മദ്യപിച്ചില്ലെങ്കിലും ഇന്ത്യക്കാർക്കിടയിൽ കരൾ രോഗങ്ങൾ വർധിക്കുന്നു;

0
16

മുതിർന്നവരിൽ പത്തിൽ നാലുപേർ, അതായത് ഏകദേശം 40 ശതമാനം പേർ, മെറ്റബോളിക് ഡിസ്‌ഫങ്‌ഗ്ഷൻ അസോസിയേറ്റഡ് സ്റ്റീറ്റോയിക് ലിവർ ഡിസീസ് (MASLD) ബാധിതരാണെന്നും പഠനം വ്യക്തമാക്കുന്നു.

ഹൈദരാബാദ്: രാജ്യത്ത് കരൾ രോഗങ്ങൾ വൻ തോതിൽ വർധിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോർട്ട്. കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിൻ്റെ (CSIR) ആഭിമുഖ്യത്തിൽ ‘ഫിനോം ഇന്ത്യ കോഹോർട്ട്’ പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഇത് സൂചിപ്പിക്കുന്നത്.

മുതിർന്നവരിൽ പത്തിൽ നാലുപേർ, അതായത് ഏകദേശം 40 ശതമാനം പേർ, മെറ്റബോളിക് ഡിസ്‌ഫങ്‌ഗ്ഷൻ അസോസിയേറ്റഡ് സ്റ്റീറ്റോയിക് ലിവർ ഡിസീസ് (MASLD) ബാധിതരാണെന്ന് പഠനം വ്യക്തമാക്കുന്നു. കരളിൽ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് MASLD. ഇത് കരൾ വീക്കത്തിന് കാരണമാവുന്നു. സാധാരണ കരൾ വീക്കം അമിതമായ മദ്യപാനം കാരണമാണ് ഉണ്ടാവുന്നതെങ്കിലും പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുള്ളവരിൽ ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള ഗവേഷണ സ്ഥാപനങ്ങൾക്ക് പുറമേ, ഹൈദരാബാദിലെ സെൻ്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (CCMB), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി (IICT), നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NGRI) തുടങ്ങിയ സ്ഥാപനങ്ങളും സിഎസ്ഐആറിൽ പ്രവർത്തിക്കുന്നു. ശാസ്ത്രജ്ഞർ, സാങ്കേതിക ഉദ്യോഗസ്ഥർ, സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള 10,000-ത്തിലധികം മുതിർന്ന ആളുകളിൽ പഠനം നടത്തിയിട്ടുണ്ട്.

കരളിന് കാര്യമായ കേടുപാടുകൾ സംഭവിക്കുന്നത് വരെ പലർക്കും അവരുടെ അവസ്ഥയെക്കുറിച്ച് അറിവുണ്ടാകില്ല എന്നതിനാൽ പതിവ് ആരോഗ്യ പരിശോധനകളിൽ കരൾ പരിശോധനകളും ഉൾപ്പെടുത്തേണ്ടതാണെന്നും ആരോഗ്യ വിദഗ്‌ധര്‍ നിര്‍ദേശിക്കുന്നു.

ഫാറ്റി ലിവറിൽ നിന്ന് ഫൈബ്രോസിസിലേക്ക്

കരൾ കോശങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോൾ കരളിൽ വീക്കം ഉണ്ടാവും. കാലക്രമേണ കരളിൻ്റെ നാശത്തിന് ഇത് കാരണമാവുകയും ചെയ്യും. സ്ഥിരമായ വീക്കം ഫൈബ്രോസിസിലേക്ക് നയിച്ചേക്കാം, ഇത് കരൾ ടിഷ്യുവിൽ വടുക്കൾ ഉണ്ടാക്കുകയും കരളിൻ്റെ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ, ഫൈബ്രോസിസ് സിറോസിസ്, കരൾ കാൻസർ എന്നിവയിലേക്ക് ഇത് നയിച്ചേക്കാം. കരൾ ഫൈബ്രോസിസ് കരൾ കാൻസർ ഉൾപ്പെടെയുള്ള സങ്കീർണതകൾക്കുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുന്നതോടൊപ്പം മരണ സാധ്യതയും വർധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് ഒഴിവാക്കാനായി കൂടുതൽ അവബോധം, പരിശോധന, പ്രതിരോധ നടപടികൾ എന്നിവ നാം നടത്തേണ്ടതാണ്.

മുൻകരുതലുകൾ സ്വീകരിച്ചാൽ മാത്രം മതി..

MASLD ഒരു നിശബ്‌ദ ഭീഷണി പോലെയാണെന്നും പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങളൊന്നും പ്രകടമാവില്ലെന്നും ഗവേഷകർ പറയുന്നു. ഇത് പുരോഗമിക്കുന്നതുവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്, ശരിയായ സമയത്ത് അവബോധം വളർത്തിയില്ലെങ്കിൽ, ഇത് ഗുരുതരമായ കരൾ രോഗങ്ങളിലേക്ക് നയിച്ചേക്കാം. വിവിധ മേഖലകളിൽ ഈ തരത്തിലുള്ള കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സർക്കാരും പൊതുജനാരോഗ്യ സ്ഥാപനങ്ങളും ഉടനടി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ ഇത്തരത്തിലുള്ള അപകടസാധ്യതകൾ ഒഴിവാക്കാനാകും.

  • ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുക.
  • പ്രമേഹവും രക്ത സമ്മർദ്ദവും ഉള്ളവർ പതിവായി വൈദ്യപരിശോധനയ്ക്ക് വിധേയരാകണം.
  • പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ശീലമാക്കുക
  • ശാരീരിക പ്രവർത്തനങ്ങൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
  • രക്തത്തിലെ പഞ്ചസാര, ലിപിഡുകൾ, കരൾ ആരോഗ്യം എന്നിവയുടെ പതിവ് പരിശോധനകൾ രോഗം നേരത്തേ കണ്ടെത്തുന്നതിന് സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here