മസാല ദോശയുടെ വില 150 ആകും, ബിരിയാണിക്ക് 500; ഇഡ്ഡലി കഴിക്കണമെങ്കിൽ 80 രൂപ നൽകേണ്ടിവരും, കനത്ത വിലവർധനവിനൊരുങ്ങി ബെംഗളൂരു

0
18

ബെംഗളൂരു: എൽപിജിക്ക് പിന്നാലെ ഇന്ധനവില യും കുതിച്ചുയരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ ഹോട്ടൽ ഭക്ഷണനിരക്ക് ഉയരുമെന്ന് സൂചന. 60 ശതമാനം വിലവർധനയ്ക്ക് സാധ്യതയുണ്ടെന്ന് ഹോട്ടൽ അസോസിയേഷനുകൾ മുന്നറിയിപ്പ് നൽകി. സംസ്ഥാന സർക്കാർ മിനിമം വേതന വർധനവുമായി മുന്നോട്ട് പോകുകയും ഇന്ധനവില കുതിച്ചുയരുകയും ചെയ്യുന്നതിനാൽ ബെംഗളൂരു നഗരത്തിലെ ഹോട്ടലുകളിലെ ഭക്ഷണ വില ഘട്ടം ഘട്ടമായി 60 ശതമാനത്തോളം ഉയരുമെന്ന് കർണാടക സ്റ്റേറ്റ് ഹോട്ടൽസ് അസോസിയേഷൻ (കെഎസ്എച്ച്എ) അറിയിച്ചു.

മലയാളികൾ ഉൾപ്പെടെയുള്ളവർ കൂടുതലായുള്ള മെട്രോ നഗരമായ ബെംഗളൂരുവിൽ ഭക്ഷണവില രൂക്ഷമാകും. 80 രൂപയ്ക്ക് മുകളിലുള്ള ഒരു മസാല ദോശയ്ക്ക് 150 രൂപ നൽകേണ്ടിവരുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. 150 മുതൽ 200 രൂപ വരെ വിലയുള്ള ഒരു വെജിറ്റേറിയൻ ഭക്ഷണത്തിന് 250 – 300 രൂപയിലെത്താം. നിലവിൽ 300 അല്ലെങ്കിൽ 350 രൂപ വിലയുള്ള ബിരിയാണിയുടെ വില 500 രൂപയിലെത്താമെന്ന് കെ‌എസ്‌എച്ച്‌എ പ്രസിഡന്റ് ജികെ ഷെട്ടിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഇഡ്ഡലി വില ഉയരും. നിലവിൽ പലയിടത്തും 50 രൂപ വിലയുള്ള ഇഡ്ഡലി വില 80 രൂപയോ അതിൽ കൂടുതലോ ആകും. മറ്റ് ഭക്ഷണ ഇനങ്ങൾക്കും സമാനമായ രീതിയിൽ വർധനവ് ഉണ്ടാകും. അതേസമയം, ഇതുവരെ ഭക്ഷണവില ഉയർത്തി പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് ഹോട്ടൽ അസോസിയേഷനുകൾ അറിയിച്ചു. അന്തിമ വില ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്റ് പിസി റാവു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പുതുക്കിയ വില ഇതുവരെ അന്തിമമാക്കിയിട്ടില്ല. പക്ഷേ വിലവർധന അനിവാര്യമാണെന്ന് റാവു പറഞ്ഞു.

മിനിമം വേതന പരിഷ്കരണ നടപടികളിലേക്ക് സംസ്ഥാന സർക്കാർ കടക്കാനൊരുങ്ങുന്നതും ഇന്ധന വിലയിലെ വർധനവുമാണ് ഭക്ഷണത്തിൻ്റെ വില വർധനവിന് കാരണമാകുന്നതെന്ന് ജികെ ഷെട്ടി പറഞ്ഞു. ബെംഗളൂരുവിലെ തൊഴിലാളിയുടെ പുതുക്കിയ മിനിമം വേതനം പ്രതിമാസം 23,000 രൂപ കവിയാൻ സാധ്യതയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഭക്ഷണം, താമസം, യൂണിഫോം എന്നിവ ഉൾപ്പെടുത്തിയാൽ ഒരു ജീവനക്കാരൻ്റെ ചെലവ് 36,000 രൂപയ്ക്ക് അടുത്ത് വരും. കൂടാതെ, നമ്മൾ ഇഎസ്ഐ, പിഎഫ്. എന്നിവയ്ക്ക് പണം നൽകണം അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടിനെയും ആന്ധ്രാ പ്രദേശിനെയും അപേക്ഷിച്ച് ഹോസ്പിറ്റാലിറ്റി മേഖലയിൽ കർണാടകയിലാണ് ഇപ്പോൾ ഏറ്റവും ഉയർന്ന വേതനം ഉള്ളതെന്നും ഷെട്ടി ചൂണ്ടിക്കാട്ടി. ഒറ്റയടിക്ക് പകരം ഘട്ടം ഘട്ടമായി കുറഞ്ഞ വേതനം വർധിപ്പിക്കണമെന്ന് ഷെട്ടി മുൻപ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ധനവില വർധനവിനൊപ്പം ആവശ്യസാധനങ്ങളുടെ വിലയിലെ വർധനയും ഭഷണത്തിൻ്റെ വിലവർധനയ്ക്ക് കാരണമാകുമെന്ന് ഹോട്ടലുടമകൾ അഭിപ്രായപ്പെട്ടു. സോണ മസൂരി അരി ഇപ്പോൾ കിലോഗ്രാമിന് 5 രൂപയും ജീര അരി കിലോഗ്രാമിന് 10 രൂപയും വർധിച്ചതായി ഹോട്ടലുടമകൾ പറഞ്ഞു. കർണാടകയിലെ ഹോട്ടൽ – റസ്റ്റോറന്റ് മേഖലയിൽ ഏകദേശം 60,000 സ്ഥാപനങ്ങൾ ഉൾപ്പെടുന്നുണ്ട്. ഈ സ്ഥാപനങ്ങളിൽ ഏകദേശം 15,000 എണ്ണം കെഎസ്എച്ച്എ അംഗങ്ങളാണ്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചാലുണ്ടാകുന്ന മറ്റൊരു പ്രതിസന്ധിയും അധികൃതർ മുന്നിൽ കാണുന്നുണ്ട്. കർണാടകയിലുടനീളം ഈ മേഖലയിൽ ജോലി ചെയ്യുന്നത് പതിനായിരങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here