നെതന്യാഹു യുഗത്തിന് അന്ത്യമാകുമോ? പുതിയ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്‌ത് ഐസൻകോട്ട്;

0
3

ഇസ്രയേലിൽ പുതിയ സര്‍ക്കാര്‍ അധികാരമേൽക്കുമ്പോൾ നെതന്യാഹുവിൻ്റെ നയങ്ങൾ തിരുത്തുമെന്ന പ്രഖ്യാപനവുമായി ഗാഡി ഐസൻകോട്ട്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പല നയങ്ങളും തിരുത്തുമെന്ന് ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ചുമതല ലഭിച്ച രാഷ്ട്രീയ നേതാവ് ഗാഡി ഐസൻകോട്ട് പ്രഖ്യാപിച്ചു. പുതിയ നെസെറ്റ് (ഇസ്രയേൽ ഏകസഭ നിയമനിർമ്മാണ സഭ) അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ വേളയിലായിരുന്നു അദ്ദേഹത്തിൻ്റെ ഈ വാഗ്‌ദാനം.

ഇസ്രയേലിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിൻ്റെ ഭരണത്തിന് അന്ത്യം കുറിക്കുന്ന ഒരു പുതിയ സഖ്യസർക്കാർ രൂപീകരിക്കാൻ മുൻ സൈനിക മേധാവിയായ ഐസൻകോട്ടിന്, ആറാഴ്‌ച വരെ സമയമുണ്ട്. ഐസൻകോട്ടിന് ഒരു സഖ്യ സർക്കാർ രൂപീകരിക്കാൻ കഴിയുമോ എന്നത് വ്യക്തമല്ലെങ്കിലും ഈ ഇടവേളയിൽ പുതിയ നെസെറ്റിന് നിയമങ്ങൾ പാസാക്കാൻ സാധിക്കും. നിലവിൽ പാർലമെൻ്റിൽ നെതന്യാഹുവിൻ്റെ എതിരാളികൾക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്.

നിയമനിർമ്മാണ സമ്മേളനത്തിൻ്റെ തുടക്കത്തിൽ തന്നെ, നെതന്യാഹുവിനെയും അദ്ദേഹത്തിൻ്റെ നയങ്ങളെയും ലക്ഷ്യമിട്ടുള്ള നിരവധി ബില്ലുകൾ ഐസൻകോട്ട് പക്ഷം അവതരിപ്പിച്ചു. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ഔദ്യോഗിക സർക്കാർ അന്വേഷണം നടത്തുക, പ്രധാനമന്ത്രി പദവിക്ക് കാലാവധി പരിധി നിശ്ചയിക്കുക, നീതിന്യായ വ്യവസ്ഥയുടെ അധികാരം പരിമിതപ്പെടുത്താൻ നെതന്യാഹു സർക്കാർ വരുത്തിയ മാറ്റങ്ങൾ റദ്ദാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. വരും ആഴ്‌ചകളിൽ ഈ ബില്ലുകൾ എത്രത്തോളം മുന്നോട്ട് പോകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

ഐക്യത്തിനായുള്ള ആഹ്വാനങ്ങൾ

ചില വിഭാഗങ്ങളെ മാത്രം പ്രതിനിധീകരിക്കുന്ന സർക്കാരല്ല, മറിച്ച് എല്ലാ ഇസ്രയേലികൾക്കും വിശ്വസിക്കാൻ കഴിയുന്ന ഒരു സർക്കാരാണ് തൻ്റെ ലക്ഷ്യമെന്ന് മുൻ ജനറൽ കൂടിയായ ഐസൻകോട്ട് ആവർത്തിച്ചു. “ഞങ്ങൾക്ക് വോട്ട് ചെയ്തവരും അല്ലാത്തവരുമായ ഇസ്രയേലിലെ എല്ലാ പൗരന്മാർക്കും വേണ്ടി, പൂർണമായ പ്രതിബദ്ധതയോടെ ഞങ്ങൾ പ്രവർത്തിക്കും” നെസെറ്റ് സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ഐസൻകോട്ട് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ, ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിക്കാൻ നെതന്യാഹു ശ്രമിച്ചു. അറബ് വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള പാർട്ടികൾ തിരഞ്ഞെടുപ്പ് മോഷ്ടിച്ചു എന്ന ആരോപണങ്ങൾ അദ്ദേഹം ആവർത്തിച്ചുവെന്നും ഐസൻകോട്ട് വിമര്‍ശിച്ചു.

ഇസ്രയേൽ ജനസംഖ്യയുടെ 20 ശതമാനം വരുന്ന ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന അറബ് രാഷ്ട്രീയക്കാരെ വിശ്വസിക്കാൻ കഴിയില്ലെന്ന നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ രൂപീകരിക്കാൻ അറബ് പാർട്ടികളുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച ജൂത പ്രതിപക്ഷ നേതാക്കളെയും അദ്ദേഹം വിമർശിച്ചു. “ഞാൻ നിങ്ങളോട് ചോദിക്കട്ടെ: ജൂത രാഷ്ട്രത്തെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിയുന്നവവരുടെ കൂടെ നിൽക്കാൻ നിങ്ങൾ തയ്യാറാണോ?” നെതന്യാഹു ചോദിച്ചു.

ഇസ്രയേലിനെ ഒരു ജൂത രാഷ്ട്രമായി അംഗീകരിക്കുക, ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുക തുടങ്ങിയ ചില നിബന്ധനകൾ പാലിക്കുകയാണെങ്കിൽ, അറബ് പാർട്ടികളുമായി സഹകരിക്കാനുള്ള സാധ്യത ഐസൻകോട്ട് തള്ളിക്കളഞ്ഞിട്ടില്ല. നെതന്യാഹുവിൻ്റെ പ്രസംഗം ഭിന്നിപ്പുണ്ടാക്കുന്നതും വിദ്വേഷം നിറഞ്ഞതും ആണെന്ന് ഐസൻകോട്ട് വിശേഷിപ്പിച്ചു. “അദ്ദേഹം ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ യോഗ്യനല്ല എന്ന കാര്യത്തിൽ എനിക്ക് ഇപ്പോൾ കൂടുതൽ ഉറപ്പായിരിക്കുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെതന്യാഹുവിൻ്റെ എതിരാളികൾ ഇതിനകം തന്നെ തങ്ങളുടെ നിയമനിർമ്മാണ അജണ്ട തയ്യാറാക്കിക്കഴിഞ്ഞു. തങ്ങളുടെ നിയമനിർമ്മാണ അജണ്ടയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ച ഐസൻകോട്ടിൻ്റെ പക്ഷം, ഇന്നലെ പുതിയ പാർലമെൻ്റ് സ്പീക്കറെ നിയമിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിരുന്നു. നെതന്യാഹുവിൻ്റെ പിന്തുണയുള്ള നിലവിലെ സ്‌പീക്കർ അമീർ ഒഹാനയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭൂരിഭാഗം അംഗങ്ങളും ഒപ്പുകൾ സമർപ്പിച്ചു. അദ്ദേഹത്തിന് പകരം മറ്റൊരാളെ നിയമിക്കുന്നതിനുള്ള വോട്ടെടുപ്പിലേക്കുള്ള ആദ്യപടിയാണിത്. ഒരു സഖ്യസർക്കാർ രൂപീകരിക്കുന്നതിന് മുൻപുതന്നെ ഈ വോട്ടെടുപ്പ് നടന്നേക്കാം.

‘നെസെറ്റ്’ (ഇസ്രയേൽ പാർലമെൻ്റ്) സ്‌പീക്കർ എന്നത് വളരെ ശക്തമായ ഒരു പദവിയാണ്. ഏതെല്ലാം ബില്ലുകൾ പാർലമെൻ്റിൽ അവതരിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് സ്‌പീക്കറാണ്. അതിനാൽ, ഐസൻകോട്ടിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളിൽ നിന്നൊരാൾ സ്‌പീക്കറായാൽ, അവർക്ക് തങ്ങളുടെ നിയമനിർമ്മാണ അജണ്ടയുമായി മുന്നോട്ട് പോകാൻ സാധിക്കും. ഐസൻകോട്ടിൻ്റെ ‘യഷാർ’ പാർട്ടിയിലെ മുതിർന്ന അംഗമായ മത്താൻ കഹാനയെയാണ് പ്രതിപക്ഷം ഈ സ്ഥാനത്തേക്ക് നിർദ്ദേശിച്ചിരിക്കുന്നത്. അദ്ദേഹത്തെ സ്‌പീക്കറായി നിയമിക്കുന്നതിനുള്ള വോട്ടെടുപ്പ് ഈ ആഴ്‌ച തന്നെ നടന്നേക്കാം.

താത്കാലിക പ്രധാനമന്ത്രിയായി നെതന്യാഹു

പുതിയ പാർലമെൻ്റ് സത്യപ്രതിജ്ഞ ചെയ്‌തതോടെ ഇസ്രയേൽ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. നെതന്യാഹുവും അദ്ദേഹത്തിൻ്റെ മന്ത്രിസഭയും അധികാരത്തിൽ തുടരുമ്പോൾ തന്നെ, പുതിയ നിയമസഭാംഗങ്ങൾക്ക് പുതിയ നിയമങ്ങൾ അവതരിപ്പിക്കാൻ സാധിക്കും. അതേസമയം, തന്നെ പ്രധാനമന്ത്രിയാക്കാൻ സാധ്യതയുള്ള ഒരു സഖ്യം രൂപീകരിക്കുന്നതിനായി ഐസൻകോട്ട് വിവിധ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. ഇതിൽ അദ്ദേഹം പരാജയപ്പെട്ടാൽ, സർക്കാർ രൂപീകരിക്കാനുള്ള അടുത്ത അവസരം ഇസ്രയേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗ് നെതന്യാഹുവിന് നൽകാൻ സാധ്യതയുണ്ട്.

താത്കാലിക പ്രധാനമന്ത്രി എന്ന നിലയിൽ, നെതന്യാഹുവിൻ്റെ അധികാരങ്ങളിൽ കോടതി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിന് ചില നിയമനങ്ങൾ നടത്താനും പുതിയ നിയമനിർമാണങ്ങളെ തടയാനും ശ്രമിക്കാവുന്നതാണ്. സൈന്യം ഉൾപ്പെടെയുള്ള ദേശീയ സുരക്ഷാ കാര്യങ്ങളിൽ അദ്ദേഹത്തിന് പൂർണ അധികാരം ഇപ്പോഴും ഉണ്ട്. ഇറാനിൽ നിന്നുള്ള ആക്രമണ ഭീഷണി നേരിടാൻ ജൂത നേതൃത്വത്തിലുള്ള പാർട്ടികൾ ചേർന്ന് ഒരു ഐക്യ സർക്കാർ രൂപീകരിക്കണമെന്ന് നെതന്യാഹു വാദിക്കുന്നു. ചൊവ്വാഴ്‌ച അദ്ദേഹം ഈ ആവശ്യം ആവർത്തിക്കുകയും, മറ്റ് എല്ലാ പരിഗണനകളും മാറ്റിവയ്ക്കാ‌ൻ പാർട്ടികളോട് അഭ്യർത്ഥിക്കുകയും ചെയ്‌തിരുന്നു. ഇറാനിലെ സർക്കാരിനെ താഴെയിറക്കാൻ ഇസ്രയേൽ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here