കുറഞ്ഞ ചെലവിൽ ലക്ഷദ്വീപും റാമോജി ഫിലിം സിറ്റിയും കാണാം; കെഎസ്ആർടിസിയുടെ ബജറ്റ് പാക്കേജ് ഇങ്ങനെ

0
3

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ യാത്രാപ്രേമികൾക്കായി ലക്ഷദ്വീപ്, ഹൈദരാബാദ് ടൂർ പാക്കേജുകൾക്ക് തുടക്കമായി. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്.

ഹൈദരാബാദ് പാക്കേജ്
ഹൈദരാബാദിൽ മൂന്ന് പകലും രണ്ട് രാത്രിയും, രണ്ട് പകലും ഒരു രാത്രിയും ചെലവഴിക്കാൻ കഴിയുന്ന തരത്തിൽ രണ്ട് പാക്കേജുകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദിലെ താമസം, ഭക്ഷണം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശന ഫീസ് എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. മൂന്ന് പകലും രണ്ട് രാത്രിയുമുള്ള പാക്കേജിൽ റാമോജി ഫിലിം സിറ്റിയാണ് പ്രധാന ആകർഷണം. ഇതിന് പുറമെ നെഹ്‌റു സുവോളജിക്കൽ പാർക്ക്, ബിർള മന്ദിർ, എൻടിആർ ഗാർഡൻ, അംബേദ്കർ പ്രതിമ, ലുംബിനി പാർക്ക്, ഹുസൈൻ സാഗർ, ഹൈടെക് സിറ്റി, ഗോൽകൊണ്ട കോട്ട, സലാർ ജങ് മ്യൂസിയം, ചൗമഹൽ പാലസ്, മക്ക മസ്ജിദ്, ചാർമിനാർ എന്നീ സ്ഥലങ്ങളും സന്ദർശിക്കാം.

രണ്ട് പകലും ഒരു രാത്രിയുമുള്ള രണ്ടാമത്തെ പാക്കേജിൽ ഗോൽകൊണ്ട കോട്ട, സലാർ ജങ് മ്യൂസിയം, ചാർമിനാർ, മക്ക മസ്ജിദ്, ലുംബിനി പാർക്ക്, ഹുസൈൻ സാഗർ, ബിർള മന്ദിർ, രാമോജി ഫിലിം സിറ്റി എന്നിവിടങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ദിവസം ഉച്ചതിരിഞ്ഞ് മൂന്നിന് ആരംഭിച്ച് നാലാം ദിവസം രാവിലെ 10ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്രാക്രമീകരണം. ഒരു മുറിയിൽ മൂന്ന് പേർക്കാണ് താമസം നൽകുക. യാത്രയിൽ വിവിധ ഇടങ്ങളിൽ മൊബൈൽ ഫോൺ, ബാഗ്, ചെരുപ്പ് എന്നിവ സൂക്ഷിക്കുന്നതിനുള്ള ഫീസ് യാത്രികർ സ്വന്തമായി നൽകണം.

ലക്ഷദ്വീപ് പാക്കേജ്
കൊച്ചിയിൽ നിന്ന് വിമാനമാർഗം ആരംഭിച്ച് അഗത്തി, കൽപ്പിട്ടി ദ്വീപുകൾ സന്ദർശിക്കുന്നതാണ് ലക്ഷദ്വീപ് യാത്രാ പാക്കേജ്. മൂന്ന് രാത്രിയും നാല് പകലും നീളുന്ന യാത്ര സാധാരണക്കാരുടെ ബജറ്റിൽ ഒതുങ്ങുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രികരുടെ താത്പര്യമനുസരിച്ച് ഹോം സ്റ്റേ, റിസോർട്ട് എന്നീ രണ്ട് താമസ സൗകര്യങ്ങൾ പാക്കേജിൽ ലഭ്യമാണ്. ലക്ഷദ്വീപ് പെർമിറ്റ്, വിമാനത്താവളത്തിൽ നിന്നുള്ള യാത്ര, രണ്ട് പേർക്ക് ഒരു മുറി എന്ന നിലയിലുള്ള താമസം, ഭക്ഷണം, വൈഫൈ, ഇൻഷുറൻസ് എന്നിവ പാക്കേജിൻ്റെ ഭാഗമാണ്.

അഗത്തിയിലെ ബീച്ചുകൾ, സൂര്യാസ്തമയം എന്നിവ കാണുന്നതിനൊപ്പം കൽപ്പിട്ടി ദ്വീപിലേക്കുള്ള പ്രത്യേക ബോട്ട് യാത്രയും ഒരുക്കിയിട്ടുണ്ട്. സ്‌നോർക്കലിങ്, ഗ്ലാസ് ബോട്ട് യാത്ര, കയാക്കിങ്, ഡോൾഫിൻ, കടലാമ എന്നിവയെ കാണാനുള്ള സൗകര്യം തുടങ്ങിയവയും യാത്രയിൽ ഉൾപ്പെടുന്നു. സ്‌കൂബ ഡൈവിങ്, പാരാസെയിലിങ് എന്നിവ ആസ്വദിക്കാൻ താത്പര്യമുള്ളവർ യഥാക്രമം 4000, 3500 രൂപ വീതം അധികമായി നൽകണം. മാംസാഹാരം ഒഴിവാക്കേണ്ടവർ ബുക്കിങ് സമയത്ത് തന്നെ മുൻകൂട്ടി അറിയിക്കണം.

ബുക്കിങ് വിവരങ്ങൾ
യാത്രയ്ക്കുള്ള സീറ്റ് ഉറപ്പാക്കാൻ ബുക്കിങ് ദിവസം തന്നെ മുഴുവൻ തുകയും അടയ്ക്കണം. രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് മുഴുവൻ വിമാന നിരക്കും ബാധകമാണ്. കാലാവസ്ഥ വ്യതിയാനങ്ങൾ യാത്രയെ പെട്ടെന്ന് ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഉദ്യോഗസ്ഥരുടെ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ യാത്രികർ കൈവശം കരുതണം.

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സംസ്ഥാന കോ-ഓർഡിനേറ്ററുമായി ബന്ധപ്പെടണം. ഫോൺ: 7907273399, 9961228777. കെഎസ്ആർടിസിയുടെ മറ്റ് ജനപ്രിയ യാത്രകളായ മൂന്നാർ, ഗവി, മലക്കപ്പാറ പാക്കേജുകൾക്ക് ലഭിച്ച മികച്ച സ്വീകാര്യതയാണ് പുതിയ പാക്കേജുകൾ അവതരിപ്പിക്കാൻ അധികൃതർക്ക് പ്രചോദനമായത്. വരും ദിവസങ്ങളിൽ കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ബജറ്റ് യാത്രകൾ സംഘടിപ്പിക്കാനും കെഎസ്ആർടിസിക്ക് പദ്ധതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here