പത്തനംതിട്ട: മീനമാസ പൂജയ്ക്കും ഉത്സവത്തിനുമായി ശബരിമല നട തുറക്കാനിരിക്കെ സന്നിധാനത്ത് താമസസൗകര്യത്തിനായി ഭക്തർക്കായുള്ള ഓൺലൈൻ മുറി ബുക്കിങ് ആരംഭിച്ചു. ഇന്ന് മുതലാണ് (മാർച്ച് ആറ്) ബുക്കിങ് നടപടികൾ ആരംഭിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.onlinetdb.com വഴി ഭക്തർക്ക് മുറികൾ ബുക്ക് ചെയ്യാവുന്നതാണ്.
മീനമാസ പൂജകൾക്കായി മാർച്ച് 14 മുതൽ 19 വരെയും, ശബരിമല ഉത്സവത്തിനായി മാർച്ച് 22 മുതൽ ഏപ്രിൽ ഒന്ന് വരെയുമാണ് നട തുറന്നിരിക്കുക. സന്നിധാനത്ത് താമസിക്കാൻ ഉദ്ദേശിക്കുന്ന ദിവസത്തിന് പരമാവധി 14 ദിവസങ്ങൾ മുൻപ് വരെ മാത്രമേ ഓൺലൈനായി റൂം ബുക്ക് ചെയ്യാൻ സാധിക്കൂ. എല്ലാ ദിവസവും രാത്രി 12 മണിക്ക്, 14 ദിവസങ്ങൾക്ക് ശേഷമുള്ള തീയതികളിലെ ബുക്കിങ് ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരണം.
ശബരിമല ദർശനത്തിനെത്തുന്ന ഭക്തർ റൂം ബുക്കിങ്ങിന് പുറമെ www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴി ദർശനത്തിനുള്ള വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂടി നിർബന്ധമായും ബുക്ക് ചെയ്യണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.









