ബൈജു രവീന്ദ്രന് കനത്ത തിരിച്ചടി

0
1
ബൈജൂസിന്റെ (Byju’s) സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. സിവിൽ കോടതിയലക്ഷ്യക്കേസിൽ തനിക്ക് ലഭിച്ച ആറ് മാസത്തെ തടവുശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന (സ്റ്റേ ചെയ്യണം) അദ്ദേഹത്തിന്റെ അപേക്ഷ കോടതി തള്ളി. ഇതോടെ ബൈജു രവീന്ദ്രന് ഇതുവരെ ലഭിച്ചിരുന്ന താൽക്കാലിക നിയമസംരക്ഷണം ഇല്ലാതായി. മെയ് 25-ലെ കോടതിയലക്ഷ്യ വിധിക്കെതിരായ അപ്പീൽ നിലനിൽക്കെയാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന തീരുമാനം.
ബൈജൂസിന്റെ യു.എസ് സബ്സിഡിയറിയായ ബൈജൂസ് ആൽഫയിൽ നിന്ന് 533 മില്യൺ ഡോളർ (ഏകദേശം 4,400 കോടി രൂപ) കാണാതായതാണ് ഈ വൻ നിയമപോരാട്ടങ്ങൾക്ക് തുടക്കമിട്ടത്. ഈ പണം എവിടെയാണെന്നോ, അത് എങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടെന്നോ വ്യക്തമാക്കാൻ കമ്പനി പരാജയപ്പെട്ടുവെന്ന് വായ്പാദാതാക്കൾ ആരോപിക്കുന്നു. ഈ തുകയുമായി ബന്ധപ്പെട്ട് യു.എസ് കോടതികൾ നൽകിയ നിർദേശങ്ങൾ ബൈജു രവീന്ദ്രനും കമ്പനിയും ലംഘിച്ചുവെന്നും പണം ഒളിപ്പിക്കാൻ ശ്രമിച്ചുവെന്നും കാട്ടിയാണ് വായ്പാദാതാക്കൾ സിംഗപ്പൂർ കോടതിയെ സമീപിച്ചത്.
കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ പരാജയപ്പെടുകയും തുക സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തതിനെത്തുടർന്നാണ് സിംഗപ്പൂരിലെ കോടതി ബൈജു രവീന്ദ്രന് ആറുമാസത്തെ തടവുശിക്ഷ വിധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here