തുലാവർഷം നാളെ എത്തും; അതിശക്തമായ മഴയ്ക്ക് സാധ്യത, ഓറഞ്ച് അലെര്‍ട്ട്, ഇടിമിന്നലിലും ജാഗ്രത നിര്‍ദേശം

0
1

കാസർകോട്: സംസ്ഥാനത്ത് തുലാവർഷം നാളെ എത്താൻ അനുകൂല സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാർമേഘങ്ങൾ തീരത്തേക്ക് കയറി തുടങ്ങി. കേരളത്തിൽ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

വടക്കു-കിഴക്കൻ മൺസൂൺ എന്നറിയപ്പെടുന്ന തുലാവർഷം എത്തുമ്പോൾ തന്നെ തെക്കു-പടിഞ്ഞാറൻ മൺസൂൺ എന്നറിയപ്പെടുന്ന കാലവർഷം പിൻവാങ്ങും. തുലാവർഷത്തിന്‍റെ തുടക്കത്തിൽ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി.

നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട്.16-ന് കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 17-ന് എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും 18-ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലർട്ട് നൽകി.

ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന ഈ മഴക്കാലത്ത്, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കാണ് സാധ്യത. സംസ്ഥാനത്തെ രണ്ടാം മഴക്കാലമാണിത്. തെക്കൻ കേരളത്തിലാകും കൂടുതൽ മഴ ലഭിക്കുക. വടക്കോട്ട് നീങ്ങുന്തോറും മഴയുടെ അളവും ശക്തിയും കുറയും. മഴയുടെ ഇടവേളകളിൽ വെയിലും ചൂടുമുണ്ടാകും. സാധാരണ ഒക്ടോബറിലാണ് ഏറ്റവുമധികം മഴ ലഭിക്കുക. ഡിസംബറോടെ മഴയുടെ ശക്തി കുറയും. തുടർന്ന് തണുപ്പുകാലം തുടങ്ങും.

എന്താണ് തുലാവർഷം?

ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന കാലവർഷത്തിന്‍റെ നേർ വിപരീതമാണ് തുലാവർഷം. ഒക്ടോബർ പകുതിയോടെ തുടങ്ങി ഡിസംബർ വരെയാണ് തുലാമഴ പെയ്യുക. ഇരുണ്ടുകൂടുന്ന മഴമേഘങ്ങളും ഇടിമിന്നലുമാണ് തുലാവർഷത്തിന്‍റെ തുടക്കമെന്ന സൂചനകൾ നൽകുന്നത്.

കനത്ത മഴയും ഇടിമിന്നലുമാണ് ഇതിന്‍റെ പ്രത്യേകതയും. ഉച്ചകഴിഞ്ഞ് പെയ്യുന്നതാണ് തുലാമഴയുടെ ശൈലി.പശ്ചിമഘട്ടം കടന്നെത്തുന്ന മഴമേഘങ്ങളാണ് കേരളത്തിൽ തുലാവർഷമായി പെയ്തിറങ്ങുന്നത്. കേരളത്തിൽ തുലാമഴയ്ക്ക് സമാനമായ മഴ കഴിഞ്ഞ ദിവസം മുതൽ ലഭിച്ചുതുടങ്ങി. തെക്കൻ കേരളത്തിലും തെക്കൻ തമിഴ്നാട്ടിലും ഇത്തവണ സാധാരണയെക്കാൾ അധികം മഴ തുലാവർഷക്കാലത്ത് കിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

പശ്ചിമഘട്ട മേഖലയിൽ നല്ലതോതിൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പകൽ സമയത്തെ താപനില സാധാരണയെക്കാൾ കൂടും. പസഫിക് സമുദ്രം ചൂടുപിടിക്കുന്ന എൽ നിനോ പ്രതിഭാസമാണ് 2026-ലെ കാലാവസ്ഥയെ അപ്പാടെ മാറ്റിമറിച്ചത്. ചിലയിടങ്ങളിൽ അതിവർഷം, ചിലയിടത്ത് വരൾച്ച, കൊടുങ്കാറ്റുകളും ന്യൂനമർദങ്ങളും, പടർന്നുപിടിക്കുന്ന കാട്ടുതീ, മലയും മഞ്ഞും ഇടിഞ്ഞുവീഴുന്ന അപകടങ്ങൾക്ക് എൽ നിനോ കാരണമായി.

നവംബറിൽ എൽ നിനോ ഏറ്റവും ഉച്ചസ്ഥായിയിൽ എത്തുമെന്നാണ് കരുതുന്നത്.2027 ജനുവരി വരെയെങ്കിലും എൽ നിനോയുടെ സ്വാധീനം ലോക കാലാവസ്ഥയിൽ പ്രതിഫലിക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്. ഒക്ടോബറിൽ മഴ കുറഞ്ഞു. ഒക്ടോബർ ഒന്ന് മുതൽ 14 വരെയുള്ള കാലയളവിൽ കേരളത്തിൽ 38 ശതമാനം മഴ കുറഞ്ഞു. കണ്ണൂരിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 70 ശതമാനം മഴ കുറഞ്ഞു. കോഴിക്കോട് 64 ശതമാനവും മലപ്പുറത്ത് 68 ശതമാനവും മഴ കുറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here