ബിഹാറില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസും ഇടതുപക്ഷവും,

0
24

ആദ്യ ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ദയനീയ പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്.

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ മഹാസഖ്യത്തിൻ്റെ മുന്നേറ്റം തേജസ്വി യാദവിൻ്റെ ആര്‍ജെഡിയുടെ കരുത്തില്‍ മാത്രം. ആദ്യ ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ദയനീയ പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. 61 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസ് വെറും 10 സീറ്റില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്.

ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ ഒമ്പത് സീറ്റുകൾ കുറവാണ്. തേജസ്വി യാദവിൻ്റെ രാഷ്ട്രീയ ജനതാദൾ (ആർജെഡി) 143 സീറ്റുകളിൽ 55 എണ്ണത്തിലും, സിപിഐ (എംഎൽ) ലിബറേഷൻ 20 സീറ്റുകളിൽ മൂന്നിലും, സിപിഐ ഒമ്പതിൽ ഒരിടത്തും മുന്നിലാണ്. 12 സീറ്റുകളിൽ മത്സരിക്കുന്ന വികാസീൽ ഇൻസാൻ പാർട്ടി (വിഐപി) ഒരു സീറ്റിൽ മാത്രമാണ് മുന്നിലുള്ളത്. കഴിഞ്ഞ പ്രാവശ്യം 20 സീറ്റില്‍ മത്സരിച്ച സിപിഐ (എംഎൽ) 20 സീറ്റില്‍ 14 എണ്ണത്തിലും വിജയിച്ചിരുന്നു.

അതേസമയം, വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ ബിജെപിയും ആർജെഡിയും തമ്മിൽ പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്‌ചവയ്‌ക്കുന്നത്. രാവിലെ 9.09 ലെ കണക്കനുസരിച്ച്, തേജസ്വി യാദവിൻ്റെ നേതൃത്വത്തിലുള്ള ആർജെഡി 55 സീറ്റുകളിലും, ബിജെപി 55 സീറ്റുകളിലും, നിതീഷ് കുമാറിൻ്റെ ജെഡിയു 45 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

വോട്ടെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിൻ്റെ ജൻ സുരാജ് പാര്‍ട്ടി മൂന്ന് സീറ്റുകളിൽ മുന്നിലാണെന്ന് പ്രാരംഭ ലീഡുകൾ സൂചിപ്പിക്കുന്നു. കിഷോറിൻ്റെ ജൻ സുരാജ് ഒരു സീറ്റ് മാത്രമേ നേടൂ എന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. ജൻ സുരാജ് കോൺഗ്രസിനേക്കാൾ ഏകദേശം 10 ശതമാനം വോട്ടുകൾ നേടുമെന്ന് ചില എക്‌സിറ്റ് പോളുകള്‍ സൂചിപ്പിച്ചിരുന്നു

അപ്പുവിനെയും പപ്പുവിനെയും’ ആരും ഗൗരവമായി എടുത്തില്ല: വിജയ് സിൻഹ

ബfഹാറിൽ ആരും ‘അപ്പുവും പപ്പുവും’ ഗൗരവമായി എടുക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ബിജെപി സ്ഥാനാർഥി വിജയ് കുമാർ സിൻഹ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു. തേജസ്വി യാദവിനെയും രാഹുൽ ഗാന്ധിയെയും ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിൻ്റെ പരിഹാസം. എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

“കാണാൻ കഴിഞ്ഞിരുന്ന പ്രവണതകളും കണക്കുകൂട്ടലുകളും ഇപ്പോൾ യഥാർഥ ഫലങ്ങളായി മാറുകയാണ്. മോദി ജിയുടെയും നിതീഷ് ജിയുടെയും ഇരട്ട എഞ്ചിൻ സർക്കാരിന് ബിഹാറിലെ ജനങ്ങൾ ജനവിധി നൽകിയിട്ടുണ്ട്. അപ്പുവും പപ്പുവും ഭരണഘടനാ സ്ഥാപനങ്ങളെ വിശ്വസിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല. ചിന്തിക്കാതെയോ ഗൗരവം കാണിക്കാതെയോ അവർ അസ്വസ്ഥതയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും സാമൂഹിക ഐക്യം തകർക്കുകയും നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് ആരും അവരുടെ വാക്കുകൾ ഗൗരവമായി എടുക്കാത്തത്,” അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here