തിരുവനന്തപുരത്ത് ഇന്ന് മുതൽ 10 ദിവസത്തേക്ക് ഈ സ്ഥലങ്ങളിൽ ഗതാഗതനിയന്ത്രണം

0
4
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം . തിരുനാളിനോടനുബന്ധിച്ചുള്ള പ്രദക്ഷണം പ്രമാണിച്ചാണ് നിയന്ത്രണം. ശംഖുമുഖം-കണ്ണാന്തുറ-കൊച്ചുവേളി റോഡില്‍ 13.11.2026 തീയതി മുതല്‍ 22.11.2026 തീയതി വരെ ഗതാഗതനിയന്ത്രണ ഉണ്ടായിരിക്കും.ശംഖുമുഖം -കൊച്ചുവേളി റോഡിലും വെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് റോഡ് , ബാലനഗര്‍ റോഡ് , വെട്ടുകാട് എല്‍.പി സ്കൂള്‍ റോഡ് എന്നീ റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു.

പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് വെട്ടുകാട് പള്ളി തിരുനാളിന്. ആയിരക്കണക്കിന് വിശ്വാസികളാണ് ഈ ദിവസങ്ങളിൽ ഇവിടെയെത്തുക. വൻ ക്രമീകരണങ്ങൾ ഇതിനായി തിരുവനന്തപുരത്ത് ഒരുക്കിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെട്ടുകാട് പള്ളിയിലേക്ക് കെഎസ്ആർടിസി സർവീസുകളുണ്ട്. ഈസ്റ്റ് ഫോർട്ട്, തമ്പാനൂർ എന്നിവിടങ്ങളിൽ നിന്ന് കെഎസ്ആർടിസി ബസ് സർവീസുകൾ നടത്തും. പത്ത് അധിക സർവീസുകളാണ് നടത്തുക.

ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം 4.30നാണ് ചടങ്ങുകൾക്ക് തുടക്കമിടുക. തിരുവനന്തപുരം ലത്തീൻ അതിരൂപത റവ. ക്രിസ്തുദാസ് ആർ നയിക്കുന്ന പൊന്തിഫിക്കൽ വിശുദ്ധ കുർബാനയോടെ തിരുനാൾ ചടങ്ങുകൾക്ക് തുടക്കമാകും. തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള വർണാഭമായ പ്രദക്ഷിണവും ഇന്ന് നടക്കും.

പോലീസ് നിരീക്ഷണം പള്ളിയുടെ സമീപത്ത് ശക്തമാണ്. ഇതിനായി പരിസരത്ത് 60 സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

കേരള വാട്ടർ അതോരിറ്റിയാണ് ജലവിതരണ കാര്യങ്ങൾ നിർവഹിക്കുന്നത്. സ്ഥലത്ത് സൌജന്യ കുടിവെള്ള വിതരണം അതോരിറ്റി നടത്തുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥലത്തുള്ള ഹോട്ടലുകളിൽ കർശനമായ പുരിശോധനകൾ നടത്തുന്നുണ്ട്.

പ്രാദേശിക അവധി

അതെസമയം വെട്ടുകാട് പള്ളി തിരുനാൾ പ്രമാണിച്ച് നവംബര്‍ 13 (വെള്ളിയാഴ്ച) ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമാണ് അവധി.

മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ കാട്ടാക്കട താലൂക്കില്‍ ഉള്‍പ്പെടുന്നതുമായ ചില മേഖലകൾക്കും പ്രാദേശിക അവധി ബാധകമായിരിക്കും. അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധികളില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും, സര്‍ക്കാര്‍ ഓഫീസുകളും ഉച്ചയ്ക്ക് ശേഷം അടഞ്ഞു കിടക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here