വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, മയക്കുവെടി വയ്ക്കാൻ ഉത്തരവ്
വയനാട്: ജനവാസ മേഖലയിൽ ഭീതിപരത്തിയ കടുവയെ 28 മണിക്കൂറുകൾക്ക് ശേഷം പനമരം മേച്ചേരി വയൽ മേഖലയിലാണ് വനംവകുപ്പ് സംഘം കണ്ടെത്തിയത്. ഇവിടെ കടുവ വിശ്രമിക്കുന്നതായാണ് ഉദ്യോഗസ്ഥർക്ക് മനസിലാക്കാൻ സാധിച്ചത്. തിങ്കളാഴ്ച രാത്രി വയലിലൂടെ രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാണ് കടുവ പുളിക്കലിൽ എത്തിയത്.
നിലവിൽ കടുവ നിലയുറപ്പിച്ച പ്രദേശത്തിന് ചുറ്റും നൂറിലധികം വരുന്ന ആർആർടി സംഘത്തെ വിന്യസിച്ചിട്ടുണ്ട്. നീർവാരം വനത്തിലേക്കുള്ള വഴിമാത്രം തുറന്നിട്ട് ജനവാസ മേഖലയെ പൂർണമായും സുരക്ഷിതമാക്കിയുള്ള ദൗത്യമാണ് രണ്ടാം ദിനം വനംവകുപ്പ് നടത്തിയത്. പാതിരി വനമേഖലയുടെ ഭാഗമായ നീർവാരം വനത്തിൽ നിന്നുമെത്തിയ കടുവ തിരിച്ച് കാടുകയറുമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ.
വയനാട് വന്യജീവി സങ്കേതത്തിൽ ഡാറ്റബേസിലുള്ള ഡബ്ല്യുഡബ്ല്യുഎൽ 112 എന്ന കടുവയാണിതെന്ന് വനപാലകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് വരെ ആളുകളെയോ വളർത്തുമൃഗങ്ങളെയോ ആക്രമിച്ചിട്ടില്ലാത്ത കടുവയാണിതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കടുവയെ പാതിരിയമ്പം വനമേഖലയിലേക്ക് കയറ്റിവിടാനാണ് ശ്രമിക്കുന്നതെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമൻ അറിയിച്ചു. എൺപതംഗ വനപാലക സംഘമാണ് ദൗത്യത്തിനായി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. തെർമൽ ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കടുവയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പനമരം ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങിയ പശ്ചാത്തലത്തിൽ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഡിആർ മേഘശ്രീ ഡിസംബർ 17ന് അവധി പ്രഖ്യാപിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടത്തിൻ്റെ നടപടി.
പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒമ്പത്, 14, 15 വാർഡുകളായ നീർവാരം, അമ്മാനി, നടവയൽ, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേർമല ഭാഗങ്ങളിലെയും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 19, 20 വാർഡുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ബാധകമാവുക. സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് കലക്ടർ അറിയിച്ചിട്ടുണ്ട്. കൂടാതെ ഈ ദിവസങ്ങളിൽ നടക്കാനിരിക്കുന്ന പരീക്ഷകൾക്കും അവധി ബാധകമായിരിക്കും.
ദൗത്യസംഘവും സന്നാഹങ്ങളും
ജനവാസകേന്ദ്രമായ പച്ചിലക്കാട് പഠിക്കംവയലിൽ തിങ്കളാഴ്ച എത്തിയ കടുവയെ ആവശ്യമെങ്കിൽ മയക്കുവെടി വയ്ക്കുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഉത്തരവിട്ടിട്ടുണ്ട്. ചീക്കല്ലൂരിലെ പുളിക്കലിൽ കാടുമൂടിയ വയലിൽ നിലയുറപ്പിച്ച കടുവ സ്വാഭാവികമായി വനത്തിലേക്ക് തിരിച്ചുകയറാതെ ജനജീവിതത്തിന് ഭീഷണിയായി അടിയന്തര സാഹചര്യമുണ്ടായാൽ മാത്രമേ വെടിവയ്ക്കുന്നതിന് ഉത്തരവിൽ അനുമതിയുള്ളൂ. അടിയന്തരഘട്ടമുണ്ടായാൽ മയക്കുവെടി വയ്ക്കുന്നതിന് ഉൾപ്പെടെയുള്ള മുൻകരുതലുകളുടെ ഭാഗമായി ഡോ. അജേഷ് മോഹൻദാസിൻ്റെ നേതൃത്വത്തിലുള്ള വെറ്ററിനറി ഡോക്ടർമാരും പ്രദേശത്ത് സജ്ജരായിട്ടുണ്ട്.
ദൗത്യത്തിൻ്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ മുത്തങ്ങയിൽനിന്ന് ഭരത്, വിക്രം എന്നീ രണ്ട് കുങ്കി ആനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. പുളിക്കലിൽ കടുവയ്ക്കായി കൂടും സ്ഥാപിച്ചു. ഇന്നലെ കടുവയെ കണ്ട പഠിക്കംവയൽ മേഖലയിൽ നിന്ന് നാല് കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോൾ കണ്ടെത്തിയ മേച്ചേരി വയൽ മേഖല. ഇന്ന് രാവിലെ ഇവിടെ കടുവയുടെ കാൽപ്പാട് കണ്ടതോടെയാണ് പ്രദേശത്ത് വ്യാപക തെരച്ചിൽ ആരംഭിച്ചത്. പ്രദേശം വനപാലക സംഘം പൂർണമായും വളഞ്ഞിരിക്കുകയാണ്. കടുവാഭീതിയുള്ളതിനാൽ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിൽ നിരോധനാജ്ഞ തുടരുകയാണ്. മേച്ചേരി, പുളിക്കൽ ഭാഗത്തെ കുടുംബങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പച്ചിലക്കാട് പഠിക്കംവയലിലാണ് കഴിഞ്ഞദിവസം കടുവയെ ആദ്യം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ പഠിക്കംവയൽ ഉന്നതിയിലെ ബിനുവും കൂട്ടരുമാണ് കടുവയെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കമ്പളക്കാട് പൊലീസും വെള്ളമുണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാൽപ്പാടുകൾ കണ്ടെത്തുകയും പിന്നീട് നടത്തിയ ഡ്രോൺ പരിശോധനയിൽ വനംവകുപ്പിൻ്റെ ഹെലി കാമറയിൽ കടുവയുടെ ദൃശ്യം പതിയുകയുമായിരുന്നു. ഇതോടെ പ്രദേശത്ത് കൂട് സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.
ആശങ്കയൊഴിയാതെ ജനവാസമേഖല
കടുവയെ കണ്ടെത്തുന്നതിനായി വനംവകുപ്പ് നടത്തിയ ഊർജിതമായ തെരച്ചിലിനിടെ പച്ചിലക്കാട് ജനവാസ മേഖലയിൽ വലിയ പരിഭ്രാന്തിയാണ് ഉണ്ടായത്. കടുവയെ പുറത്തുചാടിക്കാനായി ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചിരുന്നു. പുളിക്കൽ ഭാഗത്തായിരുന്നു കടുവ ഉണ്ടായിരുന്നത്. അവിടെ നിന്നും പടക്കം പൊട്ടിച്ചപ്പോൾ കടുവ നേരെ ഓടി മാറിയത് റോഡിലേക്കാണ്. തോട്ടം വഴി റോഡിലേക്ക് കടുവ എത്തിയത് വലിയ ആശങ്ക സൃഷ്ടിച്ചു. നേരത്തെ കടുവ നീർവാരം വനമേഖലയിലേക്ക് പോകുമെന്നായിരുന്നു വനംവകുപ്പ് കരുതിയിരുന്നത്. എന്നാൽ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് കടുവ നേരെ എതിർഭാഗത്തേക്കാണ് മാറിയത്.
കടുവ വീണ്ടും ജനവാസ മേഖലയിലേക്ക് തന്നെ കയറിയതിനാൽ അവിടെയുള്ള എല്ലാവരോടും എത്രയും വേഗം സ്ഥലത്തുനിന്ന് മാറിനിൽക്കാൻ ഉദ്യോഗസ്ഥർ കർശന നിർദേശം നൽകി. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരോട് അവിടെ നിന്നും പെട്ടെന്ന് മാറാൻ വനംവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ചീക്കല്ലൂർ, പുളിക്കൽ പ്രദേശത്താണ് ആദ്യം കടുവ ഉണ്ടായിരുന്നതെങ്കിലും അവിടെ നിന്നും മാറി കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പച്ചിലക്കാട് പ്രദേശത്തേക്ക് കടുവ എത്തിയത് ദൗത്യം അത്യന്തം ദുഷ്കരമാക്കിയിരിക്കുകയാണ്. നിലവിൽ പ്രദേശം വനംവകുപ്പിൻ്റെ പൂർണ നിയന്ത്രണത്തിലാണ്.








