യുഎഇയില്‍ നിയമലംഘനം നടത്തുന്ന മുസ്ലിം ഇതര ആരാധനാലയങ്ങൾക്ക് 7.5 ലക്ഷം ദിർഹം വരെ പിഴ

0
5
യുഎഇയിൽ പ്രവർത്തിക്കുന്ന മുസ്ലിം ഇതര ആരാധനാലയങ്ങൾ നിയമങ്ങൾ ലംഘിച്ചാൽ 7,50,000 ദിർഹം (ഏകദേശം 1.9 കോടിയിലധികം ഇന്ത്യൻ രൂപ) വരെ പിഴ ചുമത്താനും ലൈസൻസ് റദ്ദാക്കാനും വ്യവസ്ഥ ചെയ്യുന്ന പുതിയ ഉത്തരവ് നിലവിൽ വന്നു. വിദേശ ബന്ധങ്ങൾ, അനധികൃത സംഭാവനകൾ, ലൈസൻസില്ലാത്ത പ്രവർത്തനങ്ങൾ തുടങ്ങി 24 തരത്തിലുള്ള നിയമലംഘനങ്ങൾക്കാണ് മന്ത്രിസഭാ തീരുമാനം പ്രകാരം പിഴ നിശ്ചയിച്ചിരിക്കുന്നത്.
ഒക്ടോബർ 14 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ക്രമീകരണം നിലവിലുള്ള നിയമങ്ങൾക്ക് മാറ്റം വരുത്തുന്നില്ലെങ്കിലും, നിയമലംഘനങ്ങൾക്കെതിരെ അതിവേഗം നടപടിയെടുക്കാൻ അധികൃതർക്ക് അധികാരം നൽകുന്നു. കോടതി നടപടികളില്ലാതെ തന്നെ മുന്നറിയിപ്പ് നൽകാനും പിഴയോ സസ്‌പെൻഷനോ ഏർപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് സാധിക്കും. ആവർത്തിക്കുന്ന കുറ്റകൃത്യങ്ങൾക്ക് പിഴത്തുക വർധിക്കും.

പ്രധാന നിയമലംഘനങ്ങളും പിഴകളും

വിദേശ ബന്ധങ്ങളും അനധികൃത പിരിവുകളും: അനുമതിയില്ലാതെ മറ്റ് രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായോ സ്ഥാപനങ്ങളുമായോ ബന്ധം സ്ഥാപിച്ചാൽ ആദ്യ ഘട്ടത്തിൽ 2,50,000 ദിർഹവും, മൂന്നാം തവണയും ആവർത്തിച്ചാൽ 7,50,000 ദിർഹവും പിഴ ഈടാക്കും. വിദേശത്തുനിന്ന് അനുമതിയില്ലാതെ സംഭാവനകൾ കൈപ്പറ്റുന്നതിനും സോഷ്യൽ മീഡിയ വഴിയുള്ള പിരിവുകൾക്കും ആദ്യ തവണ ഒരു ലക്ഷം ദിർഹവും തുടർന്ന് 5 ലക്ഷം ദിർഹം വരെയും പിഴ ചുമത്തും.
ലൈസൻസ് ലംഘനങ്ങൾ: അനുവദിക്കപ്പെട്ട കെട്ടിടത്തിന് പുറത്ത് ആരാധനാ ചടങ്ങുകൾ സംഘടിപ്പിച്ചാൽ ഒരു ലക്ഷം ദിർഹം പിഴ ലഭിക്കും. ആരാധനാലയം മറ്റ് ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്താൽ 4 ലക്ഷം ദിർഹം വരെ പിഴ ലഭിക്കാം. തുടർച്ചയായി നാല് തവണ നിയമലംഘനം നടത്തിയാൽ പ്രാർത്ഥനാലയത്തിന്റെ പ്രവർത്തനം 3 മാസത്തേക്ക് സസ്‌പെൻഡ് ചെയ്യും.
സാമ്പത്തികവും ബാങ്കിംഗും: യുഎഇയിലെ ദേശീയ ബാങ്കുകളിൽ അക്കൗണ്ടില്ലാതെ പ്രവർത്തിക്കുക, ബാങ്കിൽ നിക്ഷേപിക്കുന്നതിന് മുമ്പ് പണം ചെലവഴിക്കുക എന്നിവയ്ക്ക് കടുത്ത മുന്നറിയിപ്പും പിഴയും ലഭിക്കും. വാർഷിക സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകൾ 3 മാസത്തിനകം സമർപ്പിച്ചില്ലെങ്കിൽ 25,000 ദിർഹം വരെ പിഴ ഈടാക്കും.
തീരുമാനത്തിനെതിരെ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം അപ്പീൽ നൽകാൻ ആരാധനാലയ അധികൃതർക്ക് അവകാശമുണ്ട്. ചുമത്തപ്പെടുന്ന പിഴത്തുക 30 ദിവസത്തിനകം അടച്ചുതീർക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here