ഇന്ത്യ-യുഎസ് വ്യാപാര കരാർ വൻ നേട്ടമെന്ന് പീയുഷ്‌ ഗോയൽ, മോദി വിട്ടുവീഴ്‌ച ചെയ്‌തെന്ന് പ്രതിപക്ഷം;

0
21

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ച് ലോക്‌സഭയിൽ പ്രതിപക്ഷ-ഭരണപക്ഷ വാക്‌പോര് മുറുകുന്നു. കരാറിൻ്റെ നേട്ടങ്ങള്‍ ലോക്‌സഭയിൽ വാണിജ്യ മന്ത്രി പീയുഷ്‌ ഗോയൽ ഉയര്‍ത്തിക്കാട്ടുന്നതിനിടെ പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. ഇതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണി വരെ സഭ നിര്‍ത്തിവച്ചു.

കൃഷി, ക്ഷീരോൽപ്പാദനം തുടങ്ങിയ പ്രധാന മേഖലകളെ സംരക്ഷിക്കുന്നതിൽ ഇന്ത്യ വിജയിച്ചുവെന്ന് ഗോയൽ പറഞ്ഞു. പരസ്‌പര ആനുകൂല്യങ്ങൾ കണക്കിലെടുത്ത്, ഇരു രാജ്യങ്ങളും തങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് പരമാവധി നേട്ടമുണ്ടാക്കുന്ന നടപടികൾ സ്വീകരിക്കുന്നത് സ്വാഭാവികമാണ്. ചർച്ചകൾക്കിടെ, കൃഷി, ക്ഷീരോൽപ്പാദനം തുടങ്ങിയ സുപ്രധാന മേഖലകളിൽ ഇന്ത്യതങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിജയിച്ചുവെന്നും പ്രതിപക്ഷാംഗങ്ങളുടെ മുദ്രാവാക്യ വിളികള്‍ക്കിടയില്‍ ഗോയൽ ലോക്‌സഭയിൽ പറഞ്ഞു.

പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലൂടെ താരിഫ് നിരക്കുകൾ 18% ആയി കുറച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് വിപണിയിൽ മത്സരിക്കുന്ന രാജ്യങ്ങൾക്ക് ചുമത്തിയതിനേക്കാൾ കുറവ് താരിഫ് നിരക്കാണ് ഇതെന്നും വികസിത ഭാരത്, ആത്മനിർഭർ ഭാരത് പദ്ധതികളെ പ്രോത്സാഹിപ്പിക്കാൻ വ്യാപാര കരാർ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശനത്തിനുശേഷം, ഇരു രാജ്യങ്ങളും ഒരു കരാറിനെക്കുറിച്ച് ചർച്ചകൾ നടത്തിവരികയാണ്. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളിലെയും നയതന്ത്രജ്ഞർ വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്” ഗോയൽ പറഞ്ഞു. സാധാരണക്കാർക്കും കർഷകർക്കും യുവജനങ്ങൾക്കും ഗ്രാമീണർക്കും കരാറിൻ്റെ ഗുണഫലം ലഭിക്കുമെന്നും ദേശീയതാത്‌പര്യം ഉയർത്തിക്കാട്ടുന്നതും ഭാവിയിലേക്കുള്ള ഇന്ത്യയുടെ വളർച്ച ശക്തിപ്പെടുത്തുന്നതുമാണ് വ്യാപാര കരാർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെൻ്റിൻ്റെ ഇരുസഭകളിൽ നടന്നു കൊണ്ടിരിക്കുന്ന “രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്” പ്രധാനമന്ത്രി മോദി മറുപടി നൽകും. ജനുവരി 28 ന് ബജറ്റ് സമ്മേളനത്തിൻ്റെ തുടക്കത്തിൽ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് പ്രസിഡൻ്റ് ദ്രൗപതി മുർമു നടത്തിയ പ്രസംഗത്തിന് ശേഷമാണ് പ്രമേയം അവതരിപ്പിക്കുന്നത്.

കേന്ദ്രമന്ത്രി പീയൂഷ് ഗോയലിൻ്റെ പ്രസംഗത്തിനിടെ പ്രതിപക്ഷം ലോക്‌സഭയിൽ മുദ്രാവാക്യങ്ങളും ബാനറുകളും ഉയർത്തി പ്രതിഷേധിച്ചു. മാണിക്കം ടാഗോർ, കിരൺ റെഡി, പ്രശാന്ത് പഡോൾ, ഹൈബി ഈഡൻ, അമരീന്ദർ സിംഗ് രാജ വാറിംഗ്, ഗുർജീത് ഔജ്‌ല, എസ് വെങ്കട്ട് രാമൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവരെ സഭയിൽ നിന്ന് സസ്‌പെൻ്റ് ചെയ്‌തു.

ലോക്‌സഭയിൽ നിന്ന് പാർട്ടി അംഗങ്ങളെ സസ്‌പെൻഡ് ചെയ്‌തതിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ പാർലമെൻ്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. മോദി പൂര്‍ണമായും കീഴടങ്ങി, വിട്ടുവീഴ്‌ച ചെയ്‌തു” എന്നീ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സാമ്പത്തിക, ഊർജ്ജ, വിദേശനയ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകളെ കുറിച്ച് കോൺഗ്രസ് എംപി മനീഷ് തിവാരി ലോക്‌സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ച് വിശദമായ ചർച്ച നടത്തണമെന്നും ഈ വിഷയം വളരെ പൊതു പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനും അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി ഗണ്യമായി വർധിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചെന്ന യുഎസ് പ്രസിഡൻ്റിൻ്റെ പ്രസ്‌താവനയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് തിവാരി ആവശ്യപ്പെട്ടു.

ലോക്‌സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കത്തിന് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു മറുപടി നൽകി. ‘ഏകപക്ഷീയമായി പാർലമെൻ്റിൽ ആർക്കും സംസാരിക്കാൻ കഴിയില്ല. ഇത് ഇന്ത്യയുടെ പാർലമെൻ്റാണ്, നിങ്ങൾ നിയമങ്ങൾക്കനുസൃതമായി സംസാരിക്കേണ്ടതുണ്ട്’ മന്ത്രി പറഞ്ഞു. സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് ഇന്നും ഇന്നലെയുമായി ലോക്‌സഭ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here