പത്തനംതിട്ട: ശബരിമല തീർഥാടനത്തിന് എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് ആശ്വാസമായി ചാലക്കയം–പമ്പ റോഡ് നവീകരണം പൂർത്തിയായി. തീർഥാടനകാലത്ത് ഗതാഗതക്കുരുക്കും യാത്രാദുരിതവും കുറയ്ക്കുന്നതിനും ഭക്തർക്ക് കൂടുതൽ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനും പുതിയ റോഡ് സൗകര്യം സഹായകമാകും. 14.14 കോടി രൂപ ചെലവിൽ 4.5 കിലോമീറ്റർ ദൈർഘ്യത്തിൽ ആധുനിക നിലവാരത്തിൽ നവീകരിച്ച റോഡിൻ്റെ നിർമാണം വെറും ഒരു മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. ഒമ്പത് മാസം നിർമാണകാലാവധി നിശ്ചയിച്ചിരുന്ന പ്രവൃത്തി റെക്കോഡ് വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞത് ശബരിമല തീർഥാടനത്തിന് മുന്നോടിയായുള്ള അടിസ്ഥാനസൗകര്യ വികസനത്തിൽ നിർണായക നേട്ടമായി.
ഒരു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി
ശബരിമല തീർഥാടനത്തിൻ്റെ പ്രധാന പാതകളിലൊന്നായ ചാലക്കയം- പമ്പ റോഡ് 4.5 കിലോമീറ്റർ ദൈർഘ്യത്തിലും 12 മീറ്റർ വീതിയിലുമാണ് നവീകരിച്ചിരിക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിലാണ് 14.14 കോടി രൂപയുടെ വികസനപ്രവൃത്തി നടപ്പാക്കിയത്. 2026 ഒക്ടോബർ 13-ന് ആരംഭിച്ച നിർമാണം നവംബർ 13-ന് പൂർത്തീകരിച്ചു.
ഒമ്പത് മാസം സമയപരിധി നിശ്ചയിച്ചിരുന്ന പ്രവൃത്തി വെറും ഒരു മാസം കൊണ്ട് പൂർത്തിയാക്കാനായത് ശ്രദ്ധേയമാണ്. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ 2026 സെപ്റ്റംബർ 18-ന് പ്രവൃത്തി പരിശോധിച്ചിരുന്നു. എം.പി ജോളിയാണ് പദ്ധതിയുടെ കരാറുകാരൻ. തീർഥാടനകാലത്ത് ആയിരക്കണക്കിന് വാഹനങ്ങളും ലക്ഷക്കണക്കിന് ഭക്തരും ആശ്രയിക്കുന്ന ഈ പാതയുടെ നവീകരണം യാത്രാസമയം കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും സഹായിക്കും.
ആധുനിക ടാറിങ്ങും സുരക്ഷാ സംവിധാനങ്ങളും
റോഡിൻ്റെ ഉപരിതലം കൂടുതൽ മികവുറ്റതും ദീർഘകാലം ഈടുനിൽക്കുന്നതുമാക്കുന്നതിനായി ആധുനിക നിർമാണരീതികളാണ് അവലംബിച്ചിരിക്കുന്നത്. അഞ്ച് സെൻ്റിമീറ്റർ കനത്തിൽ ബിറ്റുമിനസ് മെക്കാഡം (ബി.എം.) പാളിയും മൂന്ന് സെൻ്റിമീറ്റർ കനത്തിൽ ബിറ്റുമിനസ് കോൺക്രീറ്റ് (ബി.സി.) പാളിയും ഉൾപ്പെടുത്തിയാണ് ടാറിങ് നടത്തിയത്. ഇതിന് താഴെ 20 മുതൽ 30 സെൻ്റിമീറ്റർ വരെ കനത്തിൽ മെറ്റൽ നിരത്തി ഉറപ്പിച്ചാണ് റോഡിന് ബലം നൽകിയിരിക്കുന്നത്.
യാത്രാസുരക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകിയാണ് നവീകരണം നടപ്പാക്കിയത്. ആവശ്യമായ സ്ഥലങ്ങളിൽ സൈൻ ബോർഡുകൾ, ക്രാഷ് ബാരിയറുകൾ, റോഡ് മാർക്കിങ്ങുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള ഭാഗങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വളവുകളിലും മറ്റ് നിർണായക ഭാഗങ്ങളിലും ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തുകയും ചെയ്തു.
ത്രിവേണി മുതൽ യു-ടേൺ വരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലും കോൺക്രീറ്റ് ഇൻ്റർലോക്ക് ബ്ലോക്കുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയിട്ടുണ്ട്. റോഡിൻ്റെ ഇരുവശങ്ങളിലുമുള്ള സംരക്ഷണ സംവിധാനങ്ങൾ തീർഥാടകരുടെ യാത്ര കൂടുതൽ സുരക്ഷിതമാക്കും.
അയ്യപ്പഭക്തർക്ക് യാത്രാദുരിതം കുറയും; കൂട്ടായ പ്രവർത്തനത്തിൻ്റെ വിജയം
ശബരിമലയില് എത്തുന്ന അയ്യപ്പഭക്തർക്ക് തീർഥാടനകാലത്ത് ഏറെ പ്രയോജനപ്പെടുന്ന വികസനപദ്ധതിയാണ് ചാലക്കയം–പമ്പ റോഡ് നവീകരണം. മെച്ചപ്പെട്ട റോഡ് സൗകര്യം വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും യാത്രാസമയം കുറയ്ക്കുന്നതിനും സഹായിക്കും. ഗതാഗതക്കുരുക്ക് കുറയുന്നതോടൊപ്പം അപകടസാധ്യതകൾ ലഘൂകരിക്കാനും പുതിയ റോഡ് സൗകര്യം സഹായകമാകും.
ഒരു വികസനപ്രവൃത്തിയുടെ വിജയം അതിൻ്റെ വേഗതയിൽ മാത്രമല്ല, അതിനായി കൈകോർക്കുന്ന മനുഷ്യരുടെ കൂട്ടായ്മയിലും അർപ്പണബോധത്തിലുമാണെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ എ. നിസാമുദീൻ പറഞ്ഞു. ചാലക്കയം പമ്പ റോഡ് നവീകരണം ഈ സന്ദേശം ഉയർത്തിപ്പിടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
“ശബരിമലയില് എത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം ഭാവിയിലും ഇത്തരം പൊതുപ്രാധാന്യമുള്ള പ്രവൃത്തികൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് ഈ അനുഭവം വലിയ ആത്മവിശ്വാസം നൽകുന്നതാണ്. ജനങ്ങളുടെ ആവശ്യങ്ങൾ മുൻനിർത്തി വകുപ്പുകൾ തമ്മിലുള്ള അതിരുകൾക്കപ്പുറം കൈകോർത്ത് പ്രവർത്തിക്കുമ്പോൾ വികസനത്തിന് സമയപരിധികളോ പ്രതിസന്ധികളോ തടസമാകില്ലെന്നും” ജില്ലാ കലക്ടർ ചൂണ്ടിക്കാട്ടി.
ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങൾപോലും സാധ്യമാക്കാമെന്നതിൻ്റെ പ്രായോഗിക മാതൃകയാണ് ചാലക്കയം- പമ്പ റോഡ് നവീകരണമെന്നും ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും ജില്ലാ ഭരണകൂടത്തിൻ്റെ പേരിൽ ഹൃദയപൂർവം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ശബരിമല തീർഥാടനത്തിന് മുന്നോടിയായി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിൽ നിർണായക നേട്ടമാണ് ചാലക്കയം–പമ്പ റോഡ് നവീകരണം. നിർമാണം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ മാത്രമല്ല, അതിനേക്കാൾ വേഗത്തിൽ പൂർത്തിയാക്കാനായത് പൊതുമരാമത്ത് വകുപ്പിൻ്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനത്തിൻ്റെ വിജയമാണ്.








