‘മദ്യപാനം പൂർണ്ണമായും നിർത്തി’; ട്രോളുകൾക്കും ശാന്തിവിള ദിനേശിനും മറുപടിയുമായി ധർമ്മജൻ ബോൾഗാട്ടി
ഒരിടയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾ ഏറ്റുവാങ്ങിയ നടനാണ് ധർമ്മജൻ ബോൾഗാട്ടി. നടൻ ബിബിൻ ജോർജിന്റെ പുതിയ റെസ്റ്റോറന്റിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ധർമ്മജന്റെ വീഡിയോ വൈറലായതോടെയായിരുന്നു ട്രോളുകൾക്ക് തുടക്കമായത്. പരിപാടിക്കിടെ ധർമ്മജൻ മദ്യപിച്ചിരുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. സംഭവത്തിൽ സംവിധായകൻ ശാന്തിവിള ദിനേശും ധർമ്മജനെ വിമർശിച്ചിരുന്നു.
എന്നാൽ ഇപ്പോഴിതാ താൻ മദ്യപാനം പൂർണ്ണമായും നിർത്തിയതായി തുറന്നുപറഞ്ഞിരിക്കുകയാണ് ധർമ്മജൻ. 24 ന്യൂസിന്റെ ‘മൈൻഡ് യുവർ വേഡ്സ്’ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിബിൻ ജോർജിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അന്ന് യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്നും ധർമ്മജൻ വിശദീകരിച്ചു. ബിബിൻ ആദ്യം വിളിച്ചപ്പോൾ സമയം വൈകാതിരിക്കാൻ ധൃതിയിൽ തയ്യാറായി എത്തിയെന്നും എന്നാൽ അപ്പോഴേക്കും ഷോപ്പിലെ കാര്യങ്ങൾ പൂർത്തിയായിട്ടില്ലെന്ന് ബിബിൻ അറിയിച്ചതിനെ തുടർന്ന് തിരികെ വീട്ടിലേക്ക് പോയെന്നും ധർമ്മജൻ പറഞ്ഞു. പിന്നീട് എല്ലാം തയ്യാറായെന്ന് ബിബിൻ വീണ്ടും വിളിച്ചറിയിച്ചതോടെ ധൃതിയിൽ ഷർട്ട് ധരിച്ച് ചടങ്ങിനെത്തുകയായിരുന്നു.
ഡ്രൈവർ പോലും ഷർട്ടിന്റെ ബട്ടണുകൾ ശരിയാണോ എന്ന് ശ്രദ്ധിച്ചിരുന്നില്ലെന്നും ധർമ്മജൻ പറഞ്ഞു. ചടങ്ങിൽ നിലവിളക്ക് കൊളുത്തുന്നതിനായി ഷൂ അഴിച്ചുമാറ്റിയ ശേഷം സമീപത്ത് സപ്പോർട്ടിനായി പിടിച്ചതാണ് പിന്നീട് സമൂഹമാധ്യമങ്ങളിൽ മറ്റൊരു രീതിയിൽ പ്രചരിച്ചതെന്നും നടൻ വ്യക്തമാക്കി.
അതേസമയം, ശാന്തിവിള ദിനേശിനെതിരെയും ധർമ്മജൻ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിച്ച് ജീവിക്കേണ്ട സാഹചര്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശാന്തിവിള ദിനേശിന്റെ കുടുംബത്തെക്കുറിച്ചും മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങളെക്കുറിച്ചും നിരന്തരം സംസാരിക്കുന്ന രീതിയെയാണ് ധർമ്മജൻ ചോദ്യം ചെയ്തത്.
“മറ്റുള്ളവരുടെ കിടപ്പറ രഹസ്യങ്ങൾ പറയേണ്ട ആവശ്യം എനിക്ക് വന്നിട്ടില്ല. ശാന്തിവിള ജീവിക്കുന്നതും ചോറ് തിന്നുന്നതും അങ്ങനെയാണ്,” എന്നായിരുന്നു ധർമ്മജന്റെ പരാമർശം.
താൻ മദ്യപിച്ചിരുന്ന കാലമുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ കുറേ നാളുകളായി മദ്യപിക്കാറില്ലെന്നും ധർമ്മജൻ വ്യക്തമാക്കി. മദ്യവിമുക്തിയുമായി ബന്ധപ്പെട്ട പരിപാടികളിലേക്കോ വീഡിയോ ആവശ്യപ്പെട്ടോ വിളിച്ചാൽ താൻ സാധാരണയായി പങ്കെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം താൻ മദ്യപിച്ചിട്ടുള്ള വ്യക്തിയായതിനാൽ ഇപ്പോൾ മദ്യപിക്കാറില്ലെന്ന് പറഞ്ഞാൽ ആളുകൾ വിശ്വസിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ധർമ്മജൻ കൂട്ടിച്ചേർത്തു.
ഉദ്ഘാടന ചടങ്ങിലെ ഏതാനും ദൃശ്യങ്ങളുടെ പേരിൽ നേരിട്ട ട്രോളുകൾക്കും വിമർശനങ്ങൾക്കും വർഷങ്ങൾക്കിപ്പുറം ധർമ്മജൻ നൽകിയ വിശദീകരണം ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്..








