ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരവും ബേബി കിറ്റും നൽകുന്ന ‘തായ്‌മാമൻ തങ്ക മോതിരം’ പദ്ധതിക്ക് ഇന്ന് തുടക്കമാകും. മധുര രാജാജി സർക്കാർ ആശുപത്രിയിൽ ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് 25 നവജാത ശിശുക്കൾക്ക് മുഖ്യമന്ത്രി നേരിട്ട് സ്വർണ മോതിരവും ബേബി കിറ്റും സമ്മാനിക്കും. ഇതിനായി അദ്ദേഹം ആശുപത്രിയിലെ പ്രസവ വാർഡ് സന്ദർശിക്കും. അമ്മയുടെ സഹോദരൻ അഥവാ അമ്മാവൻ എന്നാണ് തായ്‌മാമൻ എന്നതുകൊണ്ട് അർഥമാക്കുന്നത്. സംസ്ഥാനത്തെ കുട്ടികൾക്ക് താനൊരു അമ്മാവനാണെന്ന മുഖ്യമന്ത്രിയുടെ സന്ദേശം കൂടിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മുൻ മുഖ്യമന്ത്രി സി.എൻ അണ്ണാദുരൈയുടെ ജന്മവാർഷികമായ സെപ്റ്റംബർ 15ന് പദ്ധതി ആരംഭിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശനം കാരണം ഇത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പദ്ധതി പ്രകാരം സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന ഓരോ നവജാതശിശുവിനും ഒരു ഗ്രാം ഭാരമുള്ള 22 കാരറ്റ് സ്വർണ മോതിരമാണ് ലഭിക്കുക. 2026 ജൂൺ 22 മുതൽ ജനിച്ച കുട്ടികൾക്ക് മുൻകാല പ്രാബല്യത്തോടെ പദ്ധതിയുടെ ഗുണം ലഭിക്കും. ഇതിനായുള്ള സർക്കാർ ഉത്തരവ് ജൂൺ 23ന് പുറത്തിറക്കിയിരുന്നു. പ്രതിവർഷം 755.83 കോടി രൂപയാണ് പദ്ധതിക്കായി സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്. ആദ്യഘട്ട വിതരണത്തിനായി 1.28 ലക്ഷം സ്വർണ മോതിരങ്ങൾ ഇതിനോടകം തയാറാക്കിക്കഴിഞ്ഞു. ഒരു പൈസ പണിക്കൂലിയിലാണ് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് പദ്ധതിയുടെ ടെൻഡർ എടുത്തിരിക്കുന്നത്. ജോയ് ആലുക്കാസിനൊപ്പം കല്യാൺ ജ്വല്ലേഴ്‌സിനും മോതിരം നിർമിക്കുന്നതിനുള്ള വർക്ക് ഓർഡറുകൾ സർക്കാർ നൽകിയിട്ടുണ്ട്.
തമിഴ്‌നാട്ടിലെ സ്ഥിരതാമസക്കാരായ അമ്മമാർക്ക് ജനിക്കുന്ന കുട്ടികൾക്ക് മാത്രമാണ് ഈ ആനുകൂല്യത്തിന് അർഹതയുണ്ടാവുക. ഗുണഭോക്താക്കൾ ‘പ്രഗ്നൻസി ആൻഡ് ഇൻഫൻ്റ് കോഹോർട്ട് മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ’ (പിക്മി) സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം. കൂടാതെ ‘റീപ്രൊഡക്റ്റീവ് ആൻഡ് ചൈൽഡ് ഹെൽത്ത്’ (ആർസിഎച്ച്) ഐഡിയും നിർബന്ധമാണ്. പ്രസവശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന സമയത്താണ് മോതിരവും കിറ്റും കൈമാറുക. മോതിരങ്ങളുടെ സുരക്ഷിതമായ സംഭരണത്തിനും വിതരണത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനുമായി ഓരോ ജില്ലയിലും അതത് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണ സമിതികൾ രൂപീകരിച്ചിട്ടുണ്ട്.
മാതൃത്വത്തെ ആദരിക്കുക, സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, സർക്കാർ ആരോഗ്യ സേവനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുക എന്നിവയാണ് ഈ ക്ഷേമപദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കൂടുതൽ കുടുംബങ്ങളെ സർക്കാർ സംവിധാനങ്ങളിലേക്ക് ആകർഷിച്ച് ആശുപത്രികളിലെ സുരക്ഷിതമായ പ്രസവം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ഔദ്യോഗിക കണക്കുകൾ പ്രകാരം തമിഴ്‌നാട്ടിൽ പ്രതിവർഷം 7.80 ലക്ഷത്തോളം കുട്ടികളാണ് ജനിക്കുന്നത്. നാഷണൽ ഫാമിലി ഹെൽത്ത് സർവേ-6 പ്രകാരം ഇതിൽ 99.9 ശതമാനം പ്രസവങ്ങളും നടക്കുന്നത് ആരോഗ്യസ്ഥാപനങ്ങളിലാണ്. ഇതിൽ 4.20 ലക്ഷം പ്രസവങ്ങളും സർക്കാർ ആശുപത്രികളിലാണ് നടക്കുന്നത്. സർക്കാർ ആശുപത്രികളിലെ പ്രസവങ്ങളിൽ 90 ശതമാനവും ‘കോംപ്രിഹെൻസീവ് എമർജൻസി ഒബ്‌സ്റ്റട്രിക് ആൻഡ് നിയോനാറ്റൽ കെയർ’ കേന്ദ്രങ്ങളിലാണ് കൈകാര്യം ചെയ്യുന്നത്.








