മഴക്കാല രോഗങ്ങളെ തടയാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ മതി

0
1

കേരളത്തിൽ മൺസൂൺ സജീവമായതോടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ചിലയിടങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടൽ ഭീഷണിയും ഗതാഗത തടസങ്ങളും ഉൾപ്പെടെ മഴക്കാല ദുരന്തങ്ങളും ആശങ്ക ഉയർത്തുകയാണ്. മഴക്കാല സുരക്ഷയാണ് ഇപ്പോൾ എല്ലാവരുടെയും പ്രധാന ചർച്ച. എന്നാൽ ദുരന്തങ്ങൾ മാത്രമല്ല, മഴക്കാലം ആരോഗ്യത്തിനും വലിയ വെല്ലുവിളിയാണ്. ഈ സമയത്ത് വൈറസുകളും ബാക്‌ടീരിയകളും കൊതുകുകളും കൂടുതൽ സജീവമാകുന്നതിനാൽ വൈറൽ പനി, ജലജന്യരോഗങ്ങൾ, കൊതുകുജന്യരോഗങ്ങൾ എന്നിവയുടെ സാധ്യത വർധിക്കും. അതിനാൽ ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കരുത് എന്നാണ് വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽക്കുന്നത്.

മഴയെ ആസ്വദിക്കുന്നതിനൊപ്പം ആരോഗ്യവും സംരക്ഷിക്കേണ്ടത് അത്ര തന്നെ പ്രധാനമാണ്. ശുചിത്വം പാലിക്കുക, സുരക്ഷിതമായ ഭക്ഷണവും കുടിവെള്ളവും ഉപയോഗിക്കുക, കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുക തുടങ്ങിയ ലളിതമായ മുൻകരുതലുകൾ സ്വീകരിച്ചാൽ മഴക്കാല രോഗങ്ങളെ ഒരുപരിധിവരെ പ്രതിരോധിക്കാനാകും.

1. ശുദ്ധമായ വെള്ളം മാത്രം കുടിക്കുക

മഴക്കാലത്ത് കുടിവെള്ളം എളുപ്പത്തിൽ മലിനമാകാൻ സാധ്യതയുണ്ട്. അതിനാൽ തിളപ്പിച്ചാറിയതോ സുരക്ഷിതമായി ശുദ്ധീകരിച്ചതോ ആയ വെള്ളം മാത്രം കുടിക്കുന്നത് നല്ലതാണ്. ഇതിലൂടെ വയറിളക്കം, ടൈഫോയ്‌ഡ്‌ തുടങ്ങിയ ജലജന്യ രോഗങ്ങൾ ഒഴിവാക്കാൻ സഹായിക്കും. വീടുകളിൽ വെള്ളം ശുദ്ധിയാക്കാൻ ഫിൽട്ടർ ഉപയോഗിക്കാൻ ശ്രമിക്കുക. യാത്ര പോകുമ്പോൾ കുടിക്കാൻ തിളപ്പിച്ച വെള്ളം കൊണ്ടുപോകാൻ ശ്രമിക്കുക.

2. കൈകളുടെ ശുചിത്വം മറക്കരുത്

പുറത്തുനിന്ന് വീട്ടിലെത്തിയ ഉടൻ സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകുക. ഭക്ഷണം കഴിക്കുന്നതിന് മുൻപും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈ കഴുകുന്ന ശീലം രോഗാണുക്കളുടെ വ്യാപനം ഗണ്യമായി കുറയ്ക്കും. ചെറിയ ശീലമാണെങ്കിലും വലിയ സംരക്ഷണമാണ് നമ്മുടെ ശരീരത്തിന് നൽകുന്നത്.

3. ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ

തെരുവോര ഭക്ഷണങ്ങളും ഏറെ നേരം പുറത്തുവെച്ച ഭക്ഷണങ്ങളും മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. പുതുതായി പാകം ചെയ്‌ത ചൂടുള്ള ഭക്ഷണം കഴിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുന്നത് ഭക്ഷ്യവിഷബാധയുടെ സാധ്യത കുറയ്ക്കും.

4. കൊതുകുകളെ തടയുക

മഴക്കാലത്ത് വെള്ളക്കെട്ടുകൾ കൊതുകുകളുടെ പ്രജനനകേന്ദ്രമാണ്. വീട്ടിലും പരിസരത്തും വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൊതുകുവല, കൊതുക് പ്രതിരോധ ക്രീം, വലകൾ എന്നിവ ഉപയോഗിക്കുന്നത് ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകും.

5. നനഞ്ഞ വസ്ത്രങ്ങൾ ഉടൻ മാറ്റുക

മഴയിൽ നനഞ്ഞ വസ്ത്രങ്ങളോ ചെരുപ്പുകളോ ഏറെ നേരം ധരിക്കുന്നത് ചർമ്മരോഗങ്ങൾക്കും ഫംഗസ് ബാധയ്ക്കും കാരണമാകാം. വീട്ടിലെത്തിയ ഉടൻ ശരീരം നന്നായി തുടച്ച് ഉണങ്ങിയ വസ്ത്രങ്ങൾ ധരിക്കുക. കാലുകൾ വൃത്തിയായി കഴുകി ഉണക്കുന്നതും അത്യാവശ്യമാണ്.

6. പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണം തിരഞ്ഞെടുക്കുക

വിറ്റാമിൻ സി ധാരാളമുള്ള പഴങ്ങൾ, ഇലക്കറികൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, ചൂട് സൂപ്പുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. സമീകൃത ആഹാരം ശരീരത്തിൻ്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും വൈറസ് രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും.

7. മതിയായ ഉറക്കവും വ്യായാമവും

മഴക്കാലമാണെന്ന കാരണത്താൽ ശരീരചലനം പൂർണമായും ഒഴിവാക്കരുത്. വീട്ടിനുള്ളിൽ ലളിതമായ വ്യായാമമോ യോഗയോ ചെയ്യാം. ദിവസവും മതിയായ ഉറക്കം ലഭിക്കുന്നത് രോഗപ്രതിരോധശേഷി നിലനിർത്താൻ സഹായിക്കും.

8. ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക

ഈർപ്പമുള്ള ചുറ്റുപാടുകൾ ഫംഗസ്, ബാക്ടീരിയ, കീടങ്ങൾ എന്നിവയുടെ വളർച്ചയയ്ക്ക് ഇടയാക്കും. അതിനാല്‌ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക.

9. രോഗലക്ഷണങ്ങൾ അവഗണിക്കരുത്

പനി, കടുത്ത തലവേദന, ശരീരവേദന, ഛർദ്ദി, വയറിളക്കം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയം മരുന്ന് കഴിക്കുന്നതിനുപകരം ഡോക്‌ടറുടെ നിർദേശം തേടുക. നേരത്തെയുള്ള ചികിത്സ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

ചെറിയ മുൻകരുതലുകളും നല്ല ശുചിത്വശീലങ്ങളും ആരോഗ്യകരമായ ഭക്ഷണരീതിയും സ്വീകരിച്ചാൽ മഴക്കാല രോഗങ്ങളെ വലിയൊരളവുവരെ അകറ്റിനിർത്താം. “മഴയെ സ്നേഹിക്കൂ… ഒപ്പം തന്നെ ആരോഗ്യത്തിൽ അതിലും കൂടുതൽ കരുതൽ നൽക്കൂ….”

LEAVE A REPLY

Please enter your comment!
Please enter your name here