തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും സ്ത്രീധന പീഡനങ്ങളും തടയുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ഇൻ്റലിജൻസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ജനറലിൻ്റെ (എഐജി) നേതൃത്വത്തിലായിരിക്കും പുതിയ സംവിധാനം പ്രവർത്തിക്കുക. ഗാർഹിക പീഡന കേസുകളിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി ഇരകൾക്ക് നീതി ഉറപ്പാക്കുകയാണ് ലക്ഷ്യം.
വനിത ശിശുവികസന വകുപ്പും സംസ്ഥാന പൊലീസ് മേധാവിയും സമർപ്പിച്ച ശിപാർശകൾ പരിശോധിച്ച ശേഷമാണ് ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇൻ്റലിജൻസ് എഐജി അനുജ് പലിവാളിനാണ് പദ്ധതിയുടെ ചുമതല. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളിലും ഗാർഹിക പീഡന കേസുകളിലും സമയബന്ധിതമായ നടപടി ഉറപ്പാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും.
വിപുലമായ സമിതി
ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുക. ജില്ലാ വിജിലൻസ് കമ്മിറ്റി, ജില്ലാ വനിത സെൽ, സഖി വൺ സ്റ്റോപ്പ് സെൻ്റർ, ലീഗൽ സർവീസസ് അതോറിറ്റി, വനിത ശിശുവികസന വകുപ്പിൻ്റെ ജില്ലാ ഓഫിസ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമിതിയുടെ ഭാഗമാകും. ഇതിനുപുറമെ ഒരു വനിത പ്രതിനിധിയെയും ടാസ്ക് ഫോഴ്സിൽ ഉൾപ്പെടുത്തുമെന്ന് എഐജി വ്യക്തമാക്കി.
വർധിക്കുന്ന അതിക്രമങ്ങൾ
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംസ്ഥാനത്ത് സ്ത്രീധനത്തിൻ്റെ പേരിലുള്ള അതിക്രമങ്ങൾ വലിയ തോതിൽ വർധിച്ചുവരികയാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേ കണക്കുകൾ പ്രകാരം കേരളത്തിലെ സ്ത്രീകളുടെ ഗാർഹിക സുരക്ഷ സംബന്ധിച്ച് ആശങ്കാജനകമായ വിവരങ്ങളാണ് പുറത്തുവരുന്നത്. പങ്കാളിയിൽ നിന്നുള്ള ശാരീരികമായ മർദനം, കടുത്ത പരിക്കേൽപ്പിക്കൽ, നിർബന്ധിത ലൈംഗിക അതിക്രമങ്ങൾ എന്നിവയെല്ലാം ഗാർഹിക പീഡനത്തിൻ്റെ പരിധിയിൽ വരും. ഏറ്റവും സുരക്ഷിതമാകേണ്ട വീടുകൾ തന്നെ പലർക്കും ഭയത്തിൻ്റെ കേന്ദ്രമായി മാറുന്ന സാഹചര്യമാണുള്ളത്.
സാമൂഹിക വികസനത്തിലും വിദ്യാഭ്യാസത്തിലും സ്ത്രീ മുന്നേറ്റത്തിലും എപ്പോഴും മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുന്ന കേരളത്തിൽ പങ്കാളിയിൽ നിന്നുള്ള അതിക്രമ നിരക്ക് 17.7 ശതമാനമാണ്. അതായത്, നൂറിൽ 18 സ്ത്രീകൾ സംസ്ഥാനത്ത് ഗാർഹിക പീഡനം നേരിടുന്നുണ്ട്. ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട ആത്മഹത്യകൾ രാജ്യത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടിയാണ് സർക്കാരിൻ്റെ ഈ നിർണായക ഇടപെടൽ. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും ആയിരക്കണക്കിന് സ്ത്രീകൾക്കാണ് ജീവൻ നഷ്ടപ്പെടുകയും സ്ത്രീധനത്തിൻ്റെ പേരിൽ പീഡനത്തിന് ഇരയാകുകയും ചെയ്യുന്നത്. വിദ്യാസമ്പന്നർക്കിടയിലും ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥർക്കിടയിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ഗുരുതരമായ സാമൂഹിക ആശങ്കയാണ് ഉയർത്തുന്നത്.
സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കുന്നതിനൊപ്പം ബോധവത്കരണ പരിപാടികളും ഊർജിതമാക്കാൻ വനിത ശിശുവികസന വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. പരാതി നൽകാൻ മടിക്കുന്ന സ്ത്രീകൾക്ക് ധൈര്യപൂർവം മുന്നോട്ടുവരാൻ പുതിയ സംവിധാനം സഹായകമാകും. സഖി വൺ സ്റ്റോപ്പ് സെൻ്ററുകൾ വഴി നിയമസഹായവും കൗൺസലിങ്ങും ഉറപ്പാക്കാനും ടാസ്ക് ഫോഴ്സ് മുൻകൈയെടുക്കും. പുതിയ ടാസ്ക് ഫോഴ്സ് നിലവിൽ വരുന്നതോടെ ഇത്തരം കേസുകളിൽ പൊലീസിൻ്റെ ഭാഗത്തുനിന്നുള്ള ഇടപെടൽ കൂടുതൽ കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തൽ.







