സന: യെമനിലെ സന അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ. ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, വർഷങ്ങൾക്ക് ശേഷം മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാകുകയാണ്.
മുന്നറിയിപ്പുമായി ഹൂതികൾ
സന വിമാനത്താവളത്തിന് ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കുന്നത് വരെ സൗദി വ്യോമാതിർത്തിയിലൂടെ വിമാനങ്ങൾ പറത്തരുതെന്ന് വിമാനക്കമ്പനികൾക്ക് ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സരീ ടെലഗ്രാമിലൂടെ മുന്നറിയിപ്പ് നൽകി. ഇറാനിൽ നിന്നുള്ള വിമാനം ഇറങ്ങുന്നത് തടയാനാണ് സന വിമാനത്താവളത്തിൽ ആക്രമണം നടത്തിയതെന്ന് യെമനിലെ ഔദ്യോഗിക സർക്കാർ വ്യക്തമാക്കി. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പോയ ഹൂതി പ്രതിനിധി സംഘവുമായി മടങ്ങുകയായിരുന്ന വിമാനം തടയുകയായിരുന്നു ലക്ഷ്യം. ഇതിന് പിന്നാലെയാണ് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചത്.
യു.എൻ ഇടപെടൽ
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ചേർന്ന യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിൽ ഉദ്യോഗസ്ഥർ ആശങ്ക രേഖപ്പെടുത്തി. യെമനും വിശാലമായ പശ്ചിമേഷ്യൻ മേഖലയ്ക്കും മറ്റൊരു സംഘർഷം കൂടി താങ്ങാനാകില്ലെന്ന് യു.എൻ അസിസ്റ്റൻ്റ് സെക്രട്ടറി ജനറൽ ഖാലിദ് ഖിയാരി 15 അംഗ സമിതിയോട് പറഞ്ഞു. യു.എൻ നേതൃത്വത്തിൽ ക്രിയാത്മകമായ ചർച്ചകളിൽ ഏർപ്പെടാൻ എല്ലാ കക്ഷികളോടും അദ്ദേഹം അഭ്യർഥിച്ചു.
സൗദി അറേബ്യയുടെ വ്യോമാക്രമണത്തോടെ സമാധാന ശ്രമങ്ങൾ അവസാനിച്ചതായി യഹ്‌യ സരീ പറഞ്ഞു. രോഗികളെയും കുടുങ്ങിക്കിടക്കുന്നവരെയും കൊണ്ടുപോകുന്ന മാനുഷിക വിമാന സർവീസുകൾക്ക് സന വിമാനത്താവളം അടച്ചുപൂട്ടാനാണ് ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. 2014ൽ ഹൂതികൾ തലസ്ഥാനമായ സനയും വടക്കൻ യെമൻ്റെ ഭൂരിഭാഗവും പിടിച്ചെടുക്കുകയും സർക്കാരിനെ പുറത്താക്കുകയും ചെയ്തതോടെയാണ് യെമനിൽ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. സർക്കാരിനെ പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് തൊട്ടടുത്ത വർഷം യു.എ.ഇ ഉൾപ്പെടെയുള്ള സൗദി സഖ്യം ഇടപെടുകയായിരുന്നു. എന്നാൽ, സൗദിയും യു.എ.ഇയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് യു.എ.ഇ യെമനിൽ നിന്ന് പിന്മാറിയിരുന്നു.
സൗദിയുടെ പ്രതികരണം
തെക്കൻ മേഖലയ്ക്ക് നേരെ ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി യെമനിലെ സൗദി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി എക്സിലൂടെ അറിയിച്ചു. ഇറാൻ വിമാനം തടയാൻ സൗദി വിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായി ഹൂതികൾ ആരോപിച്ചു. എന്നാൽ, ഇറാൻ വിമാനം യെമൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനെതിരെ യെമൻ പ്രതിരോധ മന്ത്രി ജനറൽ താഹിർ അൽ അഖീലി മുന്നറിയിപ്പ് നൽകി. തങ്ങളുടെ ക്ഷമ നശിച്ചുവെന്നും, യെമൻ്റെ പരമാധികാരം ലംഘിക്കുന്ന ശത്രുവിമാനങ്ങളെ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സന വിമാനത്താവളത്തിലെ റൺവേയിൽ മിസൈൽ പതിക്കുന്നതിൻ്റെയും വലിയ പൊട്ടിത്തെറിയുടെയും ദൃശ്യങ്ങൾ ഹൂതികളുടെ നിയന്ത്രണത്തിലുള്ള അൽ മസീറ ചാനൽ പുറത്തുവിട്ടു. ഇതോടെ വിമാനം ഹൊദൈദ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായി ഹൂതികൾ അറിയിച്ചു.
വിമാനത്താവളങ്ങൾ അടച്ചു
യെമനിലെ എല്ലാ വിമാനത്താവളങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് തെക്കൻ മേഖലയിലെ സർക്കാർ പ്രഖ്യാപിച്ചു. വിമാനത്താവളവും പരിസര പ്രദേശങ്ങളും ഒഴിപ്പിക്കാൻ യെമൻ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടു. ഹൂതി പ്രതിനിധി സംഘത്തെ തിരികെ കൊണ്ടുവരാൻ ടെഹ്‌റാനിൽ നിന്ന് സനയിലേക്ക് മഹാൻ എയർ വിമാനം സർവീസ് നടത്താൻ ഇറാൻ അനുമതി തേടിയിരുന്നതായി യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ തലവൻ റഷാദ് അൽ അലിമി പറഞ്ഞു. എന്നാൽ കൗൺസിൽ ഈ അഭ്യർഥന നിരസിച്ചു. സിവിൽ ഏവിയേഷൻ നിയമങ്ങൾക്ക് വിരുദ്ധമായി ഇറാൻ വിമാനം സ്വീകരിക്കാൻ ഹൂതികൾ നിർബന്ധം പിടിക്കുകയായിരുന്നുവെന്നും കൗൺസിൽ വ്യക്തമാക്കി.
യെമൻ വ്യോമാതിർത്തിയിലെ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും സംഘർഷം വ്യാപിക്കുന്നതിൽ ആശങ്കയുണ്ടെന്നും യു.എൻ പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട്ബെർഗ് പറഞ്ഞു. 2022 മുതൽ യെമൻ അനുഭവിക്കുന്ന ആപേക്ഷിക സമാധാനം നിലനിർത്താൻ ബന്ധപ്പെട്ട കക്ഷികൾ ചർച്ചകളിൽ ഏർപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2022ൽ യു.എൻ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ നിലവിൽ വരുന്നതിന് മുൻപാണ് ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സൗദി സഖ്യം അവസാനമായി ആക്രമണം നടത്തിയത്.






