സിഎംആർഎൽ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടി.യ്ക്കും തിരിച്ചടിയായി ശശിധരൻ കർത്തയുടെ മൊഴി. പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പം കാരണമാണ് എക്‌സാലോജിക്കിന് കരാർ നൽകിയതെന്നും വീണ സിഎംആർഎല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകി. ഇതിൻറെ വിശദാംശങ്ങൾ പുറത്തുവന്നു.
2024 ഏപ്രിലിൽ തൻ്റെ വസതിയിൽ വെച്ച് നടന്ന ഇഡി ചോദ്യം ചെയ്യലിലാണ് കർത്ത വിവരങ്ങൾ വെളിപ്പെടുത്തിയത്. അതേസമയം, കമ്പനിക്ക് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്ന് വീണയും സമ്മതിച്ചതായി ഇഡി വ്യക്തമാക്കുന്നു.
സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾക്ക് മുന്നോടിയായി ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളുള്ളത്. വീണ ടി.യുടെ 16.5 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇഡി മരവിപ്പിച്ചത്. സ്വന്തം പേരിലും വിവിധ കമ്പനികളുടെ പേരിലുമുള്ള നിക്ഷേപങ്ങളാണിത്.വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ എന്ന കമ്പനിയുടെ 15.5 ലക്ഷം രൂപയും ഇഡി മരവിപ്പിച്ചു. ഇതിന് പുറമെ വീണയുടെ ബാങ്ക് ലോക്കറും മരവിപ്പിച്ചവയിൽ ഉൾപ്പെടുന്നു. ബാങ്ക് അക്കൗണ്ട് പരിശോധനയിൽ വീണയുടെ വ്യക്തിഗത അക്കൗണ്ടിൽ 1.37 ലക്ഷം രൂപയും എക്‌സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585 രൂപയുമാണ് കണ്ടെത്താനായത്. കേസിന്റെ ഭാഗമായി ശശിധരൻ കർത്തയുടെയും കുടുംബാംഗങ്ങളുടെയുമായി 26 കോടി രൂപയുടെ സ്വത്തുക്കളും ഇഡി മരവിപ്പിച്ചിട്ടുണ്ട്.







