ശബരിമല അരവണ ഇനി ചുമന്നുകൊണ്ടുപോകേണ്ട; ക്യുആർ കോഡ് വഴി രാജ്യത്തുടനീളം എത്തിക്കാൻ തപാൽ വകുപ്പ്

0
1

പത്തനംതിട്ട: ശബരിമലയിലെത്തുന്ന തീർഥാടകർക്ക് ഇനി അരവണയും ഉണ്ണിയപ്പവും ചുമന്നുകൊണ്ടുപോകേണ്ടതില്ല. ഭക്തർ ആഗ്രഹിക്കുന്ന അളവിൽ ശബരിമല അരവണയും മറ്റ് പ്രസാദങ്ങളും രാജ്യത്തെ ഏത് വിലാസത്തിലേക്കും ഇന്ത്യൻ തപാൽ വകുപ്പ് സുരക്ഷിതമായി എത്തിച്ചുനൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ച് നടപ്പാക്കുന്ന സ്വാമി പ്രസാദം പദ്ധതിയിലൂടെയാണ് സന്നിധാനത്ത് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.

2026-27 മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് ഭക്തർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സ്വാമി പ്രസാദം ബുക്കിങ് കൗണ്ടർ ആരംഭിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിൻ്റെ അരവണ-അപ്പം വിതരണ കൗണ്ടറുകൾക്ക് സമീപമാണ് ഈ സേവനകേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാറാണ് കൗണ്ടർ ഉദ്ഘാടനം ചെയ്തത്. ദർശനത്തിനുശേഷം പ്രസാദങ്ങൾ കൈയിൽ കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ടും തിരക്കും ഒഴിവാക്കാൻ ഈ സംവിധാനം ഭക്തരെ ഏറെ സഹായിക്കുന്നു.

ക്യുആർ കോഡ് വഴി ലളിതമായ ബുക്കിങ്
സന്നിധാനത്തിന് സമീപം പ്രവർത്തിക്കുന്ന തപാൽ വകുപ്പിൻ്റെ പ്രത്യേക പ്രസാദം പാഴ്സൽ സേവനകേന്ദ്രത്തിൽ വളരെ ലളിതമായ നടപടികളിലൂടെ പ്രസാദം ബുക്ക് ചെയ്യാം. കൗണ്ടറിൽ പ്രദർശിപ്പിച്ചിട്ടുള്ള ക്യുആർ കോഡ് ഗൂഗിൾ ലെൻസ് ഉപയോഗിച്ച് സ്കാൻ ചെയ്താൽ വിലാസം രേഖപ്പെടുത്താനുള്ള ഫോം ലഭിക്കും. പൂർണമായ മേൽവിലാസം നൽകുമ്പോൾ ലഭിക്കുന്ന പ്രത്യേക കോഡ് കൗണ്ടറിൽ അറിയിച്ച് പണമടച്ചാൽ ബുക്കിങ് എളുപ്പത്തിൽ പൂർത്തിയാകുമെന്ന് തപാൽ വകുപ്പ് ഉദ്യോഗസ്ഥൻ അജയൻ വ്യക്തമാക്കി. ഇതാദ്യമായാണ് ശബരിമലയിൽ തപാൽ വകുപ്പ് ഇത്തരമൊരു ക്യുആർ കോഡ് പാഴ്സൽ സംവിധാനം നടപ്പാക്കുന്നത്.

ആറ് പാക്കേജുകൾ, രാജ്യത്തുടനീളം ഒരേ നിരക്ക്
നിലവിൽ ആറ് പാക്കേജുകളിലായാണ് സ്വാമി പ്രസാദം സ്പീഡ് പോസ്റ്റ് വഴി ലഭ്യമാക്കുന്നത്. അരവണയും ഉണ്ണിയപ്പവും ഉൾപ്പെടുന്ന മൂന്ന് പ്രസാദം കിറ്റുകളും അരവണ മാത്രമുള്ള മൂന്ന് പാക്കേജുകളുമാണ് ഉള്ളത്. പ്രസാദം കിറ്റുകളിൽ ഒരു ടിൻ അരവണയും ഒരു പാക്കറ്റ് ഉണ്ണിയപ്പവും അടങ്ങുന്ന കിറ്റ് ഒന്നിന് 345 രൂപയാണ് നിരക്ക്. നാല് ടിൻ അരവണയും രണ്ട് പാക്കറ്റ് ഉണ്ണിയപ്പവും ഉള്ള കിറ്റ് രണ്ടിന് 830 രൂപയും 10 ടിൻ അരവണയും അഞ്ച് പാക്കറ്റ് ഉണ്ണിയപ്പവും അടങ്ങുന്ന കിറ്റ് മൂന്നിന് 1755 രൂപയുമാണ് വില. അരവണ മാത്രമുള്ള വിഭാഗത്തിൽ ഒരു ടിന്നിന് 300 രൂപ, നാല് ടിന്നിന് 740 രൂപ, 10 ടിന്നിന് 1530 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഇതിൽ 1530 രൂപയുടെ 10 ടിൻ അരവണ പാക്കേജിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. ദൂരദേശങ്ങളിലുള്ള ബന്ധുക്കൾക്ക് പ്രസാദം അയച്ചുകൊടുക്കാനായി നിരവധി അയ്യപ്പഭക്തർ ഈ പാക്കേജ് പ്രയോജനപ്പെടുത്തുന്നു.

സാധാരണ സ്പീഡ് പോസ്റ്റിൽ ഭാരത്തിനും ദൂരത്തിനും അനുസരിച്ച് നിരക്കിൽ വ്യത്യാസം വരാറുണ്ട്. എന്നാൽ സ്വാമി പ്രസാദം പദ്ധതിയിൽ ഇന്ത്യയിൽ എവിടേക്ക് അയച്ചാലും ഒരേ നിരക്ക് തന്നെയാണെന്നതാണ് പ്രധാന പ്രത്യേകത. ദേവസ്വം കൗണ്ടറിൽനിന്ന് 10 ടിൻ അരവണയുടെ ഒരു ബോക്സ് 1010 രൂപയ്ക്ക് വാങ്ങി ആന്ധ്രാപ്രദേശ് പോലുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് സാധാരണ പോസ്റ്റ് ഓഫിസ് വഴി സ്പീഡ് പോസ്റ്റായി അയച്ചാൽ 660 രൂപ തപാൽ നിരക്കും പുറമെ പാക്കിങ് ചാർജും നൽകേണ്ടിവരും. ഇതിനേക്കാൾ കുറഞ്ഞ ചെലവിൽ സുരക്ഷിതമായ പാക്കിങ്ങോടെ പ്രസാദം വീടുകളിലെത്തിക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കുന്നു. ദേവസ്വം കൗണ്ടറിൽനിന്ന് നേരിട്ട് വാങ്ങിയ അരവണയ്ക്ക് തപാൽ നിരക്ക് മാത്രം നൽകി അയയ്ക്കാനും പ്രത്യേക കൗണ്ടറിൽ സൗകര്യമുണ്ട്.

വീട്ടിലിരുന്നും പ്രസാദം കൈപ്പറ്റാം
ശബരിമലയിൽ നേരിട്ടെത്താൻ കഴിയാത്ത ഭക്തർക്കും തപാൽ വകുപ്പിൻ്റെ ഈ സേവനം പ്രയോജനപ്പെടുത്താം. രാജ്യത്തെ ഏത് പോസ്റ്റ് ഓഫിസ് വഴിയും സ്വാമി പ്രസാദം സ്പീഡ് പോസ്റ്റായി ബുക്ക് ചെയ്ത് വീട്ടിലിരുന്ന് അയ്യപ്പപ്രസാദം കൈപ്പറ്റാൻ സാധിക്കും. ഇതോടെ സന്നിധാനത്തെ ദർശനാനുഭവത്തിനൊപ്പം അയ്യപ്പൻ്റെ പ്രസാദവും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്തരുടെ വീടുകളിലെത്തുന്നു. പ്രസാദ വിതരണത്തിനപ്പുറം സാധാരണ തപാൽ, രജിസ്റ്റേഡ് തപാൽ, പാഴ്സൽ, മണി ഓർഡർ, ഇന്ത്യാ പോസ്റ്റ് പേയ്‌മെൻ്റ്സ് ബാങ്ക് തുടങ്ങിയ സേവനങ്ങളും സന്നിധാനം സബ് പോസ്റ്റ് ഓഫിസ് ലഭ്യമാക്കുന്നുണ്ട്. തീർഥാടകർക്കും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്കും ഈ സംവിധാനങ്ങൾ ഏറെ പ്രയോജനകരമാണ്.

പതിനെട്ടാംപടിയുടെ ചിത്രം പതിഞ്ഞ ചരിത്രമുദ്ര
അയ്യപ്പദർശനത്തിനായി ശബരിമലയിലെത്തുന്ന ഓരോ ഭക്തൻ്റെയും മനസ്സിൽ മായാതെ പതിയുന്ന സവിശേഷ കാഴ്ചയാണ് സന്നിധാനം പോസ്റ്റ് ഓഫിസ്. ഭക്തിയും ചരിത്രവും ഇഴചേർന്നുനിൽക്കുന്ന ഈ തപാൽ കേന്ദ്രത്തിന് ഭാരതീയ തപാൽ വകുപ്പിൻ്റെ ചരിത്രത്തിൽതന്നെ വേറിട്ട ഇടമുണ്ട്. മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന ഈ ഓഫിസിൻ്റെ പിൻകോഡ് 689713 ആണ്. 1963ലാണ് സന്നിധാനത്ത് തപാൽ ഓഫിസ് പ്രവർത്തനം ആരംഭിച്ചത്. 1974ൽ നിലവിൽവന്ന പ്രത്യേക തപാൽ മുദ്രയാണ് ഈ സ്ഥാപനത്തിൻ്റെ പ്രധാന ചരിത്രസവിശേഷത. പതിനെട്ടാംപടിയും അതിനുമുകളിൽ വിരാജിക്കുന്ന അയ്യപ്പവിഗ്രഹവും ആലേഖനം ചെയ്ത ഈ മുദ്ര ഭക്തർക്കും സ്റ്റാമ്പ് ശേഖരിക്കുന്നവർക്കും ഒരുപോലെ കൗതുകവും അഭിമാനവുമാണ്.

ഇവിടെനിന്ന് അയയ്ക്കുന്ന കത്തുകളിലും പോസ്റ്റ്കാർഡുകളിലും ഈ പ്രത്യേക മുദ്ര പതിപ്പിക്കും. മകരവിളക്ക് തീർഥാടനത്തിനുശേഷം നട അടയ്ക്കുന്നതോടെ മുദ്ര സുരക്ഷിതമായി പത്തനംതിട്ട പോസ്റ്റൽ ഡിവിഷൻ ഓഫിസിലേക്ക് മാറ്റും. അടുത്ത തീർഥാടന കാലത്താണ് വീണ്ടും സന്നിധാനത്ത് എത്തിക്കുക. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്തർ ഈ സവിശേഷ മുദ്ര പതിപ്പിച്ച പോസ്റ്റ്കാർഡുകൾ സ്വന്തം വിലാസത്തിലേക്കും പ്രിയപ്പെട്ടവർക്കും അയയ്ക്കുന്നത് പതിവാണ്. ഭക്തിയുടെ സന്ദേശങ്ങൾ കത്തുകളിലൂടെ കൈമാറിയിരുന്ന കാലത്തുനിന്ന് അയ്യപ്പപ്രസാദം സ്പീഡ് പോസ്റ്റിലൂടെ വീടുകളിലെത്തുന്ന പുതിയ കാലത്തേക്കുള്ള യാത്രകൂടിയാണ് സന്നിധാനം പോസ്റ്റ് ഓഫിസിൻ്റേത്. കാലത്തിൻ്റെ മാറ്റങ്ങൾക്കൊപ്പം സേവനരീതികളിൽ പുതുമകൾ സ്വീകരിക്കുമ്പോഴും ഇവിടെനിന്ന് പുറപ്പെടുന്ന ഓരോ തപാൽ ഉരുപ്പടിയിലും വിലാസത്തിനപ്പുറം അയ്യപ്പസന്നിധിയുടെ പുണ്യസ്മരണയും മുദ്രണം ചെയ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here