ടെഹ്‌റാൻ: ഗൾഫ് മേഖലയിൽ സൈനിക സാന്നിധ്യം തുടരുന്നതിനെതിരെ വാഷിങ്ടണിന് കർശന മുന്നറിയിപ്പുമായി ഇറാൻ. തങ്ങൾക്ക് നേരെ ഉണ്ടാകുന്ന ഏത് ഭീഷണികൾക്കും ഇറാൻ ശക്തമായ തിരിച്ചടി നൽകുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. യുദ്ധക്കളത്തിലെ പരാജയങ്ങൾക്കിടയിലും, തങ്ങളുടെ നിശ്ചയദാർഢ്യം പരീക്ഷിക്കാനാണ് അമേരിക്ക തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി അരാഗ്ചി സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.
തങ്ങളുടെ ശക്തമായ സായുധ സേന ഒരു ആക്രമണത്തിനും ഭീഷണിക്കും മറുപടി നൽകാതിരിക്കില്ലെന്നും സുരക്ഷിതരായിരിക്കണമെങ്കിൽ അമേരിക്ക തങ്ങളുടെ മേഖല വിട്ടുപോകണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി. അതിക്രമിച്ചു കടക്കുന്ന പുറത്തുനിന്നുള്ളവരുടെ ദാരുണമായ വിധികളെക്കുറിച്ച് പേർഷ്യൻ ഗൾഫിൻ്റെ ചരിത്രത്തിൽ നിരവധി അധ്യായങ്ങളുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇറാനും ഇസ്രയേലും തമ്മിലുള്ള പ്രാദേശിക സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയുമായുള്ള ഈ നേരിട്ടുള്ള ഏറ്റുമുട്ടൽ അരങ്ങേറുന്നത്. ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ബഹ്റൈനിലെ അമേരിക്കൻ നാവിക കേന്ദ്രത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഏറ്റെടുത്തതിന് പിന്നാലെയാണ് ഇറാൻ്റെ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്. ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് ഐആർജിസി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രാദേശിക സമയം പുലർച്ചെ 2.30ന് ബഹ്റൈനിലെ അമേരിക്കൻ ഫിഫ്ത് ഫ്ലീറ്റിൻ്റെ ആസ്ഥാനത്തിന് നേരെ തങ്ങളുടെ നാവിക സേന ഡ്രോൺ ആക്രമണം നടത്തിയതായി ഐആർജിസി പ്രഖ്യാപിച്ചു. ബുധനാഴ്ച പകൽ തെക്കൻ ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് ഈ ഡ്രോൺ ആക്രമണം നടത്തിയതെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വ്യക്തമാക്കി.
യുദ്ധക്കൊതിയന്മാരായ അമേരിക്കൻ ഭരണകൂടം വ്യാജ കാരണങ്ങൾ നിരത്തി ഇന്ന് പുലർച്ചെ ജാസ്ക്, സിറിക്, ഖേഷ്മ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നും സിറിക്കിലെ ഒരു ടെലികമ്യൂണിക്കേഷൻ ടവർ തകർക്കുകയും നഗരത്തിലെ രണ്ട് വാട്ടർ ടാങ്കുകൾ നശിപ്പിക്കുകയും ചെയ്തുവെന്ന് ഐആർജിസി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ശത്രുവിൻ്റെ ക്രൂരമായ നീക്കത്തിന് മറുപടിയായി, പുലർച്ചെ 2.30ന് ഐആർജിസി നാവിക പോരാളികൾ ബഹ്റൈനിലെ അഞ്ചാം നാവിക വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ബഹ്റൈനിൽ ജാഗ്രതാ നിർദേശം
ഇറാൻ്റെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ, രാജ്യത്തുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴക്കിയതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സൈറൺ മുഴക്കിയിട്ടുണ്ടെന്നും പൗരന്മാരും താമസക്കാരും ശാന്തത പാലിക്കണമെന്നും ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും ആഭ്യന്തര മന്ത്രാലയം എക്സിൽ കുറിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ ഗൾഫ് മേഖലയിലാകെ വ്യാപിക്കുമെന്ന ആശങ്ക വർധിക്കുന്നതിനിടെയാണ് ഈ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നിരവധി അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് ഗൾഫ്.
തുടക്കം ഹെലികോപ്ടർ വെടിവച്ചിട്ടതോടെ
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറക്കുകയായിരുന്ന അമേരിക്കൻ സൈന്യത്തിൻ്റെ അപ്പാച്ചെ ഹെലികോപ്ടർ വെടിവച്ചിട്ടതോടെയാണ് ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത അതിവേഗം രൂക്ഷമായത്. ഇതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ അരങ്ങേറുന്നത്. ഇറാനെതിരെ അമേരിക്കൻ സേന സ്വയം പ്രതിരോധ ആക്രമണങ്ങൾ ആരംഭിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് (സെൻ്റ്കോം) ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
അമേരിക്കൻ സൈന്യത്തിൻ്റെ അപ്പാച്ചെ ഹെലികോപ്ടർ ഇന്നലെ വെടിവച്ചിട്ടതിന് മറുപടിയായി, കമാൻഡർ ഇൻ ചീഫിൻ്റെ നിർദേശപ്രകാരം അമേരിക്കൻ സെൻട്രൽ കമാൻഡ് സേന ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഇറാനെതിരെ സ്വയം പ്രതിരോധ ആക്രമണങ്ങൾ ആരംഭിച്ചതായി സെൻ്റ്കോം എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാൻ്റെ ന്യായീകരിക്കാനാവാത്ത ആക്രമണത്തോടുള്ള ആനുപാതികമായ മറുപടിയാണ് ഈ സൈനിക നീക്കമെന്നും അവർ വിശേഷിപ്പിച്ചു.
ഹോർമുസ് കടലിടുക്കിൽ പട്രോളിങ് നടത്തുകയായിരുന്ന അപ്പാച്ചെ ഹെലികോപ്ടർ ഇറാൻ്റെ ആക്രമണത്തിൽ തകർന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്നും പ്രസിഡൻ്റ് ട്രംപ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിൽ പട്രോളിങ് നടത്തുന്നതിനിടെ അമേരിക്കയുടെ അത്യാധുനിക അപ്പാച്ചെ ഹെലികോപ്ടറുകളിലൊന്ന് ഇന്നലെ രാത്രി ഇറാനികൾ വെടിവച്ചിട്ടതായി സൈന്യം തന്നെ അറിയിച്ചുവെന്ന് ട്രൂത്ത് സോഷ്യലിൽ എഴുതിയ കുറിപ്പിൽ പ്രസിഡൻ്റ് ട്രംപ് പറഞ്ഞു. രണ്ട് പൈലറ്റുമാരാണ് അതിൽ ഉണ്ടായിരുന്നതെന്നും ഇരുവരും സുരക്ഷിതരാണെന്നും അവർക്ക് പരിക്കേറ്റിട്ടില്ലെന്നും വ്യക്തമാക്കിയ പ്രസിഡൻ്റ് ട്രംപ്, ഈ ആക്രമണത്തിന് അമേരിക്ക നിർബന്ധമായും മറുപടി നൽകേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.









