ആഗോള ബോക്‌സ് ഓഫീസിൽ ചരിത്രം കുറിച്ച് രൺബീർ കപൂറും യഷും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’. റിലീസ് ചെയ്‌ത് എട്ട് ദിവസം പിന്നിടുമ്പോഴാണ് വമ്പന്‍ നേട്ടവുമായി ചിത്രമെത്തുന്നത്.
ലോകമെമ്പാടുമായി 1,033.55 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ നിന്ന് 675.05 കോടി രൂപ ഗ്രോസ് കലക്ഷനാണ് ചിത്രം നേടിയത്. വിദേശ വിപണിയിൽ നിന്ന് 358.50 കോടി രൂപയും ചിത്രം നേടി. ഇന്ത്യയിലെ നെറ്റ് കലക്ഷൻ 564.60 കോടി രൂപയാണ്. എട്ടാം ദിവസവും മികച്ച പ്രകടനം തുടരുന്ന ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ ആയിരം കോടി ക്ലബ്ബിൽ ഇടംപിടിച്ചതോടെ ഈ വർഷത്തെ ഏറ്റവും വലിയ സിനിമാ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
എട്ടാം ദിവസം ഇന്ത്യയിൽ നിന്ന് മാത്രം 53.50 കോടി രൂപയാണ് ചിത്രം നെറ്റ് കലക്ഷനായി നേടിയത്. ഏഴാം ദിവസത്തെ 70.65 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കലക്ഷനിൽ 24.3 ശതമാനം ഇടിവുണ്ടായെങ്കിലും ചിത്രം മികച്ച തിയറ്റർ പ്രകടനം തുടരുകയാണ്. ആദ്യ എട്ട് ദിവസങ്ങളിലായി ഇന്ത്യയിൽ 1,90,518 ഷോകളാണ് സിനിമ പ്രദർശിപ്പിച്ചത്.
ഭാഷാടിസ്ഥാനത്തിൽ ഹിന്ദി പതിപ്പാണ് ഏറ്റവും കൂടുതൽ കലക്ഷൻ നേടിയത്. ഹിന്ദിയിൽ നിന്ന് 437 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. കന്നഡയിൽ നിന്ന് 48.95 കോടി, തെലുഗുവില്‍ നിന്ന് 38.05 കോടി, തമിഴിൽ നിന്ന് 22.15 കോടി, മലയാളത്തിൽ നിന്ന് 18.45 കോടി രൂപയുമാണ് ലഭിച്ചത്.
അതേസമയം, കർണാടകയിലെ ബോക്‌സ് ഓഫീസ് പ്രകടനത്തിലൂടെ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് രാമായണ. കന്നഡയിൽ ഡബ്ബ് ചെയ്‌ത പതിപ്പിലൂടെ മാത്രം 50 കോടി രൂപയാണ് നെറ്റ് കലക്ഷന്‍ നേടിയിരിക്കുന്നത്. മറ്റു ഭാഷാ പതിപ്പിലൂടെ മികച്ച കലക്ഷന്‍ നേടുന്ന ആദ്യ ബോളിവുഡ് ചിത്രമെന്ന നേട്ടമാണ് ‘രാമായണ’ സ്വന്തമാക്കിയിരിക്കുന്നത്. ഒൻപതാം ദിവസത്തെ കലക്ഷൻ കൂടി ഉൾപ്പെടുത്തുമ്പോഴാണ് ഈ നേട്ടം കൈവരിച്ചത്.
ആദ്യ ആഴ്ച അവസാനിക്കുമ്പോൾ കന്നഡ പതിപ്പിൽ നിന്ന് 48.95 കോടി രൂപയാണ് ചിത്രം നേടിയത്. 50 കോടി എന്ന നാഴികക്കല്ലിലേക്ക് എത്താൻ ഒരു കോടി രൂപയിൽ താഴെ മാത്രമാണ് നേടേണ്ടിയിരുന്നത്.
വെള്ളിയാഴ്ചത്തെ അഡ്വാൻസ് ബുക്കിങ്ങും ചിത്രത്തിന് അനുകൂലമായിരുന്നു. 887 ഷോകളിലായി 1.33 കോടി രൂപയുടെ ഗ്രോസ് അഡ്വാൻസ് ബുക്കിങ്ങാണ് രേഖപ്പെടുത്തിയത്. ബ്ലോക്ക് ചെയ്ത സീറ്റുകൾ ഒഴിവാക്കിയുള്ള കണക്കിൽ 1.08 കോടി രൂപയും ലഭിച്ചു. ഏകദേശം 35,065 ടിക്കറ്റുകളാണ് മുൻകൂട്ടി ബുക്ക് ചെയ്‌തത്. സ്പോട്ട് ബുക്കിങ്ങുകൾ കൂടി പരിഗണിക്കുമ്പോൾ കന്നഡ പതിപ്പിന്‍റെ കലക്ഷൻ ഇനിയും ഉയരാനാണ് സാധ്യത.
കർണാടകയിൽ 100 കോടി കടന്ന് രാമായണ
കർണാടകയിലെ മൊത്തം കലക്ഷനിലും മികച്ച നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. എല്ലാ ഭാഷകളിലുമായി സംസ്ഥാനത്ത് നിന്ന് 101.35 കോടി രൂപ ഗ്രോസ് കലക്ഷൻ നേടാൻ ‘രാമായണ’യ്‌ക്ക് കഴിഞ്ഞു. കർണാടകയിൽ 100 കോടി ഗ്രോസ് പിന്നിടുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമെന്ന നേട്ടവും ഇതോടെ സ്വന്തമായി. ‘ധുരന്ധർ 2’ ആണ് ഈ നേട്ടം കൈവരിച്ച മറ്റൊരു ചിത്രം.
മുൻകാല ബോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളുടെ കർണാടകയിലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ ‘രാമായണ’യുടെ മുന്നേറ്റം ശ്രദ്ധേയമാണ്.
ഷാരൂഖ് ഖാന്‍റെ ‘ജവാൻ’ 2023 സെപ്റ്റംബർ അവസാനത്തോടെ കർണാടകയിൽ നിന്ന് 56 കോടിയിലധികം രൂപ ഗ്രോസ് കലക്ഷൻ നേടിയിരുന്നു. ‘പത്താൻ’, ‘ദംഗൽ’ തുടങ്ങിയ ചിത്രങ്ങളുടെ റെക്കോർഡുകളും ‘ജവാൻ’ മറികടന്നിരുന്നു. എന്നാൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ കണക്കിന്‍റെ ഇരട്ടിയോളം സ്വന്തമാക്കാൻ ‘രാമായണ’യ്ക്ക് സാധിച്ചു.
യാഷിന്‍റെ സാന്നിധ്യം കന്നഡ പതിപ്പിന് കരുത്തായി
കന്നഡ വിപണിയിൽ ‘രാമായണ’യ്ക്ക് ഏറെ കരുത്തായതും വലിയ സ്വീകാര്യത ലഭിച്ചതിനുമുള്ള കാരണങ്ങളിലൊന്ന് യഷിന്‍റെ സാന്നിധ്യം തന്നെയാണ്. ‘കെജിഎഫ് ‘ ഫ്രാഞ്ചൈസിയിലൂടെ കന്നഡ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ യഷ് ചിത്രത്തിൽ രാവണനായാണ് എത്തുന്നത്. യഷിന്‍റെ താരമൂല്യവും കന്നഡ ഭാഷയിലുള്ള ഡബ്ബിങ് പതിപ്പും സിനിമയ്ക്ക് പ്രാദേശിക പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തു.
ആദ്യ ദിവസം തന്നെ കന്നഡ പതിപ്പിന്‍റെ അഡ്വാൻസ് ബുക്കിങ് 5.40 കോടി രൂപ ഗ്രോസ് നേടിയിരുന്നു. ബ്ലോക്ക് ചെയ്ത സീറ്റുകൾ ഒഴിവാക്കിയുള്ള കണക്ക് 4.95 കോടി രൂപയായിരുന്നു. 1,240 ഷോകളിലായി 1.48 ലക്ഷം ടിക്കറ്റുകളാണ് അന്ന് മുൻകൂട്ടി ബുക്ക് ചെയ്‌തത്.
‘ആനിമൽ’, ‘വാർ 2’ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾക്ക് തെലുഗു വിപണിയിൽ നിന്ന് ലഭിച്ച വലിയ പിന്തുണയിൽ നിന്ന് വ്യത്യസ്തമായി ‘രാമായണ’യ്ക്ക് കന്നഡ വിപണിയിൽ നിന്നാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭാഷാടിസ്ഥാനത്തിലുള്ള സംഭാവന ലഭിക്കുന്നത്.
കന്നഡ പതിപ്പിൽ നിന്ന് 50 കോടി രൂപ നെറ്റ് കലക്ഷൻ നേടുന്ന ചിത്രങ്ങളുടെ പട്ടികയിലും ‘രാമായണ’ ഇടംപിടിച്ചു. ‘കാന്താര: എ ലെജൻഡ് ചാപ്റ്റർ 1’, ‘കെജിഎഫ് ചാപ്റ്റർ 2’, ‘ജെയിംസ്’ തുടങ്ങിയ ചിത്രങ്ങൾ നാല് ദിവസത്തിനുള്ളിൽ ഈ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ ‘രാമായണ’ ഒൻപത് ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.
കന്നഡ പതിപ്പിലൂടെ ഇതിനകം തന്നെ വലിയ റെക്കോർഡ് സ്വന്തമാക്കിയ ‘രാമായണ’യുടെ തുടർപ്രകടനവും സിനിമാ ലോകം ഉറ്റുനോക്കുകയാണ്. രണ്ടാം വാരാന്ത്യത്തിലെ കലക്ഷൻ ചിത്രത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പിൽ നിർണായകമാകും. നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ കന്നഡ പതിപ്പിന്‍റെ ആകെ കലക്ഷൻ 60 കോടി രൂപ കടക്കുമെന്നാണ് വിലയിരുത്തൽ.
രണ്ടാം വാരത്തിലും മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചാൽ 70 കോടി രൂപയെന്ന ലക്ഷ്യത്തിലേക്കും ചിത്രത്തിന് മുന്നേറാനാകും.
ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കിയുള്ള കഥയും വൻതാരനിരയും സാങ്കേതിക മികവും സിനിമയ്ക്ക് വലിയ സ്വീകാര്യത നേടിക്കൊടുക്കുന്നുണ്ട്. പ്രത്യേകിച്ച് കുടുംബപ്രേക്ഷകരെയും വിവിധ ഭാഷകളിലെ സിനിമാപ്രേമികളെയും ഒരുപോലെ ആകർഷിക്കാൻ ചിത്രത്തിന് കഴിയുന്നുണ്ട്.







