ഫിറ്റ് ഹോഗ ഭാരത്’ പ്ലാറ്റ്‌ഫോമിലെ വിദഗ്‌ധർ നിർദേശിക്കുന്ന ചില പ്രതിവിധികൾ ഇതാ. ആരുടെയും സഹായമില്ലാതെ നിങ്ങൾക്ക് തന്നെ പൊണ്ണത്തടിയും കൊളസ്‌ട്രോളും കുറയ്‌ക്കാം.
യുവാക്കളിലെ അമിതവണ്ണവും കൊളസ്‌ട്രോളും വർധിച്ച് വരുന്നൂവെന്ന റിപ്പോര്‍ട്ടുകളാണ് ദിനംപ്രതി പുറത്ത് വരുന്നത്. ഇങ്ങനെ പോയാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഓരോ മൂന്നിൽ രണ്ട് പേർക്കും അമിതവണ്ണം ഉണ്ടായേക്കാമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. നിലവിൽ പല ആളുകളും ഈ ശാരീരിക പ്രശ്‌നങ്ങൾ കാരണം വലയുന്ന കാഴ്‌ചയാണ് കാണാൻ കഴിയുന്നത്.
ഈ സാഹചര്യത്തിൽ അമിതവണ്ണത്തിനും കൊളസ്‌ട്രോളിനും പിന്നിലെ കാരണം എന്തെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ദൈനംദിന ഭക്ഷണക്രമത്തിലാണോ, ജീവിതചര്യയിലാണോ പ്രശ്‌നം എന്ന് എപ്പോഴെങ്കിലും കണ്ടെത്താൻ ശ്രമിക്കുന്നത് ഉപകാരപ്പെട്ടേക്കും. എന്നാലിതിനെപ്പറ്റി ‘ഫിറ്റ് ഹോഗ ഭാരതി’ൽ നിന്നുള്ള വിദഗ്‌ധർ പറയുന്നത് എന്തെന്ന് ശ്രദ്ധിക്കൂ.
അമിതവണ്ണത്തിനും കൊളസ്‌ട്രോളിനും ഒരു പ്രധാന കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണെന്നാണ് വിദഗ്‌ധ അഭിപ്രായം. ഇതിലെ പ്രധാന വില്ലൻ എണ്ണ തന്നെയാണ്. ഭക്ഷണത്തിൽ ഉപയോഗിക്കുന്ന എണ്ണ ഏതെന്നും ഭക്ഷണത്തിൽ എണ്ണ എത്രമാത്രം ഉൾപ്പെടുത്തണം എന്നതിനെക്കുറിച്ചും ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിനായി വിദഗ്‌ധർ ചില നിർദേശങ്ങളും മുന്നോട്ട് വയ്‌ക്കുന്നുണ്ട്.
ജീവിതശൈലികൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. മൊബൈൽ ഫോണുകൾ നമ്മുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയതോടെ നിസാര കാര്യത്തിന് പോലും പുറത്ത് പോകാൻ മടിക്കുന്ന അവസ്ഥയായി. തന്നെയുമല്ല വ്യായാമം ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവ് വന്നു. ശാരീരിക പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതാണ് നടത്തം. ഇവയെല്ലാം കാലാന്തരത്തിൽ കുറഞ്ഞ് വന്നപ്പോൾ ഇതിൻ്റെ പ്രതിഫലനമെന്നോണം ജീവിതശൈലി രോഗങ്ങളും വന്നെത്തി. ഈ ജീവിത രീതി തന്നെയാണ് പൊണ്ണത്തടിയ്‌ക്കും കാരണമെന്ന് വിദഗ്‌ധര്‍ പറയുന്നു.
എന്നാൽ അമിതഭാരവും പൊണ്ണത്തടിയും ഒരുപോലെയാണെന്നാണ് പലരും കരുതുന്നത്. വാസ്‌തവത്തിൽ രണ്ടും രണ്ടാണ്. എല്ലാ പ്രായക്കാരെയും പൊണ്ണത്തടി കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നത്. 1975 മുതലുള്ള കണക്കുകൾ നോക്കിയാൽ പൊണ്ണത്തടിയുള്ളവരുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായി വർധിച്ചുവെന്ന് വിദഗ്‌ധർ പറയുന്നു. എന്നാലിതിലും ആശങ്കാജനകമായ കാര്യമാണ് കുട്ടികളിലും കൗമാരക്കാരിലും പൊണ്ണത്തടി ഏകദേശം അഞ്ച് മടങ്ങ് വർധിച്ചു എന്നത്.
എന്താണ് അമിതവണ്ണം?
ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന തലത്തിലേക്ക് ശരീരത്തിലെ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്ന അവസ്ഥയ്‌ക്കാണ് വിദഗ്‌ധർ പൊണ്ണത്തടിയെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ഉയർന്ന രക്തസമ്മർദം, പ്രമേഹം, അർബുദങ്ങൾ തുടങ്ങിയവയ്‌ക്കും ഏറെ സാധ്യതയൊരുക്കുന്നു. പൊണ്ണത്തടി ഒരു വിട്ടുമാറാത്ത അവസ്ഥയായി കണക്കാക്കപ്പെടുന്നു. എന്നാൽ ഭാരം കുറച്ച് നിയന്ത്രിച്ചാലും വീണ്ടും പൊണ്ണത്തടി ഉണ്ടാകാമെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.
അമിതവണ്ണത്തിനുള്ള കാരണങ്ങൾ
അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, ഹോർമോൺ അസന്തുലിതാവസ്ഥ, ശാരീരിക പ്രവർത്തനങ്ങൾ കുറയൽ, മാനസിക സമ്മർദം, ഉറക്കക്കുറവ്, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിങ്ങനെ ഒന്നിലധികം ഘടകങ്ങളാണ് പൊണ്ണത്തടിയെ സ്വാധീനിക്കുന്നത്. കൂടാതെ പാരമ്പര്യമായും പൊണ്ണത്തടി വരാവുന്നതാണ്. കാർബോഹൈഡ്രേറ്റ്, മധുര പലഹാരങ്ങൾ, കൊഴുപ്പ്, ജങ്ക് ഫുഡ് എന്നിവയുടെ അമിത ഉപയോഗം ശരീരഭാരം വർധിപ്പിക്കുകയും അത് പിന്നീട് പൊണ്ണത്തടിക്ക് കാരണമാകുകയും ചെയ്യും.
ആരെയാണ് പൊണ്ണത്തടിയായി കണക്കാക്കുന്നത്? എങ്ങനെയാണ് ഇത് അളക്കുന്നത്?
ഒരു വ്യക്തിയുടെ ഉയരവും ഭാരവും കണക്കാക്കിയാണ് സാധാരണയായി പൊണ്ണത്തടി (ബോഡി മാസ് ഇൻഡക്‌സ് (BMI)) കണക്കാക്കുന്നത്. ആദ്യം ഉയരം മീറ്ററാക്കി മാറ്റുകയും പിന്നീട് ശരീര ഭാരത്തെ (കിലോഗ്രാമിൽ) വർഗീകരിച്ച് ഉയരം കൊണ്ട് ഹരിച്ചും BMI നിർണയിക്കുന്നു.
ഉദാഹരണത്തിന്: 5 അടി ഉയരമുള്ള ഒരാൾക്ക് 60 കിലോഗ്രാം ഭാരമുണ്ടെങ്കിൽ അവരുടെ BMI ഏകദേശം 25.53 ആയിരിക്കും. 5 അടി ഉയരം 1.53 മീറ്ററിന് തുല്യമാണ്. 1.53 എന്ന വർഗീകരണം 2.35 ചതുരശ്ര മീറ്റർ നൽകുന്നു. 60 നെ 2.35 കൊണ്ട് ഹരിച്ചാൽ 25.53 BMI ലഭിക്കും.
പൊതുവേ 18.5–24.9 എന്ന BMI ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. 25 അല്ലെങ്കിൽ അതിൽ കൂടുതലുള്ള BMI അമിതഭാരമായും കാണുന്നു. അതേസമയം 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള BMI ആണ് പൊണ്ണത്തടിയായി സൂചിപ്പിക്കുന്നത്.
അമിതവണ്ണം കുറയ്ക്കാൻ കഴിയുമോ? പൊണ്ണത്തടിയെന്നത് വേഗത്തില്‍ കുറയ്‌ക്കാവുന്ന ഒന്നല്ല. മാത്രമല്ല ഇതിന് പൂര്‍ണമായ ഒരു പരിഹാരവും ഇല്ലെന്നുള്ളതാണ് വാസ്‌തവം. എന്നാല്‍ ഇത് ഒരു പരിധി വരെ നിയന്ത്രിക്കാനാകും. അതിന് നിലവിലെ ജീവിത ശൈലിയിൽ മാറ്റം വരുത്തണം. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും അധിക കാര്‍ബണ്‍ അടങ്ങിയ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുകയും വേണമെന്ന് വിദഗ്‌ധർ പറയുന്നു.
ശസ്ത്രക്രിയയും വൈദ്യസഹായവും: ചില സന്ദർഭങ്ങളിൽ പൊണ്ണത്തടിയുള്ള വ്യക്തികൾക്ക് ഡോക്‌ടർമാർ ബാരിയാട്രിക് ശസ്ത്രക്രിയ ശുപാർശ ചെയ്തേക്കാം. ജീവിത ശൈലിയിൽ സുസ്ഥിരമായ മാറ്റങ്ങളിലൂടെ ശരീര ഭാരം കുറയ്ക്കാൻ കഴിയുമെന്നും ചികിത്സയിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാമെന്നും ഗ്യാസ്ട്രോ എൻട്രോളജിസ്‌റ്റും തെറാപ്പിറ്റിക് എൻഡോസ്കോപ്പിസ്‌റ്റുമായ ഡോ.രാകേഷ് കലപാല വിശദീകരിക്കുന്നു.









