യുഎഇയിലെ പ്രവാസികൾക്ക് ജാഗ്രത നിർദേശം. പനി സീസൺ സജീവമായതോടെ സ്വയം ചികിത്സ ഒഴിവാക്കണമെന്നും ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ആന്റിബയോട്ടിക്കുകൾൻ കഴിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശം നൽകി.
ദുബായ്: യുഎഇയിൽ പനി സീസൺ സജീവമായതോടെ പ്രവാസികൾക്ക് ആരോഗ്യ വിദഗ്ധർ കടുത്ത ജാഗ്രതാ നിർദേശം നൽകി. പനിയോ ചുമയോ വരുമ്പോൾ ഡോക്ടറുടെ നിർദേശം ഇല്ലാതെ ഒരു കാരണവശാലും ആന്റിബയോട്ടിക്കുകൾ കഴിക്കരുതെന്നും ഈ ശീലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.
പ്രവാസി സമൂഹങ്ങൾക്കിടയിൽ കണ്ടുവരുന്ന ഈ സ്വയംചികിത്സാരീതി കാരണം സൂപ്പർബഗ്ഗുകൾ എന്നറിയപ്പെടുന്ന മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകുന്നുവെന്നും ആവശ്യമില്ലാത്ത സമയത്ത് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ ബാക്ടീരിയകൾ ഈ മരുന്നുകളെ പ്രതിരോധിക്കാൻ പഠിക്കുന്നതായും പറഞ്ഞു
ഇങ്ങനെ മരുന്നുകളെ തോൽപ്പിക്കുന്ന ബാക്ടീരിയകൾ പിന്നീട് ശരിക്കും ഒരു അണുബാധ ഉണ്ടാകുമ്പോൾ മരുന്നുകൾ പ്രവർത്തിക്കാതെ വരികയും രോഗം ഗുരുതരമാവുകയും ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിക്കുകയു ചെയ്യുന്നു. സാധാരണയായി പനി, ജലദോഷം, തൊണ്ടവേദന എന്നിവയുണ്ടാകുന്നത് വൈറസുകൾ കാരണമാണ്.
റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 30 ശതമാനം വരെ ആന്റിബയോട്ടിക് ഉപയോഗം നല്ലതാണ്. എന്നാൽ രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ അണുബാധയുണ്ടെന്ന് ഉറപ്പുവരുത്താതെ മരുന്നുകൾ കഴിക്കുന്നത് രോഗിയുടെ രോഗപ്രതിരോധ ശേഷി നശിപ്പിക്കുകയാണ് ചെയ്യുന്നത്. മിക്ക പ്രവാസികളും നാട്ടിൽ നിന്ന് ആന്റിബയോട്ടിക്കുകൾ വാങ്ങി സൂക്ഷിക്കുകയും പനി വരുമ്പോൾ കഴിക്കുകയും ചെയ്യാറുണ്ട്.
എന്നാൽ ഇത് നിയമപരമായും അതുപോലെ ആരോഗ്യത്തിനും മോശമാണെന്നും നേരത്തെ ഡോക്ടർ എഴുതിത്തന്ന മരുന്ന് അതേ ലക്ഷണങ്ങൾ വീണ്ടും കാണുമ്പോൾ സ്വയം ഉപയോഗിക്കുന്നത് അപകടകരമാണ് എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. കൂടാതെ കഴിഞ്ഞ തവണ ഉപയോഗിച്ച ശേഷം ബാക്കി വന്ന ആന്റിബയോട്ടിക്കുകൾ മറ്റൊരാൾക്കോ അടുത്ത പ്രാവശ്യമോ ഒരു കാരണവശാലും ഉപയോഗിക്കാനും പാടില്ല.
അതേസമയം ‘സൂപ്പർബഗ്ഗുകളെ ചെറുക്കുക’ എന്ന ലക്ഷ്യത്തോടെ യുഎഇ ആരോഗ്യ മന്ത്രാലയവും ദേശീയ കമ്മിറ്റിയും വിവിധ ബോധവൽക്കരണ പരിപാടികൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് മുന്നറിയിപ്പ് നൽകിയത്. അതിനാൽ ഈകാര്യങ്ങൾ പ്രവാസികൾ ശ്രദ്ധിക്കണമെന്നും ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും വ്യക്തമാക്കി.








