എല്ലാ ശനിയും അവധിയാക്കണം; ബാങ്ക് ജീവനക്കാർ പണിമുടക്കില്‍,

0
34

അഖിലേന്ത്യാ തലത്തിൽ ബാങ്ക് പണിമുടക്ക്. എല്ലാ ശനിയാഴ്‌ചകളും അവധി ദിവസമാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. ബാങ്കിൻ്റെ ഓൺലൈൻ സേവനങ്ങൾക്ക് തടസമില്ല.

ന്യൂഡൽഹി: ബാങ്ക് ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി പണി മുടക്കുന്നു. പൊതുമേഖലാ ബാങ്കുകളുടെ അടക്കം പ്രവര്‍ത്തനങ്ങള്‍ തടസപ്പെടും. ഇടപാടുകാര്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ബാങ്കുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടപാടുകാര്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങളില്‍ മുന്‍കൂര്‍ ഖേദപ്രകടനവും നടത്തിയിട്ടുണ്ട്. ഒന്‍പത് സംഘടനകളുടെ കൂട്ടായ്‌മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) ആണ് പണിമുടക്കുന്നത്.

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്‌ചയിൽ അഞ്ചുദിവസമാക്കണം എന്നതാണ് ജീവനക്കാരുടെ ഒൻപത് സംഘടകളുടെ കൂട്ടായ്‌മയായ യുഎഫ്‌ബി മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യം. തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ജനുവരി 23 ന് ലേബർ കമ്മിഷണറുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. 24 ശനി 25 ഞായർ ബാങ്ക് അവധിയായിരുന്നു. 26 റിപ്പബ്ലിക് ദിനവും. ഇന്നത്തെ പണിമുടക്കും ചേർത്ത് നാല് ദിവസമാണ് ബാങ്കുകൾ അടഞ്ഞുകിടക്കുന്നത്.

നിലവിൽ മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകൾ ബാങ്ക് ജീവനക്കാർക്ക് അവധി ദിനമാണ്. ഇത് എല്ലാ ശനിയാഴ്‌ചകളും ആക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതിനായി എല്ലാ ദിവസവും നാൽപ്പത് മിനിറ്റ് അധികം ജോലി ചെയ്യാമെന്നും ജീവനക്കാർ അറിയിച്ചിരുന്നു.

ഏറെ നാളായി ഉന്നയിക്കുന്ന ജീവനക്കാരുടെ ആവശ്യം പരിഗണിക്കാത്തതിനാലാണ് പണിമുടക്കിലേയ്‌ക്ക് നീങ്ങുന്നത് എന്നാണ് യൂണിയൻ നേതൃത്വം പറയുന്നത്. പണം പിൻവലിക്കൽ, ചെക്കുകൾ പാസാക്കൽ, പണം നിക്ഷേപിക്കൽ, ഭരണപരമായ നടപടികൾ തുടങ്ങിയവയുടെ പ്രവർത്തനം തടസപ്പെടും.

അതേസമയം ബാങ്ക് യൂണിയനുകൾ പണിമുടക്കുന്നതിനെത്തുടർന്ന് ധനകാര്യ സേവന വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്നലെ യോഗം ചേർന്നിരുന്നു. ബാങ്കിംഗ് പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബാങ്കുകളോട് നിർദേശിച്ചു. പ്രത്യേകിച്ച് ഉപഭോക്തൃ സേവനങ്ങൾ, ക്ലിയറിംഗ്,സെറ്റിൽമെൻ്റ് സംവിധാനങ്ങൾ, ഡിജിറ്റൽ ചാനലുകൾ, ബിസിനസ് എന്നിവയിൽ.

പണിമുടക്ക് ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാമെങ്കിലും ഇൻ്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, ഇലക്‌ട്രോണിക് പേയ്‌മെൻ്റുകൾ എന്നിവയുടെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ തടസമില്ലാതെ ലഭ്യമാകുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. എടിഎമ്മുകളിൽ ആവശ്യത്തിന് പണം നിറയ്‌ക്കുന്നുണ്ടെന്നും സമയബന്ധിതമായി പണം നിറയ്‌ക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.

ജനുവരി 22,23 തീയതികളിൽ ധനകാര്യ സേവന വകുപ്പുമായി അനുരഞ്ജന യോഗങ്ങൾ നടന്നിരുന്നു. എന്നാൽ കൃത്യമായ സമയപരിധി നിശ്ചയിച്ചിരുന്നില്ല. തുടർന്നാണ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്‌തത് എന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് കോൺഫെഡറേഷൻ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here