 മേശകള്‍ സജ്ജമാക്കും. ഇതിനു പുറമേ വരണാധികാരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷകനുമായി ഒരു മേശയും ഉണ്ടാകും. സ്ഥാനാര്‍ത്ഥികളും ചീഫ് കൗണ്ടിങ്ങ് ഏജന്‍റുമാരും ഇരിക്കേണ്ടത് ഈ മേശക്ക് ചുറ്റുമാണ്.

ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളാണ്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി 30 മിനുട്ടിനകം ഇവിഎമ്മുകളിലെ വോട്ട് എണ്ണിത്തുടങ്ങും. ഓരോ പോളിങ്ങ് ബൂത്തില്‍ നിന്നുമുള്ള ഇവിഎമ്മുകള്‍ പോളിങ്ങ് സ്റ്റേഷന്‍റെ ക്രമ നമ്പര്‍ പ്രകാരം ഓരോ ടേബിളുകളിലായി കൊണ്ടു വരും. ഇവിഎമ്മിന്‍റെ കണ്‍ട്രോള്‍ യൂണിറ്റ് മാത്രമാണ് വോട്ടെണ്ണലിനായി മേശപ്പുറത്ത് എത്തിക്കുക. ഏജന്‍റുമാരോ സ്ഥാനാര്‍ത്ഥികളോ തര്‍ക്കമുന്നയിക്കുകയാണെങ്കില്‍ മാത്രം ബാലറ്റ് യൂണിറ്റും പരിശോധനക്ക് മാത്രമായി ടേബിളുകളിലേക്ക കൊണ്ടു വരും.

സീല്‍ ചെയ്‌ത പുറം കെയ്സുകള്‍ തുറന്ന ശേഷം കണ്‍ട്രോള്‍ യൂണിറ്റ് പുറത്തെടുത്ത് സീല്‍ പരിശോധിക്കാന്‍ മേശപ്പുറത്ത് വെക്കും. സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്‍റുമാര്‍ക്കും ഈ സമയത്ത് ഇ വിഎമ്മുകളിലെ സീല്‍ പരിശോധിച്ച് ബോധ്യപ്പെടാം. പോളിങ് ബൂത്തിലേക്ക് നല്‍കിയ അതേ ഇവിഎമ്മാണെന്നും പരിശോധിച്ച് ബോധ്യപ്പെടാം. എല്ലാം ശരിയാണെങ്കില്‍ വോട്ടെണ്ണലിലേക്ക് കടക്കും.

ഇവിഎമ്മിന്‍റെ കണ്‍ട്രോള്‍ യൂണിറ്റ് ഓണാക്കിയ ശേഷം കൗണ്ടിങ് ഉദ്യോഗസ്ഥര്‍ റിസള്‍ട്ട് ബട്ടണ്‍ പ്രസ്സ് ചെയ്യും. ഓരോ സ്ഥാനാര്‍ത്ഥിക്കും ആ ബൂത്തില്‍ കിട്ടിയ ആകെ വോട്ടുകള്‍ അതില്‍ തെളിയും. കൗണ്ടിങ്ങ് ഉദ്യോഗസ്ഥര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഉയര്‍ത്തി കൗണ്ടിങ്ങ് ഏജന്‍റുമാര്‍ക്ക് കാണാനാകുന്ന വിധം പിടിക്കുമ്പോള്‍ ഏജന്‍റുമാര്‍ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് കിട്ടിയ വോട്ടുകള്‍ കുറിച്ചെടുക്കും.

ഈ വോട്ട് കണക്കുകള്‍ ഇതു രേഖപ്പെടുത്താനുള്ള ഫോം 17 സി യില്‍ കുറിച്ചു വയ്ക്കും‌. പോള്‍ ചെയ്യപ്പെട്ട വോട്ടുകളും ഇ വിഎമ്മില്‍ പതിഞ്ഞ വോട്ടുകളുമായി എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കില്‍ അതും രേഖപ്പെടുത്തും. വോട്ടു കണക്ക് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയുടെ കൗണ്ടിങ്ങ് ഏജന്‍റുമാര്‍ ഈ ഫോമില്‍ ഒപ്പിടണം. ഈ ഫോം വരണാധികാരി കൂടി ഒപ്പിട്ട ശേഷം നിയോജക മണ്ഡലത്തിലെ വോട്ടു കണക്കുകള്‍ സമാഹരിക്കുന്ന ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കും.

അവിടെ ഓരോ പോളിങ് ബൂത്തിലും സ്ഥാനാര്‍ത്ഥികള്‍ക്ക് ഓരോരുത്തര്‍ക്കും കിട്ടിയ വോട്ടുകള്‍ ഫോം 20 യില്‍ രേഖപ്പെടുത്തും. ഓരോ റൗണ്ടും കഴിയുമ്പോള്‍ ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും കിട്ടിയ വോട്ടുകള്‍ കൗണ്ടിങ് ഹാളിലെ ലൗഡ് സ്പീക്കറിലൂടെ അനൗണ്‍സ് ചെയ്യും. മുഴുവന്‍ പോളിങ് ബൂത്തുകളിലേയും വോട്ടെണ്ണിക്കഴിയും വരെ ഈ പ്രക്രിയ തുടരും.

ഇവിഎമ്മിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഏതെങ്കിലും 5 പോളിങ് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന വ്യവസ്ഥയുണ്ട്. ഇത് എണ്ണുന്നത് പ്രത്യേകം കമ്പി മറ വെച്ച് വേര്‍തിരിച്ച ഇടത്താണ്. അവിടെ കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് പ്രവേശനം. 5 ബൂത്തുകളിലെ വിവിപാറ്റുകള്‍ എണ്ണിയ ശേഷവും സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ ഇടത്തെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണമമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ അനുവദിക്കുന്ന കാര്യം വരണാധികാരിക്ക് തീരുമാനിക്കാം.

ഇവിഎമ്മിലെ വോട്ടും വിവിപാറ്റ് സ്ലിപ്പിലെ വോട്ടും തമ്മില്‍ എന്തെങ്കിലും വ്യത്യാസം കാണുകയാണെങ്കില്‍ വിവിപാറ്റ് സ്ലിപ്പിലെ വോട്ട് കണക്കായിരിക്കും അന്തിമമായി പരിഗണിക്കുക. മുഴുവന്‍ റൗണ്ടുകളും പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ റീകൗണ്ടിങ് ആവശ്യമൊന്നും ഇല്ലെങ്കില്‍ വരണാധികാരി ഫലം പ്രഖ്യാപിക്കും. ഫലം ഫോം 21 സി യില്‍ രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും നിയമസഭാ സെക്രട്ടറിക്കും അയച്ചു കൊടുക്കും. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് ഫോം 22 ല്‍ തെരഞ്ഞെടുക്കപ്പെട്ടതായി അറിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതോടെ വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here