സ്പ്ലാഷ്‌ഡൗണിന് ഒരുങ്ങി ഒറയോണ്‍, ആർട്ടെമിസ് രണ്ട് സംഘം ഭൂമിതൊടാൻ ഇനി മണിക്കൂറുകള്‍;

0
39

വാഷിങ്‌ടണ്‍ (യുഎസ്) : പസഫിക് സമുദ്രത്തിൽ സ്പ്ലാഷ്‌ഡൗണിനായി തയ്യാറെടുത്ത് ഒറയോണ്‍ പേടകം. നാസയുടെ ചരിത്ര ചാന്ദ്ര ദൗത്യമായ ആർട്ടെമിസ് രണ്ട് പൂർത്തിയാക്കി ബഹിരാകാശ യാത്രികർ ഭൂമിയില്‍ തിരിച്ചെത്താൻ ഇനി മണിക്കൂറുകള്‍ മാത്രം. ആർട്ടെമിസ് രണ്ട് സംഘത്തിന്‍റെ യാത്ര അവസാന ഘട്ടത്തിലെന്ന് നാസ അറിയിച്ചു.

ആർട്ടെമിസ് രണ്ട് ചന്ദ്രനും ഭൂമിക്കും ഇടയിൽ പകുതി ദൂരം എത്തിയെന്ന് നാസ വ്യാഴാഴ്‌ച (ഏപ്രില്‍ 9) പറഞ്ഞു. നാസ നല്‍കുന്ന വിവരം അനുസരിച്ച് അമേരിക്കൻ സമയം ഏപ്രിൽ 10 ന് സാൻ ഡീഗോ തീരത്ത് പസഫിക് സമുദ്രത്തിൽ ബഹിരാകാശയാത്രികർ ഇറങ്ങും. ഇന്ത്യൻ സമയം ഏപ്രില്‍ 11 ശനിയാഴ്‌ച പുലർച്ചെയാണ് പേടകത്തിന്‍റെ ലാൻഡിങ്.

‘ക്രൂ അംഗങ്ങള്‍ ചന്ദ്രനും ഭൂമിയിക്കും ഇടയില്‍ പകുതി ദൂരം പിന്നിട്ടിരിക്കുന്നു. ഏപ്രിൽ 10 വെള്ളിയാഴ്‌ച രാത്രി 8:07 ET (ഏപ്രിൽ 11 ശനിയാഴ്‌ച 0007 UTC) ഓടെ സാൻ ഡീഗോ തീരത്ത് അവർ പസഫിക് സമുദ്രത്തിൽ ഇറങ്ങും.’ -നാസ എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

സ്പ്ലാഷ്‌ഡൗണിനുശേഷം, യുഎസ് ഇൻഡോ പസഫിക് കമാൻഡ് പ്രകാരം, യുഎസ് നാവികസേനയുടെ യുഎസ്എസ് ജോൺ പി. മൂർത്ത (എൽപിഡി 26) കപ്പല്‍ ക്രൂവിനെയും ഓറിയോൺ ബഹിരാകാശ പേടകത്തെയും തീരത്തെത്തിക്കും. കപ്പല്‍ നിലവില്‍ പസഫിക് സമുദ്രത്തില്‍ സജ്ജമായിട്ടുണ്ട്. അതേസമയം, ബഹിരാകാശയാത്രികരുടെ ചരിത്രപരമായ ഈ നേട്ടത്തെ സെനറ്റർ ടെഡ് ക്രൂസ് പ്രശംസിച്ചു. പുതിയ തലമുറയിലെ ബഹിരാകാശ പര്യവേക്ഷകർക്ക് സംഘം പ്രചോദനം ആകുമെന്നും അദ്ദേഹം പ്രതികരിച്ചു.

മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണം ആഴത്തിലുള്ളതാക്കാനും ഉള്ള നാസ പദ്ധതികളുടെ ഒരു സുപ്രധാന ചുവടുവയ്‌പ്പാണ് ആർട്ടെമിസ് രണ്ട് ദൗത്യം. നാസ ബഹിരാകാശയാത്രികരായ റീഡ് വൈസ്‌മാൻ, വിക്‌ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസി ബഹിരാകാശയാത്രികൻ ജെറമി ഹാൻസൺ എന്നിവരാണ് ദൗത്യത്തില്‍ ഉണ്ടായിരുന്നത്. അപ്പോളോ 13 ദൗത്യത്തിന്‍റെ 248,655 മൈൽ സഞ്ചാരദൂരം എന്ന റെക്കോർഡ് തകർത്തുകൊണ്ടാണ് ആർട്ടെമിസ് രണ്ട് ചരിത്രമായത്. ആർട്ടെമിസ് വിഭാഗത്തിലെ ആദ്യത്തെ ക്രൂ ടെസ്റ്റ് ഫ്ലൈറ്റാണ് ആർട്ടെമിസ് രണ്ട്.

റെക്കോർഡ് തകർത്തതിന് പിന്നാലെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ക്രൂ അംഗങ്ങളോട് സംസാരിച്ചു. ഈ ചരിത്ര നേട്ടത്തിലൂടെ ലോകത്തെ പ്രചോദിപ്പിച്ചതിന് ട്രംപ് ക്രൂ അംഗങ്ങളെ പ്രശംസിച്ചു. അവർ ചരിത്രം സൃഷ്‌ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആർട്ടെമിസ് രണ്ട് ദൗത്യം ചന്ദ്രോപരിതലത്തിലേക്കുള്ള അമേരിക്കയുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. ഇനി ചെവ്വയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here