സർക്കാരുമായി രണ്ട് തവണ ചർച്ചകൾ നടത്തിയിട്ടും നിലപാടൊന്നും കാണാതെ വന്നതിന് പിന്നാലെയാണ് ഡോക്‌ടർമാർ സമരം നടത്താൻ തീരുമാനിച്ചത്. വിദ്യാർഥി സംഘടകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്‌ടർമാർ ഇന്ന് സൂചനാപണിമുടക്കില്‍. ഒപി അടക്കം ബഹിഷ്ക്കരിച്ച് കൊണ്ടാണ് ഡോക്‌ടര്‍മാരുടെ സമരം. ശമ്പള പരിഷ്‌ക്കരണ കുടിശിക അന്യായമായി നീട്ടിവയ്‌ക്കുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സമരത്തിലേയ്‌ക്ക് കടക്കുന്നത്. ഇന്ന് അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകളും മറ്റ് ചികിത്സകളും നടത്തില്ല.
ആശുപത്രികളിലെ ഐസിയു, ഐപി ചികിത്സ, ക്വാഷ്വാലിറ്റി, ലേബർ റൂം, അടിയന്തര ശസ്‌ത്രക്രിയകൾ, മറ്റ് അടിയന്തര ചികിത്സകൾ, പോസ്‌റ്റ് മോർട്ടം പരിശോധനകൾ തുടങ്ങിയ അവശ്യ സേവനങ്ങളെ ഇന്നത്തെ പ്രതിഷേധ പരിപാടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണ കുടിശിക പൂർണമായി നൽകിയിട്ടും മെഡിക്കൽ കോളജ് ഡോക്‌ടർമാരുടെ ശമ്പള പരിഷ്‌കരണ കുടിശിക അന്യായമായി നീട്ടിവയ്ക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇത് അവസാനിപ്പിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
തന്നെയുമല്ല ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, അന്യായമായ പെൻഷൻ സീലിംഗ് കേന്ദ്രനിരക്കിൽ പരിഷ്‌കരിക്കുക, എൻട്രി കേഡർ തസ്‌തികയിൽ വെട്ടിക്കുറച്ച തുക പുനഃസ്ഥാപിക്കുക, താത്‌ക്കാലിക കൂട്ടസ്ഥലം മാറ്റങ്ങൾ ഒഴിവാക്കുക, ആവശ്യത്തിന് തസ്‌തികകൾ സൃഷ്‌ടിച്ച് മെഡിക്കൽ കോളജുകളുടെ പ്രവർത്തനം സുഗമമാക്കുക, മെഡിക്കൽ കോളജുകളിൽ രോഗികൾക്കും ഡോക്‌ടർമാർക്കും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ഡിഎ കുടിശിക നൽകുക തുടങ്ങി നിരവധി ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
വർഷങ്ങൾക്ക് മുൻപേ മെഡിക്കൽ മേഖലയിൽ സർക്കാർ നിരവധി വാദ്‌ഗാനങ്ങൾ നൽകിയിട്ടുള്ളതാണ്. എന്നാൽ ഇതുവരെ വാഗ്‌ദാനങ്ങളൊന്നും പാലിക്കാത്തതിനെ തുടർന്ന് 2025 ജൂലൈ ഒന്നു മുതൽ പ്രതിഷേധത്തിലാണെന്നും കെജിഎംസിടിഎ (കേരള ഗവൺമെൻ്റ് മെഡിക്കൽ കോളജ് ടീച്ചേർഴ്‌സ് അസോസിയേഷൻ) അറിയിച്ചു. എന്നാൽ കഴിഞ്ഞ ജൂലൈ മുതൽ സർക്കാർ ഡോക്‌ടർമാരുമായി രണ്ട് തവണ മാത്രമേ ചർച്ചകൾ നടത്തിയിട്ടുള്ളൂ.
എന്നാൽ ചർച്ചകൾക്കൊടുവിൽ സർക്കാർ അനുകൂല നിലപാടെടുക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും എൻഡ്രിക്കേഡർ തസ്‌തികയിലേയ്‌ക്കുള്ളവർക്ക് ചെറിയ തുക മാത്രം കൂട്ടിനൽകി ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് ഡോക്‌ടർമാർ അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചത്.
സമരത്തിൻ്റെ ആദ്യ പടിയെന്നോണം കഴിഞ്ഞ വ്യാഴാഴ്‌ച മുതൽ അധ്യാപകര്‍ ബഹിഷ്‌ക്കരണം തുടങ്ങിവച്ചു. എന്നാലിത് ബാധിച്ചത് എംബിബിഎസ് പരീക്ഷയ്‌ക്ക് തയ്യാറാകുന്ന വിദ്യാർഥികളെയും പാരാമെഡിക്കൽ, നഴ്‌സിങ് വിദ്യാർഥികളെയുമാണ്. ഇത് തങ്ങളുടെ ഭാവിയെക്കൂടി ബാധിക്കുന്ന പ്രശ്‌നമായതിനാൽ മെഡിക്കൽ വിദ്യാർഥികളും സമരത്തിന് പൂർണ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡോക്‌ടർമാർക്കൊപ്പം വിദ്യാർഥികളും സമരത്തിൽ പങ്കുചേരുന്നു.







