കേരളത്തിൽ ശനിയാഴ്ച വരെ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ;

0
13

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ശനിയാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും. വെറുമൊരു മഴയല്ല,

മനുഷ്യന്റെയും വളർത്തുമൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൻ നാശനഷ്ടമുണ്ടാക്കാൻ ശേഷിയുള്ള ‘കില്ലർ’ ഇടിമിന്നലുകളാണ് വരാനിരിക്കുന്നത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വളരെയധികം വർധിപ്പിക്കും.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ പുറത്ത് കളിക്കാൻ അനുവദിക്കരുത്. ടെറസിലോ ഉയർന്ന സ്ഥലങ്ങളിലോ നിൽക്കുന്നത് ഒഴിവാക്കണം.

ശക്തമായ കാറ്റും മിന്നലുമുള്ളപ്പോൾ ജനലും വാതിലും പൂർണ്ണമായും അടച്ചിടുക. ഭിത്തിയിലോ തറയിലോ നേരിട്ട് സ്പർശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക . പൈപ്പിലൂടെ വൈദ്യുതി സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ഇടിമിന്നലുള്ളപ്പോൾ കുളിക്കുന്നതും ടാപ്പിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം.

ലാൻഡ് ഫോൺ ഉപയോഗം അപകടകരമാണെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ തടസ്സമില്ല.

ഇടിമിന്നൽ സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുന്നത് സുരക്ഷിതമാണ്. എന്നാൽ കൈകാലുകൾ പുറത്തിടാതിരിക്കാൻ ശ്രദ്ധിക്കണം.

സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ മിന്നൽ തുടങ്ങുമ്പോൾ തന്നെ യാത്ര നിർത്തി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടണം.

ഒരു കാരണവശാലും മരച്ചുവട്ടിൽ നിൽക്കാനോ വാഹനം പാർക്ക് ചെയ്യാനോ പാടില്ല.

കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്തണം.

ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണം. ബോട്ടിന്റെ ഡെക്കിൽ നിൽക്കുന്നത് അപകടകരമാണ്.

 

മിന്നലേറ്റ ആളുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല എന്നത് തിരിച്ചറിയുക. അതിനാൽ അവരെ സ്പർശിക്കാനോ പ്രഥമ ശുശ്രൂഷ നൽകാനോ ഭയപ്പെടേണ്ടതില്ല.

ആദ്യ 30 സെക്കൻഡുകൾ ജീവൻ രക്ഷിക്കാനുള്ള ‘സുവർണ്ണ നിമിഷങ്ങളാണ്’. പൊള്ളലേറ്റവർക്കും ഹൃദയാഘാതം സംഭവിച്ചവർക്കും ഉടനടി വൈദ്യസഹായം ലഭ്യമാക്കുക.

തുറസായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്ത് വെച്ച് തല മുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ഇരിക്കുന്നത് ആഘാതം കുറയ്ക്കാൻ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here