പെട്രോളില്‍ എഥനോള്‍ കൂടിയോ? ചതിക്കപ്പെട്ടാല്‍ നഷ്‌ടപരിഹാരം കിട്ടും,

0
8
Hand, person or gas station with fuel gun, machine and transport cost for energy, pistol or petrol service. Closeup, gasoline or motor vehicle maintenance at garage to pump tank on road trip travel

എറണാകുളം: ഇന്ധനവില കുതിച്ചുയരുന്ന ഈ കാലത്ത് പണം നൽകി വാങ്ങുന്ന പെട്രോളിൽ വഞ്ചിക്കപ്പെടുന്നത് ആർക്കും സഹിക്കാനാകില്ല. പെട്രോളിൽ എഥനോൾ അമിതമായി ചേർത്താൽ വാഹനത്തിൻ്റെ മൈലേജ് കുറയുക മാത്രമല്ല, എഞ്ചിൻ തുരുമ്പെടുത്ത് വൻ തുകയുടെ പണി വരികയും ചെയ്യും. കേന്ദ്ര സർക്കാർ നിശ്ചയിച്ച പരിധി 20% (E20) ആണെങ്കിലും, ചിലയിടങ്ങളിൽ ഇതിൽ കൂടുതൽ എഥനോൾ കലരുന്നതായി പരാതികൾ ഉയരുന്നുണ്ട്. കര്‍ണാടകയില്‍ നിന്ന് തിരികൊളുത്തിയ ഈ വിവാദം ഇന്ന് കേരളത്തില്‍ വരെ എത്തിയിരിക്കുന്നു.

ഒരു ഉപഭോക്താവിൻ്റെ അവകാശം സംരക്ഷിക്കുന്നതിനായുള്ള നീക്കമെന്നാണെന്ന പ്രതികരണത്തോടെ മന്ത്രി അനൂപ് ജേക്കബ് കേരളത്തില്‍ മിന്നല്‍ പരിശോധനയ്‌ക്ക് ഉത്തരവിട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ പെട്രോൾ പമ്പുകളിൽ പണം നൽകി ഇന്ധനം വാങ്ങുമ്പോൾ ഒരു സാധാരണ ഉപഭോക്താവിന് നിയമവ്യവസ്ഥ ഉറപ്പുനൽകുന്ന ചില പ്രധാന അവകാശങ്ങളുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ അത് അറിഞ്ഞിരിക്കേണ്ടതും ഏറെ പ്രാധാന്യമുള്ളതാണ്. ഈ വിഷയത്തില്‍ ഇടിവി ഭാരതുമായി പ്രതികരിക്കുകയാണ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷൻ കേരളയുടെ പ്രസിഡൻ്റും സംസ്ഥാന കണ്‍സ്യൂമര്‍ പ്രൊട്ടക്ഷൻ കൗണ്‍സിലിലെ അംഗവുമായ അഡ്വ. പ്രിൻസ് കുര്യൻ.

അളവില്‍ കൂടിയാല്‍ ചതിയാണ്..

ഇന്ധനത്തില്‍ കേന്ദ്രം എഥനോള്‍ കലര്‍ത്താൻ അനുമതി നല്‍കുമ്പോള്‍ അതിനൊരു നിശ്ചിത അളവുണ്ട്. എന്നാല്‍, ആ അളവില്‍ കൂടിയാല്‍ സാധാരണക്കാരായ ഉപഭോക്താവിനോട് ചെയ്യുന്ന വഞ്ചനയാണെന്നും കണ്‍സ്യൂമര്‍ കമ്മീഷനിലോ കോടതിയിലോ സമീപിച്ച് നഷ്‌ടപരിഹാരം നേടാനുള്ള അവകാശമുണ്ടെന്നും പ്രിൻസ് കുര്യൻ പ്രതികരിച്ചു.

“ഈ വിഷയം ആദ്യമായി വിവാദമാകുന്നത് കര്‍ണാടകയിലാണ്. കേരള സര്‍ക്കാരും നിലവില്‍ ഇതുമായി ബന്ധപ്പെട്ടുള്ള പരിശോധനയുമായി മുന്നോട്ട് പോകുകയാണ്. യഥാര്‍ഥത്തില്‍ പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നതിന് കേന്ദ്രം മുന്നോട്ടുവയ്‌ക്കുന്നത് 20 ശതമാനമാണ്. പക്ഷേ കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള 20% (E20) എന്ന പരിധിയേക്കാൾ വളരെ ഉയർന്ന അളവിലാണ് എണ്ണക്കമ്പനികൾ പെട്രോളിൽ എഥനോൾ ചേർക്കുന്നതെന്ന് കർണാടക ലീഗൽ മെട്രോളജി വകുപ്പ് ശേഖരിച്ച സാമ്പിളുകളുടെ ലബോറട്ടറി പരിശോധനയിൽ വ്യക്തമായി. അതായത് 25 മുതല്‍ 31 ശതമാനം വരെ വളരെയധികം ഉയര്‍ന്ന നിലയിലാണ് എഥനോള്‍ കലര്‍ത്തിയതായി കണ്ടെത്തിയത്. ഇത് ഒരു ഉപഭോക്താവിനെ വഞ്ചിക്കുന്നതിന് തുല്യമാണ്. ഇത്തരം സാഹചര്യങ്ങളില്‍ കണ്‍സ്യൂമര്‍ കോടതികളില്‍ പോയി നഷ്‌ടപരിഹാരം ആവശ്യപ്പെടാവുന്നതാണ്. പെട്രോള്‍ പമ്പ് ഡീലറാണ് ഉപഭോക്താവിന് നഷ്‌ടപരിഹാരം നല്‍കേണ്ടത്” പ്രിൻസ് കുര്യൻ ഇടിവി ഭാരതിനോട് പ്രതികരിച്ചു.

ഒരു ഉപഭോക്താവ് ചതിക്കപ്പെട്ടാല്‍ എന്ത് ചെയ്യും?

പെട്രോളില്‍ നിശ്ചിത അളവില്‍ കൂടുതല്‍ എഥനോള്‍ കലര്‍ന്നെന്ന് രേഖാമൂലം കണ്ടെത്തിയാല്‍ മാത്രമേ കണ്‍സ്യൂമര്‍ കമ്മീഷനെയോ കോടതിയെയോ സമീപിച്ച് നഷ്‌ടപരിഹാരം ആവശ്യപ്പെടാൻ സാധിക്കുകയുള്ളൂ. ഇതിന് ആദ്യമായി വേണ്ടത് പെട്രോള്‍ അടിച്ച ബില്ലാണ്. തുടര്‍ന്ന് സംശയമുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികാരികളുമായി ഇന്ധനം പരിശോധിച്ച് എഥനോള്‍ അളവ് കൂടുതലുണ്ടെന്ന രേഖയും സംഘടിപ്പിച്ച് വേണം കോടതിയെ സമീപിക്കാനെന്നും പ്രിൻസ് ചൂണ്ടിക്കാട്ടി.

എഥനോളിൻ്റെ അളവ് പരിശോധിക്കാൻ നിരവധി ടെസ്‌റ്റുകളുണ്ട്, ഇതില്‍ കേന്ദ്രം അംഗീകരിച്ച ടെസ്‌റ്റാണ് നടത്തിയതെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. കാരണം, കര്‍ണാടകയിലെ വിഷയത്തില്‍ തന്നെ കേന്ദ്രം അംഗീകരിച്ച ടെസ്‌റ്റ് അല്ല നടത്തിയതെന്നും ആ ടെസ്‌റ്റുകള്‍ വ്യാജമാണെന്നുമാണ് പെട്രോള്‍-ഡീസല്‍ കമ്പനികള്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് ഇത്തരം വാദങ്ങളെ പ്രതിരോധിക്കാൻ കേന്ദ്രം അംഗീകരിച്ച ടെസ്‌റ്റിലൂടെ തന്നെ എഥനോള്‍ പരിശോധിക്കണമെന്നും പ്രിൻസ് കൂട്ടിച്ചേര്‍ത്തു. ഇന്ധനത്തിൽ അമിതമായി എഥനോൾ ചേർത്ത് എഞ്ചിനോ, വാഹനത്തിനോ കേടുപാടുകൾ സംഭവിച്ചാൽ ഉപഭോക്താക്കൾക്ക് ഇതിനും നഷ്‌ടപരിഹാരം നേടാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംശയം തോന്നിയാൽ എന്ത് ചെയ്യണം?

“നിങ്ങൾ നടത്തിയ പരിശോധനയിൽ ഇന്ധനത്തിൽ വൻതോതിൽ എഥനോളോ വെള്ളമോ കലർന്നതായി ബോധ്യപ്പെട്ടാൽ പമ്പിലെ പരാതി പുസ്തകത്തിൽ നിങ്ങളുടെ കണ്ടെത്തൽ കൃത്യമായി എഴുതിവയ്ക്കു‌ക. അടിച്ച ഇന്ധനത്തിൻ്റെ ബില്ല് സൂക്ഷിച്ച് വയ്‌ക്കുക. ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ തുടങ്ങിയ ബന്ധപ്പെട്ട കമ്പനികളുടെ കസ്റ്റമർ കെയറിലോ വെബ്സൈറ്റിലോ പരാതി നൽകുക. അളവിലും തൂക്കത്തിലും കൃത്യത ഉറപ്പാക്കുന്ന മോട്ടോർ വാഹന വകുപ്പിലെ പ്രൊട്ടക്ഷൻ വിംഗിനെയോ ലീഗൽ മെട്രോളജി വകുപ്പിനെയോ അറിയിക്കുക, ഇനി രേഖാസഹിതം നിങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് ഉറപ്പായാല്‍ കണ്‍സ്യൂമര്‍ കോടതിയിലോ കമ്മീഷനിലോ പോയി പരാതിപ്പെട്ട് നഷ്‌ടപരിഹാരം നേടാം,” പ്രിൻസ് കുര്യൻ പ്രതികരിച്ചു.

നിങ്ങള്‍ക്ക് ചെയ്യാനാകുന്ന ടെസ്‌റ്റുകള്‍ എന്തെല്ലാം?

പെട്രോളിൽ എഥനോളിൻ്റെ അളവ് കൂടിയോ, ഇന്ധനത്തിൽ വെള്ളം കലർന്നിട്ടുണ്ടോ എന്നൊക്കെ പമ്പുകളിൽ വെച്ചുതന്നെ പരിശോധിക്കാൻ ഉപഭോക്താക്കൾക്ക് നിയമപരമായ അവകാശമുണ്ട്. കേന്ദ്ര പെട്രോളിയം മന്ത്രാലയവും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സും (BIS) അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക പരിശോധനകൾ ഏതൊക്കെയാണെന്നും, ഒരു സാധാരണക്കാരന് ഇത് എങ്ങനെ ആവശ്യപ്പെടാമെന്നും നോക്കാം.

ഫിൽട്ടർ പേപ്പർ ടെസ്റ്റ്

പെട്രോളിൽ നാഫ്തയോ മറ്റ് കെമിക്കലുകളോ കലർത്തിയിട്ടുണ്ടോ എന്നറിയാൻ കേന്ദ്ര സർക്കാർ ഏറ്റവും ലളിതമായി പമ്പുകളിൽ നിർബന്ധമാക്കിയിട്ടുള്ള പരിശോധനയാണിത്. ഉപഭോക്താവ് ആവശ്യപ്പെട്ടാൽ പമ്പ് അധികൃതർ നിർബന്ധമായും ഫിൽട്ടർ പേപ്പർ നൽകണം. ഇതിലേക്ക് കുറച്ച് തുള്ളി പെട്രോൾ ഒഴിച്ച് രണ്ട് മിനിറ്റ് കാത്തിരിക്കുക. ശുദ്ധമായ പെട്രോൾ ആണെങ്കിൽ അത് പൂർണ്ണമായും ആവിയായിപ്പോകും. പേപ്പറിൽ കറയോ ഈർപ്പമോ ശേഷിച്ചാൽ ഇന്ധനം മായം കലർന്നതാണെന്ന് ഉറപ്പിക്കാം.

ഹൈഡ്രോമീറ്റർ അഥവാ ഡെൻസിറ്റി ടെസ്റ്റ്

പെട്രോളിൻ്റെ സാന്ദ്രത കൃത്യമാണോ എന്ന് പരിശോധിക്കുന്ന രീതിയാണിത്. പെട്രോളിൽ അമിതമായി എഥനോളോ മറ്റ് ദ്രാവകങ്ങളോ കലർന്നിട്ടുണ്ടെങ്കിൽ അതിന്റെ ഡെൻസിറ്റിയിൽ വ്യത്യാസം വരും. ഇതിനായി പമ്പുകളിൽ 500 മില്ലി ലിറ്ററിൻ്റെ ജാറും, തെർമോമീറ്ററും, ഹൈഡ്രോമീറ്ററും ലഭ്യമായിരിക്കണം. പെട്രോളിൻ്റെ താപനിലയും ഡെൻസിറ്റിയും അളന്ന്, അത് പമ്പുകളിൽ ദിവസേന രാവിലെ രേഖപ്പെടുത്തുന്ന ഒഫീഷ്യൽ ഡെൻസിറ്റി രജിസ്റ്ററുമായി ഒത്തുനോക്കാം. ഇന്ത്യൻ സ്റ്റാൻഡേർഡ് അനുസരിച്ച് പെട്രോളിൻ്റെ ഡെൻസിറ്റി 720 മുതൽ 775 kg/m³ വരെ ആയിരിക്കണം. ഇതിൽ +/- 3 kg/m³ വരെ വ്യത്യാസം മാത്രമേ അനുവദനീയമായിട്ടുള്ളൂ.

വാട്ടർ ഫൈൻഡിങ് പേസ്റ്റ് ടെസ്റ്റ്

പെട്രോളിൽ എഥനോളിനൊപ്പം വെള്ളത്തിൻ്റെ സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്താൻ കമ്പനികൾ ഔദ്യോഗികമായി പമ്പുകളിൽ ചെയ്യുന്ന ടെസ്റ്റാണിത്. എഥനോളിന് വെള്ളത്തോട് ഭയങ്കരമായ ആകർഷണമുള്ളതിനാൽ പെട്രോൾ ടാങ്കുകളിൽ വെള്ളം എത്തിയാൽ അത് എഥനോളുമായി ചേർന്ന് അടിയിൽ പോയി കിടക്കും. ഒരു പ്രത്യേകതരം കെമിക്കൽ പേസ്റ്റ് ഒരു റോഡിലോ സ്കെയിലിലോ പുരട്ടി ടാങ്കിൻ്റെ അടിത്തട്ടിലേക്ക് ഇറക്കുന്നു. ടാങ്കിൻ്റെ അടിയിൽ വെള്ളത്തിൻ്റെയോ എഥനോൾ-വെള്ളം മിശ്രിതത്തിൻ്റെയോ സാന്നിധ്യമുണ്ടെങ്കിൽ ഈ പേസ്റ്റിന്റെ നിറം ഉടനടി പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറമായി മാറും.

ലാബ് പരിശോധനകൾ 

പെട്രോളിൽ കൃത്യം എത്ര ശതമാനം എഥനോൾ ഉണ്ടെന്ന് അറിയാൻ പമ്പുകളിലെ പ്രാഥമിക പരിശോധനകൾക്ക് പുറമെ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുള്ളത് അത്യാധുനിക ലാബ് ടെസ്റ്റുകളാണ്.

ഗ്യാസ് ക്രോമാറ്റോഗ്രാഫി: എണ്ണക്കമ്പനികളുടെ ഒഫീഷ്യൽ ലാബുകളിലോ മൊബൈൽ ലാബ് വാനുകളിലോ ആണ് ഇത് ചെയ്യുന്നത്. ASTM D5501 എന്ന അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചാണ് ഇന്ധനത്തിലെ എഥനോളിന്റെ കൃത്യമായ ശതമാനം (ഉദാഹരണത്തിന് ഇ20 പെട്രോളിൽ കൃത്യം 20% തന്നെയാണോ എന്നത്) ലാബുകളിൽ അളക്കുന്നത്.

ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടത്..

നിങ്ങൾക്ക് ഇന്ധനത്തിൻ്റെ ഗുണനിലവാരത്തിൽ സംശയം തോന്നിയാൽ പമ്പിലെ മുകളിൽ പറഞ്ഞ ഡെൻസിറ്റി ടെസ്റ്റും ഫിൽട്ടർ പേപ്പർ ടെസ്റ്റും സൗജന്യമായി ചെയ്യാൻ ആവശ്യപ്പെടാം. പമ്പ് അധികൃതർ ഇതിന് വിസമ്മതിച്ചാൽ കേന്ദ്ര എണ്ണക്കമ്പനികളുടെ ടോൾ ഫ്രീ നമ്പറിലോ ലീഗൽ മെട്രോളജി വകുപ്പിലോ ഔദ്യോഗികമായി പരാതി നൽകാവുന്നതാണ്.

കബളിപ്പിക്കപ്പെടാതിരിക്കാൻ ഉപഭോക്താക്കൾ അറിയേണ്ട നിയമപരമായ അവകാശങ്ങൾ

വിവരങ്ങൾ അറിയാനുള്ള അവകാശം

കേന്ദ്ര സർക്കാരിൻ്റെ ഔദ്യോഗിക പരിധി 20% ആണെങ്കിലും ഇന്ധനത്തിൽ എഥനോളിൻ്റെ അളവ് അമിതമായി കൂടുന്നത് വഞ്ചനയുടെ പരിധിയിൽ വരുന്നു. എഥനോളിന് പെട്രോളിനേക്കാൾ കലോറി മൂല്യം കുറവായതിനാൽ മൈലേജ് കുറയും. ഉപഭോക്തൃ സംരക്ഷണ നിയമം, 2019 (Consumer Protection Act, 2019) പ്രകാരം ഒരു ഉപഭോക്താവിന് താൻ പണം നൽകി വാങ്ങുന്ന ഉൽപ്പന്നത്തിന്റെ ഗുണനിലവാരം, അളവ്, ശുദ്ധി, വില, ചേരുവകൾ എന്നിവ കൃത്യമായി അറിയാനുള്ള നിയമപരമായ അവകാശമുണ്ട്.

സുരക്ഷിതത്വത്തിനുള്ള അവകാശം

ഉപഭോക്തൃ നിയമപ്രകാരം ജീവനും സ്വത്തിനും ഹാനികരമാകുന്ന ഉൽപ്പന്നങ്ങൾക്കെതിരെ സംരക്ഷണം ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. 2023 ഏപ്രിലിന് മുൻപ് നിർമിച്ച പഴയ വാഹനങ്ങളും പല ബിഎസ്-6 (BS-VI) മോഡലുകളും ഉയർന്ന അളവിലുള്ള എഥനോൾ ഇന്ധനം (E20) ഉപയോഗിക്കാൻ പാകത്തിൽ രൂപകൽപ്പന ചെയ്തവയല്ല. ഇത് എഞ്ചിൻ തുരുമ്പെടുക്കാനും റബ്ബർ/പ്ലാസ്റ്റിക് ഭാഗങ്ങൾ നശിക്കാനും കാരണമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here