സുഖോയ് 30 എംകെഐ അപകടം; രണ്ട് പൈലറ്റുമാര്‍ മരിച്ചു,

0
3

ന്യൂഡൽഹി: തകര്‍ന്ന് വീണ ഇന്ത്യന്‍ സേനയുടെ സുഖോയ്‌ 30 MKI യുദ്ധവിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ മരിച്ചു. സ്ക്വാഡ്രൺ ലെഫ്റ്റനൻ്റ് അനുജ്, ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് പുർവേഷ് ദുരാഗ്‌കർ എന്നിവരാണ് മരിച്ചത്. യുദ്ധവിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും മരിച്ചുവെന്ന് വ്യോമസേന സ്ഥിരീകരിച്ചു.

അസമിലെ ജോർഹട്ടിൽ നിന്ന് 60 കി.മി അകലെയുള്ള കർബി ആംഗ്ലോങ് ജില്ലയിലാണ് വിമാനം തകർന്നു വീണത്. സ്ഥലത്ത് പരിശോധനകള്‍ പുരോഗമിക്കുകയാണ്. അതേസമയം വിമാനം അപകടത്തില്‍പ്പെടാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു.

‘പരിശീലന ദൗത്യത്തിലായിരുന്ന Su-30MKI, ജോർഹട്ടിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ അസമിലെ കർബി ആംഗ്ലോങ്ങ് പ്രദേശത്ത് തകർന്നുവീണു’ വ്യോമസേന എക്‌സില്‍ കുറിച്ചു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് മരിച്ച ഉദ്യോഗസ്ഥര്‍ക്ക് വ്യോമസേന അനുശോനം രേഖപ്പെടുത്തി. ‘സുഖോയ് 30 എംകെഐ യുദ്ധവിമാന അപകടത്തില്‍ മാരകമായി പരിക്കേറ്റ സ്ക്വാഡ്രൺ എൽഡർ അനുജിന്‍റെയും ഫ്ലിന്‍റ് ലഫ്റ്റനൻ്റ് പുർവേഷ് ദുരഗ്‌കറിൻ്റെയും വിയോഗം ഇന്ത്യൻ വ്യോമസേന സ്ഥിരീകരിക്കുന്നു. ധീര സൈനികര്‍ക്ക് വ്യോമസേന അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖിതരായ കുടുംബത്തോടൊപ്പം നില്‍ക്കുന്നു’ വ്യോമസേന എക്‌സില്‍ കുറിച്ചു.

ഇന്നലെയാണ് അസമില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്. ഇതിന് പിന്നാലെ വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്‌ടപ്പെടുകയായിരുന്നു. അവസാനമായി രാത്രി 7.42നാണ് ബന്ധപ്പെട്ടതെന്ന് ഇന്ത്യൻ വ്യോമസേന എക്‌സിൽ കുറിച്ചു. തുടര്‍ന്ന് ഈ യുദ്ധവിമാനത്തിനായി തെരച്ചിൽ നടത്തിയിരുന്നു. എന്നാല്‍ കണ്ടെത്താനായിരുന്നില്ല. അതേസമയം ബോകാജൻ സബ് ഡിവിഷനിലെ ചോക്കിഹോള മേഖലയിലെ വനത്തിനുള്ളിൽ വിമാനം തകർന്നു വീണതായി ചില നാട്ടുകാർ പറഞ്ഞിരുന്നു. പരിശീലന ദൗത്യത്തിലിരിക്കേയാണ് സുഖോയ്-30 എംകെഐ യുദ്ധവിമാനം അപകടത്തില്‍പ്പെട്ടത്.

ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ സുരക്ഷാ നിരീക്ഷണങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന സുഖോയ് വിമാനങ്ങൾ പതിവായി ഇത്തരം പറക്കലുകൾ നടത്താറുണ്ട്. വ്യോമസേനയുടെ പ്രത്യേക സംഘങ്ങളും സിവിൽ അധികൃതരും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ലഭിക്കുന്നതുവരെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. റഷ്യന്‍ വിമാന നിര്‍മാതാക്കളായ സുഖോയ് വികസിപ്പിച്ചെടുത്ത രണ്ട് സീറ്റുകളുള്ള മള്‍ട്ടിറോള്‍ ദീര്‍ഘദൂര യുദ്ധവിമാനമാണ് സു-30 എംകെഐ. നിലവില്‍ ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ലൈസന്‍സിന് കീഴില്‍ ഈ വിമാനം നിര്‍മിക്കുന്നുണ്ട്.

1997ലാണ് ഈ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. നിലവില്‍ 260ലധികം സുഖോയ് വിമാനങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. 2024 ജൂണില്‍ മഹാരാഷ്ട്രയിലെ നാസിക്കിലും 2023 ജനുവരിയില്‍ ഗ്വാളിയോര്‍ വ്യോമതാവളത്തിന് സമീപവും സുഖോയ് വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here