ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ദരിദ്ര ജനവാസ മേഖലകൾ ഡൽഹിയുടേതെന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ച ചൈനീസ് വ്ലോഗർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. സംഭവത്തിൽ ആശങ്കയറിയിച്ച വിദേശകാര്യ മന്ത്രാലയം, ഇതിന് പിന്നിലുള്ളവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ജീവിതസാഹചര്യങ്ങൾ, ശുചിത്വം, ഭക്ഷണരീതികൾ, ദാരിദ്ര്യം എന്നിവയാണെന്ന് കാട്ടി ധാക്കയിലെ ജനവാസ മേഖലകളിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. മറ്റൊരു രാജ്യത്തെ പ്രദേശങ്ങൾ ഇന്ത്യയുടേതെന്ന രീതിയിൽ അവതരിപ്പിക്കുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കും. ഇത് മറ്റ് ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയെക്കുറിച്ച് തെറ്റായ ധാരണകൾ സൃഷ്ടിക്കുമെന്ന ആശങ്കയും ഉയർന്നു.
തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിന്റെ വെല്ലുവിളിയെ കുറിച്ചും വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. വ്ലോഗർമാരുടെ വീഡിയോകൾ സംബന്ധിച്ച മാധ്യമറിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം.







