ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) ഭീകരരെ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഭീകരകേന്ദ്രങ്ങൾ തകർത്തതായും ആക്രമണം അത്യന്തം മാരകമായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപ് അധികാരമേറ്റ ശേഷം നൈജീരിയയിൽ നടത്തുന്ന ആദ്യത്തെ പ്രധാന സൈനിക നടപടിയാണിത്.
“കൊല്ലപ്പെട്ട ഭീകരർ ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ” എന്ന കുറിപ്പോടെയാണ് ട്രംപ് ആക്രമണ വിവരം പങ്കുവെച്ചത്. നൈജീരിയയിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ഭീകരാക്രമണങ്ങൾ തടയുന്നതിൽ പ്രാദേശിക ഭരണകൂടം പരാജയമാണെന്ന് ട്രംപ് നേരത്തെ വിമർശിച്ചിരുന്നു. ഒക്ടോബർ മുതൽ തന്നെ ഇത്തരമൊരു സൈനിക നടപടിയുടെ സൂചനകൾ ട്രംപ് നൽകിയിരുന്നു.
ഈ സൈനിക നീക്കം നൈജീരിയൻ ഭരണകൂടത്തിന്റെ അറിവോടെയാണെന്നാണ് റിപ്പോർട്ടുകൾ. ഭീകരതയ്ക്കെതിരെ അമേരിക്കയുമായി സഹകരിച്ച് പ്രവർത്തിക്കാൻ നൈജീരിയൻ സർക്കാർ സമ്മതിച്ചിട്ടുണ്ട്. അടുത്തിടെ സിറിയയിലും യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു. രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടതിലുള്ള തിരിച്ചടിയായിരുന്നു സിറിയയിലെ നീക്കം.







