സ്വർണവിലയിൽ വീണ്ടും വർധന; പവന് 640 രൂപ കൂടി,

0
3

എറണാകുളം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്നലെ രണ്ട് തവണ മാറ്റമുണ്ടായതിന് പിന്നാലെയാണ് ഇന്ന് വിപണിയിൽ വീണ്ടും വർധന രേഖപ്പെടുത്തുന്നത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,135 രൂപയും എട്ടു ഗ്രാം വരുന്ന ഒരു പവന് 1,13,080 രൂപയുമായി നിരക്ക് ഉയർന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് തുടരുന്നത്.

മറ്റു കാരറ്റുകളുടെ നിരക്കുകൾ
22 കാരറ്റിന് പുറമെ മറ്റു വിഭാഗം സ്വർണത്തിനും ഇന്ന് വില കൂടിയിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപ വർധിച്ച് 11,615 രൂപയിലെത്തി. എട്ടു ഗ്രാമിന് 92,920 രൂപയാണ് ഇന്നത്തെ നിരക്ക്. 14 കാരറ്റ് സ്വർണത്തിന് 50 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 9,045 രൂപയും പവന് 72,360 രൂപയുമായി. ഒൻപതു കാരറ്റ് സ്വർണത്തിന് 35 രൂപ വർധിച്ച് ഗ്രാമിന് 5,835 രൂപയും പവന് 46,680 രൂപയുമായി മാറി. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞ് 250 രൂപയിലെത്തിയ വെള്ളി നിരക്ക് ഇന്നും അതേപടി തുടരുകയാണ്. 10 ഗ്രാം വെള്ളിക്ക് 2,500 രൂപയാണ് വിപണിവില.

ഇന്നലെ വില മാറിയത് രണ്ട് തവണ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിപണിയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. ഇന്നലെ മാത്രം രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. ഇന്നലെ രാവിലെ സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് യഥാക്രമം 14,185 രൂപയിലും 1,13,480 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്. 18, 14, 9 കാരറ്റ് സ്വർണങ്ങൾക്കും ഇന്നലെ രാവിലെ ഗ്രാമിന് 10 രൂപ വീതം വർധിച്ചിരുന്നു. എന്നാൽ ഉച്ചയ്ക്ക് രണ്ടു മണിയോടെ വിപണിയിൽ വലിയ ഇടിവുണ്ടായി.

22 കാരറ്റ് സ്വർണം ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,055 രൂപയിലേക്കും പവന് 1,12,440 രൂപയിലേക്കും കൂപ്പുകുത്തി. 18 കാരറ്റിന് 110 രൂപ കുറഞ്ഞ് 11,545 രൂപയായും 14 കാരറ്റിന് 80 രൂപ കുറഞ്ഞ് 8,995 രൂപയായും ഒൻപതു കാരറ്റിന് 55 രൂപ കുറഞ്ഞ് 5,800 രൂപയായും ഇന്നലെ ഉച്ചയ്ക്ക് വില മാറിയിരുന്നു. ഇതിന് മുൻപുള്ള ദിവസങ്ങളിലും സമാനമായ വിലമാറ്റങ്ങൾ വിപണിയിലുണ്ടായി. തിങ്കളാഴ്ച രാവിലെ ഗ്രാമിന് 15 രൂപ കുറഞ്ഞ് 14,270 രൂപയിൽ വ്യാപാരം തുടങ്ങിയ സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം വീണ്ടും 100 രൂപ കുറയുകയായിരുന്നു. ഇതോടെ തിങ്കളാഴ്ച വൈകുന്നേരം ഒരു ഗ്രാമിന് 14,170 രൂപയും പവന് 1,13,360 രൂപയുമായിരുന്നു നിരക്ക്.

സെപ്റ്റംബറിലെ വിപണി
സെപ്റ്റംബർ മാസത്തിൽ സ്വർണവിലയിൽ 0.50 ശതമാനത്തിൻ്റെ നേരിയ ഇടിവാണ് പൊതുവെ രേഖപ്പെടുത്തിയത്. സെപ്റ്റംബർ ഒന്നിന് 14,125 രൂപയായിരുന്ന 22 കാരറ്റ് സ്വർണവില 22 ആയപ്പോൾ 14,055 രൂപയായി കുറഞ്ഞു. സെപ്റ്റംബർ നാലിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് 22 കാരറ്റിന് 14,360 രൂപയും 24 കാരറ്റിന് 15,666 രൂപയുമായിരുന്നു വില.

പിന്നീട് സെപ്റ്റംബർ 19ന് 22 കാരറ്റിന് 130 രൂപ വർധിച്ച് 14,285 രൂപയിലെത്തിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ വില താഴേക്ക് പോവുകയായിരുന്നു. വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here