ഹൈദരാബാദ്: ജയിലുകളെ പരിഷ്‌കരണത്തിൻ്റേയും ഉത്‌പാദനക്ഷമതയുടേയും കേന്ദ്രങ്ങളാക്കി മാറ്റി മാതൃക സൃഷ്‌ടിക്കുകയാണ് തെലങ്കാന ജയിൽ വകുപ്പ്. നിരവധി നൂതന സംരംഭങ്ങളിലൂടെ, സംസ്ഥാനത്തുടനീളമുള്ള ജയിലുകൾ ഇപ്പോൾ തടവുകാർക്ക് തൊഴിൽ നൽകുകയും അവരെ സ്വയംപര്യാപ്‌തരാക്കാനും സമൂഹവുമായി ബന്ധപ്പെടാൻ സഹായിക്കുകയും ചെയ്യുന്ന യൂണിറ്റുകളായി മാറുകയാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹകരിച്ച് 2013 ജൂണിൽ പെട്രോൾ പമ്പ് ആരംഭിച്ച് ജയിൽ വകുപ്പ് ശ്രദ്ധേയമായ വിജയം കൈവരിച്ചിരുന്നു. ചഞ്ചൽഗുഡയിൽ ഒരൊറ്റ ഔട്ട്‌ലെറ്റിൽ ആരംഭിച്ച പെട്രോൾ പമ്പ് ഇപ്പോൾ തെലങ്കാനയിലുടനീളം 32 പെട്രോൾ പമ്പുകളായി വികസിച്ചു, ഇതുവരെ 1,000 കോടി രൂപ വിറ്റുവരവ് നേടി.
നിലവിൽ, ജയിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ 26 ഇന്ത്യൻ ഓയിൽ, 4 ഹിന്ദുസ്ഥാൻ പെട്രോളിയം, 2 ഭാരത് പെട്രോളിയം എന്നിങ്ങനെ ഇന്ധന സ്റ്റേഷനുകൾ പ്രവർത്തിക്കുന്നു. ഈ സംരംഭങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം ഫർണിച്ചർ നിർമാണ യൂണിറ്റുകളും തേൻ ഉത്‌പാദന കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള പുതിയ സംരംഭങ്ങള്‍ ആരംഭിക്കാൻ ഉപയോഗിക്കുന്നു. ചെർലപ്പള്ളി സെൻട്രൽ ജയിലിൽ ആരംഭിച്ച ഫർണിച്ചർ നിർമാണ കേന്ദ്രം ഇപ്പോൾ ചഞ്ചൽഗുഡ, സംഗറെഡി, വാറങ്കൽ ജയിലുകളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. ഈ യൂണിറ്റുകളിൽ സ്റ്റീൽ ഷെൽഫുകൾ, സ്‌കൂൾ ബെഞ്ചുകൾ, മറ്റ് ഫർണിച്ചർ വസ്‌തുക്കൾ എന്നിവ ഉത്പാദിപ്പിക്കുന്നു. ഇത് വിവിധ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും വിതരണം ചെയ്യുന്നു.
കൂടാതെ, ചെർലപ്പള്ളിയിൽ ഒരു തേൻ വിൽപ്പന കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. പ്രകൃതിദത്ത ജയിൽ നിർമിത ഉത്‌പന്നങ്ങൾ ഗുണനിലവാരത്തിന് അംഗീകാരം ലഭിച്ച “മിനേഷൻ” എന്ന ബ്രാൻഡിന് കീഴിൽ വിപണിയിലേക്ക് എത്തിക്കുന്നു. ഈ സംയോജിത ശ്രമങ്ങളിലൂടെ, തെലങ്കാന ജയിൽ വകുപ്പിൻ്റെ വാർഷിക വരുമാനം ഇപ്പോൾ 30 കോടിയി രൂപയിലെത്തി, അതേസമയം പരിഷ്‌കരണ പരിപാടികളുടെ ഭാഗമായി 500-ലധികം തടവുകാർക്ക് തൊഴിലവസരങ്ങൾ നൽകിയിട്ടുണ്ട്. ജയിലുകളെ “ട്രാൻസിഷണൽ ഹോം” ആക്കി മാറ്റുന്നതിൽ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ജയിൽ ഡയറക്‌ടർ ജനറൽ ഡോ.സൗമ്യ മിശ്ര പറഞ്ഞു.
“ജയിലുകൾക്കുള്ളിൽ ലഹരി വിമുക്ത കേന്ദ്രങ്ങൾ സ്ഥാപിക്കുകയും മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. തടവുകാരുടെ കഴിവുകൾ വിവിധതരം സാധനങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നു, ജയില്‍ മോചിതരായതിനുശേഷം മാന്യമായ ജീവിതം നയിക്കാൻ അവരെ സഹായിക്കുന്നു,” അവർ പറഞ്ഞു. ഈ സംരംഭങ്ങളിലൂടെ, ജയിൽ പരിഷ്‌കരണങ്ങളിൽ തെലങ്കാന ഒരു മാതൃകാ സംസ്ഥാനമായി ഉയർന്നുവരുന്നു. പുനരധിവാസം, സാമ്പത്തിക സംഭാവന എന്നിവ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമെന്നാണ് തെലങ്കാന ജയില്‍ വകുപ്പിന്‍റെ ഈ പ്രവർത്തനങ്ങള്‍ തെളിയിക്കുന്നത്.






