ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22 ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലിൽ വെച്ച് നടക്കും. വള്ളംകളിയുടെ ഭാഗ്യചിഹ്നത്തിന് പേര് ക്ഷണിച്ചു. ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചുണ്ടൻവള്ളം തുഴഞ്ഞു നീങ്ങുന്ന വേഴാമ്പലിനാണ് പേര് നിര്‍ദേശിക്കേണ്ടത്. 9074594578 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് സന്ദേശമായാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഒരു വ്യക്തി ഒരു എന്‍ട്രി മാത്രമേ നല്‍കാന്‍ പാടുള്ളൂ.
ഭാഗ്യചിഹ്നത്തിന് നിര്‍ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ യഥാക്രമം ഒറ്റ സന്ദേശത്തിൽ അയക്കുകയാണ് വേണ്ടത്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15ന് വൈകുന്നേരം മൂന്ന് മണിവരെയാണ്. വിജയിക്ക് ആലപ്പുഴ മുല്ലക്കല്‍ നൂര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് നല്‍കുന്ന സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0477-2251349 – എന്ന നമ്പരി ബന്ധപ്പെടാവുന്നതാണ്.
എൻടിബിആർ 2026 ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറുടെ (എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇറിഗേഷൻ ഡിവിഷൻ, ആലപ്പുഴ) കാര്യാലയത്തിൽ നിന്ന് 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് പന്തൽ, ഇലക്‌ട്രിക്കൽ പ്രവൃത്തികൾ, വി വി ഐ പി കൾക്ക് ഭക്ഷണം എന്നിവ ചെയ്യുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 വൈകിട്ട് നാലുമണിയാണ്.
ആലപ്പുഴയുടെ അഭിമാനമായ നെഹ്‌റു ട്രോഫി വള്ളംകളിക്ക് സംസ്ഥാന സർക്കാർ നൽകിവരുന്ന സ്ഥിരം സഹായം രണ്ടു കോടി രൂപയായി വർധിപ്പിക്കുന്നതിന് ധനവകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ടൂറിസം സിനിമ വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന എൻടിബിആർ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വള്ളങ്ങളുടെ മെയിൻ്റനൻസ് ഗ്രാൻഡിന്റെ കാര്യത്തിൽ ബജറ്റ് നിർദേശം ഉൾപ്പെടെ പരിഗണിച്ച് അനുകൂലമായ തീരുമാനമെടുക്കുമെന്ന് മന്ത്രി വിഷ്ണുനാഥ് പറഞ്ഞു. സിബിഎല്ലിന്റെ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. ഇത്തവണയും 11 കോടി രൂപ സിബിഎല്ലിനായി നീക്കിവെച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
ഐപിഎൽ മാതൃകയിലാണ് സിബിഎൽ വിഭാവനം ചെയ്തിട്ടുള്ളത്. വിഭാവനം ചെയ്ത രീതിയിൽ സിബിഎൽ നടത്തിയാൽ സാമ്പത്തിക സഹായം ആവശ്യമായി വരില്ല. എന്നാൽ ഇത്തവണ അത് സാധ്യമാകില്ല. സിബിഎൽ ഇത്തവണയും നിലവിലുള്ള രീതിയിൽ തുടരുമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.
സമ്മാനത്തുകയും ബോണസും വർധിപ്പിക്കും – കെസി വേണുഗോപാൽ എംപി
നെഹ്‌റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുകയും ബോണസും കാലോചിതമായി ഉയർത്തി പരിഷ്‌കരിക്കും. നെഹ്‌റു ട്രോഫി വള്ളംകളിയിൽ ഒന്നാമതെത്തുന്ന ചുണ്ടന് 25 ലക്ഷം രൂപ, രണ്ടാം സ്ഥാനത്തിന് 20 ലക്ഷം രൂപ, മൂന്നാം സ്ഥാനത്തിന് 15 ലക്ഷം രൂപ, നാലാം സ്ഥാനത്തിന് 10 ലക്ഷം രൂപ എന്ന രീതിയിൽ വർദ്ധിപ്പിക്കുന്നതിന് കമ്മറ്റിയോട് നിർദേശിക്കുകയായിരുന്നു.
വള്ളങ്ങളുടെ മെയിൻ്റനൻസ് ഗ്രാൻഡ് വർധിപ്പിക്കുന്നതിനുള്ള ഭരണപരമായ നടപടി സർക്കാർ സ്വീകരിക്കണമെന്ന് കെസി വേണുഗോപാൽ എംപി യോഗത്തിൽ ചൂണ്ടിക്കാട്ടി. നെഹ്‌റു ട്രോഫി നടക്കുന്നത് ഓണത്തിന്റെ അടുത്ത ദിവസങ്ങളിൽ ആണെന്നും ഡിറ്റിപിസിയുടെ ഭാഗത്തുനിന്ന് ഗുണപരമായ സഹായങ്ങൾ ലഭ്യമാകണമെന്നും എംപി പറഞ്ഞു. ആലപ്പുഴ ഡിറ്റിപിസിക്ക് നൽകുന്ന സഹായം കുറയില്ലെന്നും ജില്ലകൾക്കുള്ള വിഹിതം ഏകീകരിച്ചിട്ടുണ്ടെന്നും മന്ത്രി എംപിക്ക് ഉറപ്പു നൽകി. ബോണസ് തുക 25% ആയി വർധിപ്പിക്കും.








