പ്രധാനമന്ത്രി നരേന്ദ്ര മോദി 23ന് തിരുവനന്തപുരത്ത് എത്തുന്നു. തിരുവനന്തപുരം കോർപറേഷൻ ബിജെപി പിടിച്ചെടുത്തതിന് പിന്നാലെയാണ് സന്ദർശനം. നഗരത്തിന്റെ വികസന ബ്ലൂപ്രിന്റ് പ്രധാനമന്ത്രി മേയർക്ക് കൈമാറും. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി 23ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം കോർപറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെയാണ് മോദിയുടെ സന്ദർശനം. തിരുവനന്തപുരം നഗരത്തിൻ്റെ വികസന ബ്ലൂപ്രിൻ്റ് പ്രധാനമന്ത്രി മേയർ വിവി രാജേഷിന് കൈമാറും. നഗരത്തിന്റെ വളർച്ചയ്ക്ക് സഹായകമാകുന്ന പദ്ധതികളും 2030 വരെയുള്ള വികസന പദ്ധതികളുമാണ് ബ്ലൂപ്രിന്റിൽ ഉൾപ്പെടുക.
വമ്പൻ റോഡ് ഷോ അടക്കം വിവിധ പരിപാടികളോടെ മോദിയെ സ്വീകരിക്കാനാണ് ബിജെപി നേതാക്കളുടെ തീരുമാനം. 23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന മോദി റോഡ് ഷോയ്ക്ക് ശേഷം പുത്തരിക്കണ്ടം മൈതാനത്ത് റെയിൽവേയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കും. കേരളത്തിന് അനുവദിച്ച നാല് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് മോദി നിർവഹിക്കും.
11 മണിക്ക് പുത്തരിക്കണ്ടം മൈതാനത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ബിജെപി പ്രവർത്തകരെ മോദി അഭിസംബോധന ചെയ്യും. കാൽ ലക്ഷം പ്രവർത്തകരെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം.
നാല് പതിറ്റാണ്ട് നീണ്ട ഇടത് ഭരണം അവസാനിപ്പിച്ചാണ് തിരുവനന്തപുരം കോർപറേഷൻ ബിജെപി പിടിച്ചെടുത്തത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ബിജെപി ഒരു കോർപറേഷൻ്റെ ഭരണം പിടിക്കുന്നത്. 101 അംഗ കോർപറേഷനിൽ 50 സീറ്റുകൾ പിടിച്ചെടുത്തായിരുന്നു ബിജെപിയുടെ മുന്നേറ്റം.
കോർപറേഷൻ ഭരണം ലഭിച്ചാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തിരുവനന്തപുരത്ത് എത്തിച്ച് നഗരത്തിന്റെ വികസന പദ്ധതി പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് 28-ാം ദിവസമാണ് മോദിയുടെ സന്ദർശനം. അതേസമയം മാലിന്യപ്രശ്നം, തെരുവുനായ ശല്യം തുടങ്ങിയ വിഷയങ്ങളിലാണ് കോർപറേഷൻ ആദ്യം ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് മേയർ വിവി രാജേഷ് വ്യക്തമാക്കിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദർശനത്തോടെ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടവും സജീവമാകും. പാർട്ടി പ്രതീക്ഷ വെക്കുന്ന എ ക്ലാസ് മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലയിലെ മോദിയുടെ സന്ദർശനം ബിജെപിക്ക് പ്രതീക്ഷ പകരുന്നുണ്ട്.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി രാജീവ് ചന്ദ്രശേഖറടക്കമുള്ള സംസ്ഥാന നേതാക്കൾ കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ച നടത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രഭാരിയായും കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ സഹപ്രഭാരിയായും നിതിൻ നബീൻ നിയമിച്ചു.







