അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസിനുള്ളിലും അതൃപ്തി പുകയുന്നു
കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ തന്നെ കടുത്ത ഭിന്നതയും അതൃപ്തിയും ഉയരുന്നതായി റിപ്പോർട്ടുകൾ.
യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ആവശ്യമായ കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായി സംഘടിപ്പിച്ചുവെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ വിമർശനം.
പ്രതിഷേധം അപക്വമായ നടപടിയായിപ്പോയെന്നും സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇത് അനാവശ്യമായ തിരിച്ചടി സൃഷ്ടിച്ചുവെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. “ഉറങ്ങിക്കിടന്ന ബിജെപിയെ ഉണർത്താൻ” മാത്രമാണ് സമരം സഹായിച്ചതെന്നും വിമർശനമുണ്ട്.
അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ യുവമോർച്ചയും വിവിധയിടങ്ങളിൽ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തി. കോഴിക്കോട് രമേശ് ചെന്നിത്തലയ്ക്കും വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കും നേരെ പ്രതിഷേധമുണ്ടായി. കൊല്ലം നീണ്ടകരയിൽ മന്ത്രി പി.സി. വിഷ്ണുനാഥിനെതിരെയും പ്രതിഷേധം നടന്നു.
ഇതോടെ അമിത് ഷായ്ക്കെതിരായ ഒരു പ്രതിഷേധം കേരളത്തിൽ കോൺഗ്രസ്–ബിജെപി രാഷ്ട്രീയ ഏറ്റുമുട്ടലിന് പുതിയ തലത്തിലേക്ക് വഴിതുറന്നിരിക്കുകയാണ്.







