കോഴിക്കോട്: ജനാധിപത്യ സർക്കാരിന് ഭരണപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അതിൻ്റേതായ സ്വാതന്ത്ര്യം വേണമെന്നും, തെറ്റുകൾ ഉണ്ടെങ്കിൽ മാത്രം കോടതി ഇടപെടുന്നതാണ് ശരിയായ രീതിയെന്നും ദേവസ്വം, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിയമനങ്ങളിലടക്കം സർക്കാരിന് അധികാരമില്ലാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. കോടതിയോട് ഏറ്റുമുട്ടാൻ സർക്കാരില്ലെന്നും എന്നാൽ ഭരണപരമായ അവകാശങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണക്കൊള്ളക്കേസ് നിലച്ചു
ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണം നിലച്ച അവസ്ഥയിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) കേസ് അന്വേഷിക്കുന്നത്. അതിനാൽ സർക്കാരിന് റിപ്പോർട്ട് ലഭിക്കുന്നില്ല. ഈ വിഷയത്തിൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സ്വർണം മോഷ്ടിച്ചതാര് എന്ന ചോദ്യം വലിയ തോതിൽ ചർച്ചയായിരുന്നു. കേസ് തെളിയണമെങ്കിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കണം. നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം നൽകാൻ കോടതി നിർദേശിക്കാത്തത് പ്രതികൾക്ക് സഹായകമാകും. തെളിവുകൾ നശിപ്പിക്കാൻ വൈദഗ്ധ്യമുള്ളവരാണ് ഇതിന് പിന്നിൽ. ഈ നിസഹായാവസ്ഥയിലാണ് കഴിഞ്ഞ ദിവസം താൻ കോടതിയെക്കുറിച്ച് പരാമർശം നടത്തിയതെന്നും മന്ത്രി വിശദീകരിച്ചു.
നിയമനങ്ങളിലെ ഇരട്ടത്താപ്പ്
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ സർക്കാരിന് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കേണ്ടതുണ്ട്. കൊച്ചി, മലബാർ ദേവസ്വം കമ്മിഷണർമാരെ സർക്കാരിന് നേരിട്ട് നിയമിക്കാം. എന്നാൽ തിരുവിതാംകൂർ ദേവസ്വം കമ്മിഷണറെ നിയമിക്കാൻ സർക്കാർ പട്ടിക തയ്യാറാക്കി കോടതിക്ക് നൽകുകയും, കോടതി അന്തിമ തീരുമാനമെടുക്കുകയും ചെയ്യുന്നതാണ് നിലവിലെ രീതി. ഈ ന്യൂനതയാണ് താൻ ചൂണ്ടിക്കാണിച്ചത്. സർക്കാരിൻ്റെ തീരുമാനങ്ങളിൽ തെറ്റുണ്ടെങ്കിൽ കോടതിക്ക് ഇടപെടാം. പല കേസുകളിലും സർക്കാരിന് അനുകൂലമായും പ്രതികൂലമായും വിധികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ദേവസ്വം വിഷയത്തിൽ സർക്കാരിന് യാതൊരു സ്വാതന്ത്ര്യവുമില്ല. ഇത് കോടതിയോടുള്ള അനാദരവല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്ത്രി മാറ്റം ബോർഡ് തീരുമാനിക്കണം
ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്ന് താഴമൺ കുടുംബത്തെ മാറ്റണമെന്ന് ബി.ജെ.പി നേതാവ് ആവശ്യപ്പെട്ട വിഷയം സർക്കാരിൻ്റെ പരിഗണനയിലില്ല. നിലവിലെ നിയമപ്രകാരം തന്ത്രി കുടുംബത്തിനാണ് ഇതിനുള്ള അവകാശം. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ദേവസ്വം ബോർഡാണ്. എന്നാൽ നിലവിലെ തന്ത്രി സംശയത്തിൻ്റെ നിഴലിലായതിനാൽ, പകരം മകനെ ചുമതലപ്പെടുത്തണമെന്ന് അദ്ദേഹം തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയാതെ ദേവസ്വം ബോർഡ് വിഷയം ഹൈക്കോടതിക്ക് വിട്ടു. കോടതിയുടെ ഇടപെടൽ ഉള്ളതിനാൽ ബോർഡിനും സർക്കാരിനും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന് കൈയും കെട്ടി നോക്കിനിൽക്കാനാകില്ല. തീരുമാനങ്ങളിൽ തെറ്റുണ്ടെങ്കിൽ തിരുത്താൻ കോടതിക്ക് അധികാരമുണ്ട്. വിധിയിൽ വിയോജിപ്പുണ്ടെങ്കിൽ സർക്കാരിന് മേൽക്കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് കാലത്തെ സാമ്പത്തിക തട്ടിപ്പ്
മുൻ സർക്കാരിൻ്റെ കാലത്ത് കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കിയ ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോഗ്യവകുപ്പിൽ ഉപകരണങ്ങൾ വാങ്ങിയതിലും മറ്റ് ഇടപാടുകളിലും നടന്ന ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഉത്തരവിട്ടത് ഈ സാഹചര്യത്തിലാണെന്നും മന്ത്രി കെ. മുരളീധരൻ കൂട്ടിച്ചേർത്തു.







