മുണ്ടിനീര് വ്യാപനം: ആലപ്പുഴയിൽ ഒരു സ്കൂളിന് 21 ദിവസം അവധി;

0
1

ആലപ്പുഴ: മുണ്ടിനീര് വ്യാപനത്തെ തുടർന്ന് ആലപ്പുഴയിലെ തുമ്പോളി എസ് എൻ വി എൽപി സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു. സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഈ ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്.

രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാൻ മുണ്ടിനീരിൻ്റെ ഇൻകുബേഷൻ കാലയളവായ 21 ദിവസം സ്കൂളിന് അവധി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ജൂലൈ ഒന്ന് മുതൽ 21 ദിവസത്തേക്ക് മുൻകാലപ്രാബല്യത്തോടെയാണ് ജില്ലാ കളക്ടർ അവധി അനുവദിച്ചത്.

സ്കൂൾ അവധിയായ 21 ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നിർവഹിക്കണമെന്നും കളക്ടറുടെ നിർദേശത്തിലുണ്ട്. വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നുപിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

 

എന്താണ് മുണ്ടിനീര്?

ഉമിനീരിൽ ഉണ്ടാകുന്ന വൈറസ് ബാധയാണ് മുണ്ടിനീര് എന്നറിയപ്പെടുന്നത്. കുട്ടികൾ, കൗമാര പ്രായത്തിലുള്ളവർ എന്നിവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. താടിയിലുണ്ടാകുന്ന നീരാണ് രോഗത്തിൻ്റെ പ്രധാന ലക്ഷണം. ഉമിനീർ ഗ്രന്ഥി നീര് വച്ച് വീർക്കുന്ന അവസ്ഥയാണിത്.

മുണ്ടിനീരുള്ളവർ തുമ്മുമ്പോഴേ ചുമയ്ക്കുമ്പോഴോ സംസാരിക്കുകയോ മൂക്ക് ചീറ്റുമ്പോഴോ ആണ് സ്രവങ്ങൾ മറ്റുള്ളവരിലേക്ക് പടരുകയും ഇതുവഴി രോഗം വ്യാപനം നടക്കുകയും ചെയ്യുന്നത്. രോഗമുള്ളവർ ചുമ്മയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്ക് പൊത്തണം.

മുണ്ടിനീര് വൈറസ് ശരീരത്തിലെത്തി കഴിഞ്ഞ് ഏകദേശം 12 – 25 ദിവസങ്ങൾക്കുള്ളിൽ രോഗം ലക്ഷണം പുറത്ത് വരാൻ തുടങ്ങും. ഉമിനീർ ഗ്രന്ഥി വീർക്കുന്നതിനൊപ്പം പനിയും തലദേവനയും പേശി വേദനയും അനുഭവപ്പെടാം. ഇതിനൊപ്പം കടുത്ത ക്ഷീണവും, ഭക്ഷണം കഴിക്കാൻ താൽപ്പര്യമില്ലായ്മയുമെല്ലാം ലക്ഷണങ്ങളാണ്. മുഖത്ത് വേദനയും അനുഭവപ്പെടാം. മുണ്ടിനീരുള്ളവർ ചവയ്ക്കുമ്പോൾ താടിയെല്ലിനും വേദന അനുഭവപ്പെടാം. മുണ്ടിനീര് റിപ്പോർട്ട് ചെയ്താൽ മാസ്ക് ഉപയോഗിക്കുകയും രോഗമുള്ളവരിൽ നിന്ന് അകലം പാലിക്കുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here