സംസ്ഥാനത്ത് പ്രഖ്യാപനമില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്ന സാഹചര്യത്തിൽ വൈദ്യുതി വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പവർ കട്ടിന്റെ സമയം കൃത്യമായി ജനങ്ങളെ അറിയിക്കാനുള്ള മാന്യതയെങ്കിലും വൈദ്യുതി മന്ത്രി സണ്ണി ജോസഫിൽനിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.വൈദ്യുതി മന്ത്രിയെന്നതിനപ്പുറം ഭരണകക്ഷിയുടെ അധ്യക്ഷൻ കൂടിയാണ് സണ്ണി ജോസഫെന്നും അതിനാൽ ജനങ്ങളോട് അൽപമെങ്കിലും മര്യാദ കാണിക്കാൻ മന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുരേന്ദ്രൻറെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണ രൂപം:
ബഹുമാനപ്പെട്ട ശ്രീ. സണ്ണി ജോസഫ് , താങ്കൾ വൈദ്യുതി വകുപ്പിന്റെ മന്ത്രി മാത്രമല്ല ഭരണകക്ഷിയുടെ അദ്ധ്യക്ഷൻ കൂടിയാണ്. ഒരല്പം മര്യാദ പ്രജകളോട് കാണിക്കണം. പവർ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട് പൊതുജനം. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ പിന്നിലെ ശാന്തിനഗർ കോളനിയിൽ ഇന്നലെ രാത്രി രണ്ടുതവണയായി ഒന്നര മണിക്കൂറാണ് കറണ്ടുപോയത്. അപ്പോൾ പിന്നെ ബാക്കി സ്ഥലങ്ങളുടെ കാര്യം പറയാനില്ലല്ലോ.








