ബിരുദം കഴിഞ്ഞവർക്ക് 1 ലക്ഷം രൂപ ഫെല്ലോഷിപ്പ്; അപേക്ഷ ഇന്ന് മുതൽ;

0
21

ബിരുദം കഴിഞ്ഞവർക്ക് 1 ലക്ഷം രൂപ വീതം ഫെല്ലോഷിപ്പ്. വിദ്യാർത്ഥി പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് കോളേജ് വിദ്യാഭ്യാസ വകുപ്പാണ്. 1000 വിദ്യാർത്ഥികൾക്ക് ഓരോരുത്തർക്കും ഒരു ലക്ഷം രൂപ വീതം ലഭിക്കും.

  • 2023-24 അധ്യയന വർഷത്തിൽ ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരം.
  • 75 ശതമാനം മാർക്ക് നേടിയ 1000 വിദ്യാർത്ഥികൾക്ക് ഓരോരുത്തർക്കും ഒരു ലക്ഷം രൂപ വീതം.
  • അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി 2026 ഫെബ്രുവരി 26.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2023-24 അധ്യയന വർഷത്തിൽ ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനാവുക. ഇതിലേക്ക് ഓൺലൈനായാണ് അപേക്ഷിക്കേണ്ടതെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന 1000 വിദ്യാർത്ഥികൾക്ക് ഓരോരുത്തർക്കും ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പായി നൽകും.

കേരളത്തിലെ 13 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിവിധ വിഷയങ്ങളിലായി ബിരുദ (3/4/5 വർഷ കോഴ്‌സുകൾ) പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബിരുദതല പരീക്ഷയിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് നേടിയവർക്കാണ് അർഹത.

സർവകലാശാല നിശ്ചയിച്ച മാർക്ക് കണക്കാക്കൽ രീതിയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മെറിറ്റ് അടിസ്ഥാനത്തിൽ ഉയർന്ന മാർക്ക് നേടിയവർക്ക് സ്‌കോളർഷിപ്പ് അനുവദിക്കും.

അപേക്ഷകരുടെ വാർഷിക കുടുംബവരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷിക്കുന്ന സമയത്ത് ഡിഗ്രി സർട്ടിഫിക്കറ്റ്/കൺസൊളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ്‌ ചെയ്യണം. അപേക്ഷകൾ പൂർണമായും ഓൺലൈൻ വഴിയായിരിക്കണമെന്നതും രേഖകളുടെ പ്രിന്റ് കോപ്പികൾ ഓഫീസിലേക്ക് അയയ്‌ക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.

അപേക്ഷിക്കേണ്ടത് ഇങ്ങനെ

അപേക്ഷകൾ https://cmprathibhapuraskaram.kerala.gov.in എന്ന പോർട്ടൽ വഴി സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 ഫെബ്രുവരി 26. കൂടുതൽ വിവരങ്ങൾക്ക് 9447096580, 9446780308 എന്നീ നമ്പറുകളിലോ dcecmscholarship@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here