കേരള നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. 2026-27 ബജറ്റ് അവതരണം 29ന്. മാര്‍ച്ച് 26ന് സഭ പിരിയും.
തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ 16ാമത് സമ്മേളനം നാളെ (ജനുവരി 20) മുതല്‍. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന നിയമസഭാ സമ്മേളനമാണ് നാളെ തുടങ്ങാനിരിക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമിടുന്ന സമ്മേളനത്തില്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റാണ് പ്രധാനം. ബജറ്റ് അവതരണം ജനുവരി 29ന്.
അടുത്ത മാസം 2,3,4 തീയതികളില്‍ ബജറ്റിന് മേലുള്ള ചര്‍ച്ചയുമുണ്ടാകും. ജനുവരി 20 മുതല്‍ 26 വരെ 32 ദിവസങ്ങള്‍ നീളുന്ന സമ്മേളനമാണ് നടക്കുക. തുടര്‍ന്ന് ഫെബ്രുവരി 5ന് 2025-26 വര്‍ഷത്തെ അവസാന ബാച്ച് ഉപധനാഭ്യാര്‍ഥനകളും കൂടാതെ ഏതാനും സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യാര്‍ഥനകളും പരിഗണിക്കും.
ഫെബ്രുവരി 5 മുതല്‍ 22 വരെ സഭ ചേരില്ല. ഫെബ്രുവരി 24 മുതല്‍ അടുത്ത 13 ദിവസം വരെ 2026-27 വര്‍ഷത്തെ ധനാഭ്യാര്‍ഥന ചര്‍ച്ച ചെയ്‌ത് പാസാക്കും. രണ്ട് ധനവിനിയോഗ ബില്ലുകളും സമ്മേളനത്തില്‍ പാസാക്കും. തുടര്‍ന്ന് നടപടികളെല്ലാം പൂര്‍ത്തിയാക്കി മാര്‍ച്ച് 26ന് സഭ പിരിയും.
15ാം നിയമസഭയുടെ 15 സെഷനുകളില്‍ മൊത്തം 182 ദിവസം സഭ ചേര്‍ന്നിട്ടുണ്ട്. ഇതില്‍ 158 ബില്ലുകളും പാസാക്കി. എന്നാല്‍ സഭ പാസാക്കിയതില്‍ 14 ബില്ലുകള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്.







