മീനാക്ഷി നടരാജനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോൺഗ്രസ് നേതാക്കൾ

0
2

ന്യൂഡൽഹി: മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭ സ്ഥാനാർഥി മീനാക്ഷി നടരാജൻ്റെ നാമനിർദേശ പത്രിക തള്ളിയതിൽ കോൺഗ്രസിൻ്റെ ഉന്നത നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തീരുമാനം പുനഃപരിശോധിച്ച് ഉടൻ പിൻവലിക്കണമെന്ന ആവശ്യമാണ് പാർട്ടി മുന്നോട്ടുവെച്ചത്.

കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, രൺദീപ് സുർജേവാല, ജയറാം രമേഷ്, ദീപ ദാസ്‌മുൻഷി, വിവേക് ടാങ്ക, അഭിഷേക് മനു സിങ്‌വി എന്നിവരടങ്ങിയ പ്രതിനിധി സംഘം മീനാക്ഷി നടരാജനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്‌ച നടത്തി.

മീനാക്ഷി നടരാജനെതിരെ നിലവിൽ ഒരു ക്രിമിനൽ കേസും നിലനിൽക്കുന്നില്ലെന്നും അതിനാൽ നാമനിർദേശ പത്രിക തള്ളിയ നടപടി നിയമവിരുദ്ധമാണെന്നും നേതാക്കൾ കമ്മീഷനെ അറിയിച്ചു. കോൺഗ്രസിൻ്റെ വാദമനുസരിച്ച് നടരാജനെതിരെ ഒരു സ്വകാര്യ പരാതി മാത്രമാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ആ പരാതിയിൽ ബന്ധപ്പെട്ട കോടതി ഇതുവരെ നടപടികൾ ഒന്നും സ്വീക്കരിച്ചിട്ടില്ല. അതിനാൽ നിയമപരമായി ഒരു ക്രിമിനൽ കേസും മീനാക്ഷി നടരാജൻ്റെ പേരില്ലില്ലായെന്നും പാർട്ടി ചൂണ്ടിക്കാട്ടി.

സിങ്‌വിയുടെ നിയമവാദം

കോൺഗ്രസിൻ്റെ നിയമവിഭാഗം മേധാവിയും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വിയുടെ നാമനിർദേശം തള്ളിയത് അമ്പരപ്പിക്കുന്നതും നിയമവിരുദ്ധവുമായ നടപടിയാണെന്ന് എക്‌സിലൂടെ പ്രതികരിച്ചു. നിയമപരമായി ആർക്കും ആർക്കെതിരെയും പരാതി നൽകാൻ സാധിക്കുമെങ്കിലും, മജിസ്ട്രേറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട കോടതി പരാതി പരിഗണിച്ച് കുറ്റം ചുമത്താൻ തീരുമാനിക്കുന്നതുവരെ ഒരു ക്രിമിനൽ കേസും നിലവിൽ വന്നതായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

നിലവിലെ കേസിൽ കോടതി നടരാജന് ഒരു നോട്ടീസ് മാത്രമാണ് നൽകിയിട്ടുള്ളത്. പരാതി സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ പോലും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ നാമനിർദേശ പത്രികയിൽ വെളിപ്പെടുത്തേണ്ട ക്രിമിനൽ കേസ് ഉണ്ടെന്ന വാദം നിലനിൽക്കില്ലെന്നും സിങ്‌വി പറഞ്ഞു.

ജനാധിപത്യത്തിന് ഭീഷണിയെന്ന് മുന്നറിയിപ്പ്

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെട്ട് റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം റദ്ദാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യാത്ത പക്ഷം ജനാധിപത്യത്തിൻ്റെ അടിസ്ഥാന തത്വങ്ങളിലൊന്നായ തുല്യ അവസരത്തിനായുള്ള അവകാശം ലംഘിക്കപ്പെടുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.

ഒരു സ്ഥാനാർഥിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശം സമർപ്പിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യം ജനാധിപത്യ സംവിധാനത്തിന് തിരിച്ചടിയാകുമെന്ന് സിങ്‌വി അഭിപ്രായപ്പെട്ടു. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താൻ ഇപ്പോഴും സമയമുണ്ടെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. മീനാക്ഷി നടരാജൻ്റെ നാമനിർദേശ പത്രിക വീണ്ടും അംഗീകരിക്കുന്ന തരത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here