ലാഹോർ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള 15 അംഗ പാകിസ്‌താൻ പുരുഷ ക്രിക്കറ്റ് ടീമിനെ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരിചയസമ്പന്നനായ 30-കാരൻ ഓപ്പണിംഗ് ബാറ്റർ സാഹിബ്‌സാദ ഫർഹാനെയാണ് ടീമിന്‍റെ നായകനായി തെരഞ്ഞെടുത്തിരിക്കുന്നത്. പാകിസ്‌തായി അഞ്ച് ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള മധ്യനിര ബാറ്റർ അബ്ദുൾ സമദ് ടീമിന്‍റെ ഉപനായകനാകും. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് ഏഷ്യൻ ഗെയിംസ് അരങ്ങേറുന്നത്.
യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. ടീമിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര പരിചയസമ്പത്തുള്ളത് ക്യാപ്റ്റൻ സാഹിബ്‌സാദ ഫർഹാനാണ്. പാകിസ്‌താനായി 46 ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞിട്ടുള്ള ഫർഹാൻ, രണ്ട് സെഞ്ചുറികളും 10 അർധസെഞ്ചുറികളും ഉൾപ്പെടെ 1,305 റൺസ് നേടിയിട്ടുണ്ട്.
യുവനിരയുടെ സാന്നിധ്യവും നാല് പുതുമുഖങ്ങളും
ബെഞ്ച് സ്ട്രെങ്ത് പരിശോധിക്കുന്നതിന്‍റെ ഭാഗമായി, അന്താരാഷ്ട്ര തലത്തിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത നാല് ആഭ്യന്തര ക്രിക്കറ്റ് താരങ്ങളെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇടങ്കയ്യൻ പേസർ ആക്കിഫ് ജാവേദ്, യുവ ഫാസ്റ്റ് ബൗളർ അലി റാസ, ഓൾറൗണ്ടർ മാസ് സദാഖത്, ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത സാദ് മസൂദ് എന്നിവരാണ് ടി20 ടീമിലേക്ക് ആദ്യമായി വിളിവന്ന നാല് പുതുമുഖങ്ങൾ. വരാനിരിക്കുന്ന വലിയ ടൂർണമെന്‍റുകൾക്ക് മുന്നോടിയായി രാജ്യത്തെ മികച്ച പ്രതിഭകളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പി.സി.ബിയുടെ ഈ നീക്കം.
എൻ.സി.എ ഹൈ-പെർഫോമൻസ് ക്യാമ്പ്
ടീമിന്‍റെ ശാരീരികക്ഷമതയും തന്ത്രപരമായ മികവും വർദ്ധിപ്പിക്കുന്നതിനായി, പ്രഖ്യാപിച്ച 15 അംഗ ടീമിലെ 14 കളിക്കാരും നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ വൈറ്റ് ബോൾ ക്യാമ്പിൽ പങ്കെടുക്കും. ജൂൺ 15 തിങ്കളാഴ്ച മുതൽ ജൂൺ 18 വരെ ലാഹോറിലാണ് ഈ തീവ്ര പരിശീലന ക്യാമ്പ് നടക്കുക.
വരാനിരിക്കുന്ന അന്താരാഷ്ട്ര-ആഭ്യന്തര ക്രിക്കറ്റ് സീസണുകൾക്കായി കളിക്കാരെ സജ്ജമാക്കാൻ ലക്ഷ്യമിട്ട് പി.സി.ബി സംഘടിപ്പിക്കുന്ന റെഡ് ബോൾ, വൈറ്റ് ബോൾ വിഭാഗങ്ങളിലെ വലിയ ക്യാമ്പിന്‍റെ ഭാഗമാണിത്. ആകെ 49 കളിക്കാരെയാണ് ഈ ക്യാമ്പുകളിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. എൻ.സി.എയിലെയും ദേശീയ ടീമിലെയും പ്രമുഖ പരിശീലകരുടെയും പി.സി.ബി മെഡിക്കൽ സ്റ്റാഫിന്‍റേയും നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും താരങ്ങളുടെ പരിശീലനം. ഇതിന് പുറമെ കളിക്കാരുടെ കായികക്ഷമതയും സാങ്കേതികതയും രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി പരിശീലകർ ഓരോ കളിക്കാരനുമായി പ്രത്യേകം സെഷനുകളും നടത്തും.
മത്സരക്രമവും ഫോർമാറ്റും
20-ാമത് ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങൾ പൂർണ്ണമായും ടി20 (T20) ഫോർമാറ്റിലാണ് നടക്കുക. ഏഷ്യയിലെ പ്രമുഖരായ 10 രാജ്യങ്ങളാണ് മെഡൽ പോരാട്ടത്തിനായി ഐച്ചി പ്രവിശ്യയിലെ കൊരോഗി അത്‌ലറ്റിക് പാർക്കിൽ മാറ്റുരയ്ക്കുന്നത്. പുരുഷന്മാരുടെ ക്രിക്കറ്റ് ടൂർണമെന്‍റ് സെപ്റ്റംബർ 24-ന് ആരംഭിക്കും. ഒക്ടോബർ 3-നാണ് വെങ്കല, സ്വർണ്ണ മെഡലുകൾക്കായുള്ള ഫൈനൽ പോരാട്ടങ്ങൾ നടക്കുക.
പാകിസ്താൻ ഏഷ്യൻ ഗെയിംസ് സ്ക്വാഡ്: സാഹിബ്‌സാദ ഫർഹാൻ (ക്യാപ്റ്റൻ), അബ്ദുൾ സമദ് (വൈസ് ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, അഹമ്മദ് ഡാനിയാൽ, ആക്കിഫ് ജാവേദ്, അലി റാസ, അരാഫത്ത് മിൻഹാസ്, ഹൈദർ അലി, ഹസൻ നവാസ്, മാസ് സദാഖത്, മുഹമ്മദ് സൽമാൻ മിർസ, സാദ് മസൂദ്, സയിം അയൂബ്, സുഫ്യാൻ മുഖീം, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ).







