ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2018ലാണ് സുപ്രീംകോടതി വിവാദ വിധി പ്രസ്‌താവിച്ചത്. ഇതിനെതിരായ ഹർജികളാണ് ഇന്ന് പുനഃപരിശോധിക്കുക.
ന്യൂഡൽഹി: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശബരിമല യുവതി പ്രവേശന ഹർജി വീണ്ടും സുപ്രീംകോടതിയിൽ. ശബരിമല ക്ഷേത്രത്തിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികളാണ് ഇന്ന് (തിങ്കളാഴ്‌ച) സുപ്രീംകോടതി പരിഗണിക്കുക. ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2018ലാണ് സുപ്രീംകോടതി വിവാദ വിധി പ്രസ്‌താവിച്ചത്.
ഇതിനെതിരായ ഹർജികളാണ് ഇന്ന് പുനഃപരിശോധിക്കുക. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പുഃനപരിശോധനാ ഹർജികൾ പരിഗണിക്കുക. 44-ാമത് ഇനമായാണ് ശബരിമല യുവതി പ്രവേശന ഹർജി സുപ്രീംകോടതിയിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്.
തുല്യത, വിശ്വാസ സ്വാതന്ത്ര്യം, മതാചാരങ്ങളുടെ അനിവാര്യത എന്നിവയുമായി ബന്ധപ്പെട്ട 67 ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കുന്നത്. ശബരിമല ക്ഷേത്രത്തിലേയ്ക്കുള്ള യുവതി പ്രവേശനം ഒമ്പത് അംഗ വിശാല ബെഞ്ചിലേക്ക് കൈമാറുന്നതിനെ കുറിച്ചും കേസ് പരിഗണിക്കുന്ന അടുത്ത തീയതിയെ കുറിച്ചും ഇന്ന് തീരുമാനങ്ങൾ ഉണ്ടായേക്കും. ശബരിമല യുവതി പ്രവേശനം ഉൾപ്പെടെയുള്ള സ്ത്രീകളുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ നിലവിൽ ഒൻപതംഗ ബെഞ്ച് രൂപീകരിക്കേണ്ടതുണ്ട്.
ശബരിമല യുവതി പ്രവേശനം, മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം, ഷിയ മുസ്‌ലിങ്ങളിലെ ദാവൂദി, ബോറ വിഭാഗത്തിലുള്ള പെൺകുട്ടികളുടെ ചേലാ കർമം, അന്യമതത്തിൽ പെട്ടവരെ വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം, എന്നിവയും പട്ടികപ്പെടുത്തിയ ഹർജികളിൽ ഉൾപ്പെടുന്നു.
പ്രതികരണവുമായി നേതാക്കൾ: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാൻ കഴിയുന്നതല്ലെന്ന അഭിപ്രായവുമായി സംസ്ഥാന നിയമ മന്ത്രി പി രാജീവ്. ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെയെന്നും അതിനുശേഷം നിലപാട് അറിയിക്കുമെന്നും പി രാജീവ് വ്യക്തമാക്കി. സർക്കാരിൻ്റെ വിശദീകരണം ആവശ്യമുണ്ടോയെന്ന് പുതിയ ബെഞ്ചാണ് തീരുമാനിക്കേണ്ടതെന്നും സർക്കാരിൻ്റെ നിലപാട് അല്ല പുനഃപരിശോധിക്കുന്നതെന്നും പി.രാജീവ് കൂട്ടിച്ചേർത്തു.
ശബരിമല യുവതി പ്രവേശനത്തിലെ നിലപാട് താനല്ല പറയേണ്ടതെന്നും കോടതിയിൽ സർക്കാർ പറയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. 2018ൽ വിധി വന്നതിനുശേഷം സർക്കാർ എടുത്തത് കോടതി വിധിയായിരുന്നുവെന്നും വീണ്ടും കോടതി വിധി കയറ്റണമെന്നാണെങ്കിൽ കയറ്റണം. കയറ്റേണ്ടെന്ന് പറഞ്ഞാൽ വേണ്ടായെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചതായി വിവിധ വൃത്തങ്ങൾ പറഞ്ഞു.
ശബരിമല വിഷയത്തിൽ മുമ്പ് സ്വീകരിച്ച നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയിട്ടുണ്ടെന്നും ഈ മാറ്റം സ്ഥിരമാണോ അതോ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള താത്‌കാലിക നീക്കമാണോയെന്ന് കോടതിയിൽ സർക്കാർ നൽകുന്ന സത്യവാങ്മൂലത്തിലൂടെ വ്യക്തമാകുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞിരുന്നു.







