ചികിത്സാ സഹായം വൈകുന്നത് മൂലം ഒരു ജീവൻ പോലും നഷ്‌ടപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭത്തിന് പ്രധാനമന്ത്രി തുടക്കമിട്ടത്.
ന്യൂഡൽഹി: റോഡ് അപകടത്തിൽ പരിക്കേറ്റവർക്ക് ഒന്നര ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ‘പ്രധാനമന്ത്രി റാഹത് പദ്ധതി’ക്ക് അംഗീകാരം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. “സേവാ തീർത്ഥ്” എന്ന പുതിയ ഓഫീസിലേക്ക് മാറിയതിന് പിന്നാലെയാണ് തീരുമാനം.
ചികിത്സാ സഹായം വൈകുന്നത് മൂലം ഒരു ജീവൻ പോലും നഷ്‌ടപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭത്തിന് തുടക്കമിട്ടത്. ഇന്ത്യയിൽ വർഷംതോറും നിരവധി മരണങ്ങളാണ് റോഡ് അപകടങ്ങൾ കാരണം റിപ്പോർട്ട് ചെയ്യുന്നത്.
കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് പല മരണങ്ങളും സംഭവിക്കുന്നത്. അപകടം സംഭവിച്ച് ആദ്യ മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ ഏകദേശം 50 ശതമാനം റോഡപകട മരണങ്ങളും ഒഴിവാക്കാൻ കഴിയുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്.
പിഎം റാഹത്ത് പദ്ധതിയുടെ സവിശേഷതകൾ
- റോഡ് അപകടത്തിൽ പരിക്കേറ്റവർക്ക് അപകടം നടന്ന ദിവസം മുതൽ ഏഴ് ദിവസത്തേക്ക് ഒന്നര ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഈ പദ്ധതിയിലൂടെ ലഭ്യമാകും.
- അപകടം നടന്ന ആദ്യ ഒരു മണിക്കൂറായ ഗോൾഡൻ അവർ (സുവര്‍ണ മണിക്കൂര്‍) വളരെ അധികം നിർണായകമായതിനാൽ ഈ സമയത്ത് ചികിത്സ ലഭ്യമാക്കാനും ഈ പദ്ധതി മുൻഗണന നൽകുന്നുണ്ട്. അതിനായി അപകടവിവരം 112 എന്ന ഹെൽപ്പ് ലൈനിൽ അറിയിക്കുന്നതോടെ നടപടികൾ ആരംഭിക്കും. പോലീസ് ഇതിനായി ഡിജിറ്റൽ സംവിധാനത്തിലൂടെ അപകടം സ്ഥിരീകരിക്കും
- ജീവന് ഭീഷണിയുള്ള കേസുകളിൽ 48 മണിക്കൂർ വരെയും ജീവന് ഭീഷണിയല്ലാത്ത കേസുകളിൽ 24 മണിക്കൂർ വരെയും സ്‌റ്റെബിലൈസേഷൻ ചികിത്സ ഈ പദ്ധതിയിലൂടെ ലഭ്യമാകും.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിൻ്റെ ഇഡാർ പ്ലാറ്റ്‌ഫോമും ദേശീയ ആരോഗ്യ അതോറിറ്റിയുടെ ട്രാൻസാക്ഷൻ മാനേജ്‌മെൻ്റ് സിസ്‌റ്റവും സംയോജിപ്പിച്ച് സാങ്കേതികവിദ്യയുടെ സഹായതതോടെയാണ് പിഎം റാഹത് നടപ്പിലാക്കുന്നത്. അപകടം സംഭവിക്കുന്നത് മുതൽ ആശുപത്രി പ്രവേശനം, പൊലീസിൻ്റെ ഇടപെടൽ, ചികിത്സാ സംവിധാനം, ക്ലെയിം പ്രോസസിങ്, അവസാന ഘട്ട പണമടക്കൽ എന്നിവയെല്ലാം തടസമില്ലാതെ നടക്കാൻ ഇത് സഹായിക്കും.
ആശുപത്രിക്കുള്ള ഫണ്ട്
ആശുപത്രികൾക്കുള്ള പണം തിരികെ നൽകുന്നത് മോട്ടോർ വെഹിക്കൾ ആക്‌സിഡൻ്റ് ഫണ്ട് വഴിയായിരിക്കും. വാഹനം ഇൻഷൂറൻസ് ചെയ്‌തിട്ടുണ്ടെങ്കിൽ ജനറൽ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന വിഹിതത്തി നിന്നുമാണ് പണം ഈടാക്കുക.
ഇൻഷൂറൻസ് ഇല്ലാത്ത കേസുകളിലും അപകടത്തിൽപ്പെട്ട് മരിക്കുന്ന കേസുകളിലും കേന്ദ്ര ഗവൺമെൻ്റിൻ്റെ ബജറ്റ് വിഹിതം വഴിയാണ് പണം നൽകുന്നത്. സംസ്ഥാന ആരോഗ്യ ഏജൻസി അംഗീകരിച്ച ക്ലെയിമുകൾ 10 ദിവസത്തിനുള്ളിൽ ആശുപത്രികൾക്ക് നൽകും.
ആർക്കൊക്കെ ചികിത്സാ സഹായം ലഭിക്കും
ഇന്ത്യയിലെ റോഡുകളിൽ അപകടത്തിൽപ്പെടുന്ന ഏത് വ്യക്തിക്കും (ഇന്ത്യൻ പൗരന്മാർക്കും വിദേശികൾക്കും) ഈ ആനുകൂല്യം ലഭിക്കും. സർക്കാർ ആശുപത്രികളിലും ഈ പദ്ധതിക്കായി എംപാനൽ ചെയ്‌തിട്ടുള്ള സ്വകാര്യ ആശുപത്രികളിലും ഈ സേവനം ലഭ്യമാണ്.







